ജനക്പൂര്‍(നേപ്പാള്‍): ഭഗവാന് ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയ്ക്കായി അയോധ്യയൊരുങ്ങുമ്പോള്‍ ദേവി സീതയുടെ ജന്മസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന നേപ്പാളിലെ ജനക്പൂരിലും ആഘോഷം പൊടിപൊടിക്കുകയാണ്. ധാന്യങ്ങളില്‍ സീതാരാമന്മാരുടെ പടുകൂറ്റന്‍ ചിത്രം സൃഷ്ടിച്ചാണ് ജനകപുരിയിലെ കലാപ്രതിഭകള്‍ പ്രാണപ്രതിഷ്ഠയ്ക്കൊരുക്കങ്ങള് ഉത്സവമാക്കിയത്.
പതിനോരായിരം ചതുരശ്ര അടിയിലാണ് ത്രേതായുഗത്തില്‍ നടന്ന രാമസീതാ വിവാഹത്തെ അവര്‍ കാന്‍വാസില്‍ പകര്‍ത്തിയത്. ജനകപുരിയിലെ രംഗഭൂമി മൈതാനത്ത് പത്ത് ചിത്രകാരന്മാര് ഒത്തുചേര്‍ന്നായിരുന്നു കലായജ്ഞം. പതിനൊന്നിനങ്ങളില്പെട്ട 101 ക്വിന്റല്‍ ധാന്യങ്ങളാണ് ഛായാചിത്രത്തിനായി ഉപയോഗിച്ചത്. 120 അടി നീളവും 91.5 അടി വീതിയും ഉള്ള ചിത്രനിര്‍മ്മാണത്തില്‍ പങ്കെടുത്ത പത്ത് പേരില്‍ എട്ടുപേരും ഭാരതീയരാണ്. രണ്ട് പേര് നേപ്പാളികളും. പതിനോരായിരം ചതുരശ്ര അടിയില്‍ തീര്‍ത്ത ചിത്രം ധാന്യങ്ങളില്‍ തീര്‍ത്ത കലാരൂപങ്ങളില്‍ ലോക റിക്കാര്‍ഡാണ്.
സീതാദേവിയുടെ വിവാഹദിനം എന്ന് വിശ്വസിക്കുന്ന വിഭാ പഞ്ചമി ദിനത്തിലാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് കലാസംഘത്തിന് നേതൃത്വം നല്കിയ സതീഷ് ഗുജാര്‍ എഎന്‍ഐയോട് പറഞ്ഞു. ധാന്യങ്ങളുപയോഗിച്ചുതന്നെ 10,800 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചിത്രം കഴിഞ്ഞ വര്‍ഷം അയോധ്യയില്‍ ഗുജാര്‍ സൃഷ്ടിച്ചിരുന്നു.
നേപ്പാളും ഭാരതവും പിന്തുടരുന്ന സംസ്കൃതിയുടെ മഹത്വമാണ് ചിത്രത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് നേപ്പാളില്‍ ഭാരത കോണ്‍സല്‍ ജനറല്‍ ദേവി സഹായ് മീണ പറഞ്ഞു. ജനക്പൂര്‍ ധാമിലെ ജാനകി ക്ഷേത്രത്തില്‍ ഏഴു ദിവസം നടക്കുന്ന വിഭാപഞ്ചമി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ഇരുരാജ്യങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തില്‍ വിപുലമായ ശോഭായാത്രയോടെയാണ് ഇക്കുറി സീതാരാമന്മാരുടെ വിവാഹ വാര്‍ഷികാഘോഷം ജനകപുരിയില്‍ കൊണ്ടാടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: