മുംബൈ: മഹാരാഷ്ട്രയിലെ താനെ കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്ന ഐഎസ്ഐഎസ് രഹസ്യ കേന്ദ്രത്തലവന്‍ സക്വിബ് നാചന് സൂത്രശാലിയായ കുറുക്കനായിരുന്നു. എന്‍ഐഎയുടെ തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഇയാള്‍ നിരപരാധിയായി നടിച്ച് കള്ളമൊഴികള്‍ നല്കി രക്ഷപ്പെട്ടുവരികയായിരുന്നു.
തനിക്ക് തീവ്രവാദപ്രവര്‍ത്തനമായോ അത്തരം സംഘങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്ന് സക്വിബ് നാചന് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ സക്വിബ് നാചെന് വിദേശരാജ്യത്തിരുന്ന് പ്രവര്‍ത്തിക്കുന്ന ഒരു ഐഎസ് ഐഎസ് നേതാവിനെക്കുറിച്ച് അറിയാമെന്ന കാര്യം എന്‍ഐഎയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഈ വിദേശിയായ ഐഎസ്ഐഎസ് നേതാവ് ഇന്ത്യയില്‍ സക്വിബ് നാചനുമായും മുഹമ്മദ് ഇമ്രാന് ഖാന് എന്ന മറ്റൊരു തീവ്രവാദി നേതാവുമായും ബന്ധം പുലര്‍ത്തിയിരുന്നു. മഹാരാഷ്ട്രയിലെ അല്‍ സുഫ എന്ന രഹസ്യതീവ്രവാദസംഘത്തലവനാണ് മുഹമ്മദ് ഇമ്രാന് ഖാന്. സക്വിബ് നാചനുമായും മുഹമ്മദ് ഇമ്രാന്‍ഖാനുമായും ബന്ധപ്പെടുന്ന ഈ ഐഎസ്ഐഎസ് ഭീകരനേതാവിന്റെ പേര് അബു സുലെമാന്, അബു സുല്താന് മുഹമ്മദ് ഭായി എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെടുന്നത്. സക്വിബ് നാചന് ഇയാളെ തന്റെ ജയില്‍വാസക്കാലത്തോ, 2017ല്‍ നാചന് ജയില്‍മോചിതനായ നാളുകളിലോ ആയിരിക്കാം കണ്ടുമുട്ടിയിട്ടുണ്ടായിരിക്കുക എന്നും എന്‍ഐഎ കരുതുന്നു.
ഈ ഐഎസ്ഐഎസ് നേതാവ് ഈയിടെ മുംബൈയിലേക്ക് സിറിയയില്‍ നിന്നും സക്വിബ് നാചനെ കാണാന്‍ ഒരു പ്രതിനിധിയെ അയച്ചിരുന്നു. ഇന്ത്യയില്‍ നടത്താനുദ്ദേശിക്കുന്ന സ്ഫോടനപരമ്പരകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഈ പ്രതിനിധി സക്വിബ് നാചനെ കണ്ടതെന്നും എന്‍ഐഎ കരുതുന്നു.
എന്നാല്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലുകളില്‍ ഈ ആരോപണങ്ങളെല്ലാം സക്വിബ് നാചന് നിഷേധിച്ചു. ചോദ്യം ചെയ്യലില്‍ തനിക്ക് ഒരു ബാങ്ക് അക്കൗണ്ടോ സ്വന്തമായി ഒരു മൊബൈല്‍ ഫോണോ പോലുമില്ലെന്നും സക്വിബ് നാചന് പറഞ്ഞിരുന്നു. താന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റായി തൊഴിലെടുക്കുകയാണെന്നും മാസം ചിലപ്പോള്‍ രണ്ടോ മൂന്നോ ലക്ഷങ്ങള്‍ കിട്ടുമെന്നും തന്റെ കുടുംബത്തിന് അത്യാവശ്യമായ പണമൊഴിച്ച് ബാക്കിയെല്ലാം ആളുകളെ സഹായിക്കാനും സമുദായത്തിന്റെ ഉന്നമനത്തിനുമാണ് ചെലവഴിക്കുകയെന്നും സക്വിബ് നാചെന് എന്‍ഐഎ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. തന്റെ രണ്ടാതത്തെ മകനും ഇതേ പാതയിലാണെന്നും അവന് സമ്പാദിക്കുന്നതില്‍ അധികപങ്കും പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നും സക്വിബ് നാചന് വിശദീകരിച്ചിരുന്നു.
പിന്നീട് എന്‍ഐഎയുടെ വിശദമായ രഹസ്യാന്വേഷണത്തില്‍ മനസ്സിലായത് സക്വിബ് നാചന് തര്‍ക്കഭൂമികളുടെ കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്ന ഒരു സംഘത്തിന്റെ തലവനാണെന്നാണ്. താനെയിലെ പദ്ഗ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനമെന്നും അറിഞ്ഞു. ഭൂമാഫിയയുടെ ഭാഗമായ സക്വിബ് നാചന് ഭൂമിസംബന്ധമായ ഇടപാടുകളുടെ കാര്യത്തില്‍ പലരെയും ഭീഷണിപ്പെടുത്തിയിരുന്നതായി അറിഞ്ഞു. പക്ഷെ തര്‍ക്കഭൂമികളുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പായിക്കഴിഞ്ഞാല്‍ കിട്ടുന്ന വന്‍തുകകള്‍ സക്വിബ് നാചന് നേരിട്ട് കൈപ്പറ്റാറില്ല. പകരം അത് അദ്ദേഹത്തിന്റെ അടുത്ത ആളുകളായ ഏതാനും ആളുകളുടെ അക്കൗണ്ടിലേക്കാണ് ആദ്യം പോവുക. അന്വേഷണസംഘത്തെ കളിപ്പിക്കാനായിരുന്നു ഇത്തരമൊരു സംവിധാനം നിലനിര്‍ത്തിയിരുന്നത്.
സക്വിബ് നാചന്റെ പരസ്പരവിരുദ്ധമായ മറുപടികളും വഴിതെറ്റിക്കുന്ന മൊഴികളും നിരാശപ്പെടുത്തിയപ്പോള്‍ എന്‍ഐഎ എന്തെങ്കിലും തെളിവ് കിട്ടാന്‍ ആഗ്രഹിച്ചു. അതിനായി അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തപ്പോള്‍ കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കയച്ചു. ഫോറന്‍സിക് സയന്‍സ് ലാബാണ് ഈ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചത്. ഈ ഫോറന്‍സിക് ലാബ് ടെസ്റ്റാണ് സക്വിബ് നാചന്റെ മുഴുവന്‍ നുണകളും പൊളിച്ചത്. ഇയാള്‍ വിദേശത്തുള്ള ഐഎസ്ഐഎസ് നേതാവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.
അതിലാണ് സക്വിബ് നാചന് നിരവധി ഇ-മെയിലുകള്‍ ഉണ്ടായിരുന്ന കാര്യം മനസ്സിലായത്. ഇത് ചെറുപ്പക്കാരെ ഐഎസ്ഐഎസിലേക്ക് ആകര്‍ഷിക്കാന്‍ ഉപയോഗിക്കുന്ന വീഡിയോകള്‍ വിദേശത്ത് നിന്നും സ്വീകരിക്കാനായിരുന്നു. ഈ ഇ-മെയിലുകള്‍ ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാല്‍ വീണ്ടും അയാള്‍ ഉപയോഗിക്കാറില്ലെന്നും എന്‍ഐഎ കണ്ടെത്തി. അതുകൊണ്ട് തന്നെ ഇമെയിലുകളില്‍ നിന്നും ഡേറ്റകള്‍ കണ്ടെത്തുക പ്രയാസമായിരുന്നു. വിദേശത്തേക്ക് വിളിക്കാന്‍ സക്വിബ് നാചന് ഫോണില്‍ വിപിഎന്‍ ഉപയോഗിച്ചിരുന്നു.
ഇപ്പോള്‍ എന്‍ഐഎ ഈ വിദേശ ഐഎസ്ഐഎസ് തലവനെ പിടികൂടാനുള്ള ശ്രമത്തിലാണ്. ഇയാള്‍ക്ക് മുഹമ്മദ് ഇമ്രാന് ഖാന് എന്ന മഹാരാഷ്ട്രയിലെ അല്‍ സുഫ എന്ന തീവ്രവാദസംഘടനയുടെ നേതാവ് വിദേശ ഐഎസ് ഐഎസ് ഏജന്റുമായി താന്‍ നടത്തുന്ന സ്ഫോടന പരീക്ഷണങ്ങളെക്കുറിച്ച് അപ്പപ്പോള്‍ വിവരം പങ്കുവെച്ചിരുന്നു. ഈ വിദേശ ഐഎസ് ഐഎസ് ഏജന്റിന്റെ പേര് മുഹമ്മദ് ബായി എന്നാണെന്ന് മുഹമ്മദ് ഇമ്രാന് ഖാന് പറയുന്നു. അതേ സമയം ഇയാളുടെ പേര് മുഹമ്മദ് സുലൈമാന്‍ എന്നോ മുഹമ്മദ് സല്മാന് എന്നോ ആണെന്ന് സക്വിബ് നാചന് ഈയിടെ മാത്രം എന്‍ഐഎയോട് വെളിപ്പെടുത്തി. ഈ നേതാവ് ഒരു പക്ഷെ സിമിയുമായി ബന്ധമുള്ള ഇന്ത്യക്കാരനായ നേതാവ് തന്നെയായിരിക്കാമെന്നും ഇന്ത്യയിലെ വിവിധ രഹസ്യ ഐഎസ് ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുന്ന വ്യക്തിയായിരിക്കാമെന്നും പറയുന്നു.
നാചന്റെ കയ്യില്‍ നിന്നും 7,16,800 രൂപ കണ്ടെടുത്തതാണ് എന്‍ഐഎയ്ക്ക് ശക്തമായ തെളിവായി മാറിയത്. ഈ ഫണ്ട് എവിടെയെല്ലാമാണ് ഉപയോഗപ്പെടുത്തുന്നതെന്നും എന്‍ഐഎ അന്വേഷിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: