കൊച്ചി: ഈ രീതിയാണു തുടരുന്നതെങ്കില്‍ 99 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെങ്കിലും പിണറായി സര്‍ക്കാര്‍ 2026 വരെ പോകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പാര്‍ട്ടി ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുകയാണ്. പോലീസിനെ നോക്കുകുത്തിയാക്കി എസ്എഫ്ഐ – ഡിവൈഎഫ്ഐ ക്രിമിനലുകള്‍ നിയമം കയ്യിലെടുക്കുന്നു.
കോഴിക്കോട് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ ഗുണ്ടകള്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞുവച്ചു. ജന്മനാ അന്ധനും അകക്കണ്ണു കൊണ്ട് 234 പുസ്തകങ്ങള്‍ രചിക്കുകയും രാജ്യം പദ്മശ്രീ നല്കി ആദരിക്കുകയും ചെയ്ത ബാലന് പൂതേരി ഉള്‍പ്പടെയുള്ളവരെയാണ് എസ്എഫ്ഐക്കാര്‍ പോലീസ് ഒത്താശയോടെ തടഞ്ഞത്. ഇത് അന്തിമ വിജയമായി എസ്എഫ്ഐ കരുതേണ്ടെന്നും കേരളാ പോലീസ് ഭരണഘടനക്കനുസരിച്ച് കര്‍ത്തവ്യം നിറവേറ്റിയില്ലെങ്കില്‍ കേന്ദ്രസേനയെ ഉപയോഗിച്ചും പിണറായി സര്‍ക്കാരിനെ പിരിച്ചുവിടേണ്ടി വന്നാല്‍ അങ്ങനെയും സര്‍വകലാശാലകളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സര്‍വകലാശാലകളില്‍ ജനാധിപത്യ സംരക്ഷണത്തിനും വിദ്യാഭ്യാസ നിലവാരമുയര്‍ത്തുന്നതിനും ഗവര്‍ണര്‍ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ബിജെപിയും കേന്ദ്ര സര്‍ക്കാരും പൂര്‍ണമായും പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: