കോട്ടയം: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാന്‍ റവന്യു വകുപ്പ് ഉത്തരവിറക്കിയതോടെ തുടര്‍നടപടികള്‍ വേഗത്തിലായേക്കും. ഏറ്റെടുക്കുന്ന സ്ഥലത്തിന് മികച്ച പുനരധിവാസ പാക്കേജ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതും പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. ഒരു വര്‍ഷത്തിനുള്ളിലാണ് ശബരിമല വിമാനത്താവളം സംബന്ധിച്ച നടപടിക്രമങ്ങള്‍ വേഗത്തിലായത്.
സ്ഥലമേറ്റെടുപ്പിന്റെ അന്തിമ വിജ്ഞാപനം ഇറക്കുന്നതിന്റെ മുന്നോടിയായി റവന്യു വകുപ്പും വിമാനത്താവള നിര്‍മാണ അധികൃതരും സംയുക്തമായി പരിശോധന നടത്തും. ഇതിനു ശേഷമാകും സ്ഥലവില നിര്‍ണയിക്കുക. സ്ഥലത്തിന്റെ പ്രാധാന്യം അനുസരിച്ച് വിവിധ കാറ്റഗറികളായി തിരിക്കും.
അഞ്ചോ ആറോ ആധാരങ്ങളുടെ ശരാശരിവിലയുടെ അടിസ്ഥാനത്തിലാണ് സ്ഥല വില കണ്ടെത്തുന്നത്. എല്‍എ ആക്ട് അനുസരിച്ച് ആധാരത്തിന്റെ ഒന്നര ഇരട്ടി വിലയാണ് കമ്പോള വിലയായി കണക്കാക്കുന്നത്. ഇതിനൊപ്പം കമ്പോള വിലയുടെ ഇരട്ടി കണക്കാക്കും. അന്തിമ വിജ്ഞാപനത്തിന് ശേഷം എത്രനാള്‍ കഴിഞ്ഞാണോ സ്ഥലം ഏറ്റെടുക്കുന്നത് ആ കാലയളവില്‍ 12 ശതമാനം പലിശയും കൂടി ലഭിക്കും. തൊഴില്‍ നഷ്ടം, കൃഷിയിടങ്ങളുടെ നഷ്ടം തുടങ്ങിയവ കണക്കാക്കി പുനരധിവാസ പാക്കേജ് തയാറാക്കും.
എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റില്‍ നിന്ന് 2405 ഏക്കറും 165 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. വിമാനത്താവള നിര്‍മാണം സംബന്ധിച്ച സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് റവന്യു വകുപ്പിന്റെ ഉത്തരവ്.
4375 ഹെക്ടര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടമകളും സര്‍ക്കാരുമായി പാലാ സബ് കോടതിയില്‍ കേസ് നിലവിലുണ്ട്. ഭൂ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സര്‍ക്കാര്‍ തന്നെ സിവില്‍ കേസ് നല്‍കിയിട്ടുളളതിനാല്‍ ബിലീവേഴ്സ് ചര്‍ച്ചിന് പണം നല്‍കില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയില്‍ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം.
വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: