ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോക്കറ്റടിക്കാരന്‍ എന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുലിനെതിരേ നടപടിയെടുക്കാന്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്കി. പ്രസ്താവന ശരിയല്ലെന്നു പറഞ്ഞ കോടതി എട്ടാഴ്ചയ്‌ക്കുള്ളില്‍ നിയമ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് രാഹുല്‍ പ്രധാനമന്ത്രിയെ ആക്ഷേപിച്ചത്. രാഹുലിനെതിരേ ബിജെപി തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ അധിക്ഷേപിച്ച രാഹുലിനെതിരേ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ദല്‍ഹി ഹൈക്കോടതി ഉത്തരവ്. ഇത്തരം പ്രസ്താവനകള്‍ നിയന്ത്രിക്കുന്നതിന് കര്‍ശന ചട്ടങ്ങള്‍ വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റിനു നിര്‍ദേശം നല്കാനാകില്ലെന്നും ഇത്തരം കാര്യങ്ങള്‍ തടയേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടിയെടുത്തതിനാല്‍ കോടതി ഇടപെടല്‍ എന്തിനാണ്. ഇത്തരം പ്രസ്താവനകള്‍ മോശമാണ്, ഹൈക്കോടതി പറഞ്ഞു.
സംഭവത്തില്‍ എട്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ണ എന്നിവരടങ്ങിയ ബെഞ്ച് തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടു. അതേസമയം വിഷയത്തില്‍ നവംബര്‍ 23നു തന്നെ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തെന്നും മറുപടി ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: