ന്യൂദല്‍ഹി: ഗുസ്തി ഫെഡറേഷന് (ഡബ്ല്യൂഎഫ്ഐ) പ്രസിഡന്റായി സഞ്ജയ് സിങിനെ തെരഞ്ഞെടുത്തു. ഇന്നലെ ദല്‍ഹിയിലെ ഒളിമ്പിക് ഭവനിലായിരുന്നു തെരഞ്ഞെടുപ്പ്. 47ല്‍ 40 വോട്ടും നേടിയാണ് സഞ്ജയ് സിങ് വിജയിച്ചത്. ഉത്തര്‍പ്രദേശ് റെസ്ലിങ് അസോസിയേഷന് വൈസ് പ്രസിഡന്റായ സഞ്ജയ് സിങ് കോമണ്‍വെല്‍ത്ത് മുന്‍ സ്വര്‍ണമെഡല്‍ ജേതാവ് അനിത ഷിയോറനെയാണ് പരാജയപ്പെടുത്തിയത്.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തതോടെ ഗുസ്തി ഫെഡറേഷന് രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും. ആഗസ്തിനകം തെരഞ്ഞെടുപ്പ് നടത്താതിരുന്നതിനാല്‍ രാജ്യാന്തര റെസ്ലിങ് സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്, ഡബ്ല്യൂഎഫ്ഐയെ വിലക്കിയിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാരതത്തിലെ ഗുസ്തി താരങ്ങള്‍ക്ക് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പ്രസിഡന്റിനുപുറമെ സീനിയര്‍ വൈസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി ജനറല്‍, ട്രഷറര്‍ തുടങ്ങി 15 സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ദേവേന്ദര്‍ സിങ് കാഡിയന് സീനിയര്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഐ.ഡി. നാനാ വതിയെ 15നെതിരെ 32 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ദല്‍ഹിയില്‍ നിന്നുള്ള ജയ്പ്രകാശ്, അസിത് കുമാര്‍ സാഹ (പശ്ചിമ ബംഗാള്‍), കര്‍ത്താര്‍ സിങ്(പഞ്ചാബ്), എന്‍. ഫോണി (മണിപ്പൂര്‍) എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
മുന്‍ റെയില്‍വേ സ്പോര്‍ട്സ് പ്രൊമോഷന് ബോര്‍ഡ് സെക്രട്ടറിയായിരുന്ന പ്രേംചന്ദ് ലോചബാണ് പുതിയ സെക്രട്ടറി ജനറല്‍. ദര്ശന് ലാലിനെ 19നെതിരെ 27 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍ നിന്നുള്ള സത്യപാല്‍ സിങ് ദേശ്വാളാണ് പുതിയ ട്രഷറര്‍. ജമ്മുകശ്മീരില്‍ നിന്നുള്ള ദുഷ്യന്ത് ശര്‍മ്മയെ 12നെതിരെ 34വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. തെരഞ്ഞെടുപ്പിന് എത്താതിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അഞ്ച് വോട്ടുകള്‍ ലഭിച്ചു. ഗുസ്തി താരങ്ങളുടെ പരാതിയെതുടര്‍ന്ന് കേന്ദ്രം ഇടപെട്ട് ബ്രിജ് ഭൂഷണ് സിങിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മരവിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: