കുരുക്ഷേത്ര(ഹരിയാന): ഭഗവദ്ഗീത പകര്‍ന്ന പാഠമാണ് ഭാരതത്തിന്റെ യശസ്സിനെ ലോകമെങ്ങും എത്തിക്കുന്നതിന് വഴികാട്ടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകത്തിന്റെ എല്ലാ കോണിലും ഭഗവദ് ഗീതയുടെ സന്ദേശം എത്തണം. ഓരോ ഭാരതീയന്റെയും മനസില്‍ ഗീതാ പാഠങ്ങള്‍ എത്താനുള്ള സംവിധാനമൊരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗീതാജയന്തി മഹോത്സവത്തിന്റെ ഭാഗമായുള്ള സംന്യാസി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. 2016ലാണ് ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഗീതാ മഹോത്സവം ആഘോഷിച്ചു തുടങ്ങിയത്. ആദ്യസമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ ആഗ്രഹം മുന്നോട്ടുവച്ചിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഗീതാമഹോത്സവം തുടര്‍ച്ചയായ വിജയങ്ങളിലൂടെ ആ സങ്കല്പം സഫലമാവുകയാണ്, അമിത് ഷാ പറഞ്ഞു.
നിരാശയുടെ അവസാനത്തെ കണികയും ഇല്ലാതാക്കി ആത്മവിശ്വാസത്തോടെ മുന്നേറാനാണ് ഗീത പഠിപ്പിച്ചത്. രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളികളെ സമീപിക്കുമ്പോള്‍ ശരിയേതെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ ഇതൊരു പാഠമാണ്. രാഷ്ട്രത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമായിരുന്നു. മറ്റുള്ളവര്‍ എന്ത് പറയുമെന്നതല്ല ശരിയെന്ത് എന്നതാണ് സര്‍ക്കാരിന് വഴികാട്ടുന്നത്. ആ വഴിക്ക് സഞ്ചരിക്കുന്നതിന് ആരെയും ഭയക്കേണ്ടതില്ല, തടസമായി ആരാണ് നില്‍ക്കുന്നതെന്നത് ഒരു പ്രശ്നവുമല്ല, അമിത് ഷാ പറഞ്ഞു. ഏഴിന് ആരംഭിച്ച ഗീതാജയന്തി മഹോത്സവത്തില്‍ ഇതുവരെ 35 ലക്ഷത്തോളം ആളുകള്‍ പങ്കാളികളായെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. 24നാണ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: