രാമചന്ദ്രന്‍ മുല്ലശ്ശേരി
ജനറല്‍ സെക്രട്ടറി, സാംബവ മഹാസഭ
വണ്ടിപ്പെരിയാര്‍ എംഎംജെ ലയത്തില്‍ ആറു വയസുളള കുരുന്നിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയ നരാധമന്‍ കുറ്റക്കാരനെന്നു ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ വെറുതെവിട്ട കട്ടപ്പന അതിവേഗ കോടതി വിധിയെ മനുഷ്യ ഹൃദയമുളള ആര്‍ക്കും ഉള്‍ക്കൊള്ളാനാകില്ല. നീതി-നിയമ സംരക്ഷണ സംവിധാനങ്ങള്‍ പൗരനു നല്‍കുന്നത് അരക്ഷിതത്വമാണോ എന്ന ആശങ്ക അസ്ഥാനത്തല്ലാതാകുന്നു. ഡിസംബര്‍ 14ന് പുറപ്പെടുവിച്ച വിധിന്യായം കേട്ട് നീതിദേവത തന്റെ കണ്ണും കാതും വായയും അമര്‍ത്തിയടച്ച് കണ്ണീര്‍ തൂകീട്ടുണ്ടാകും. മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിച്ച ആ ദാരുണ സംഭവം നടന്ന് 29 മാസവും 13 ദിവസവും കഴിയുന്ന ദിവസമാണ് വിധി പ്രസ്താവം നടന്നത്.
സമാനരീതിയില്‍ ആലുവയില്‍ അന്യ സംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസ്സുകാരിയെ അരുംകൊല ചെയ്ത നരാധമന് കൃത്യം നടന്നതിന്റെ 109-ാം നാള്‍ എറണാകുളം പോക്‌സോ കോടതി പരമാവധി ശിക്ഷ എന്ന നിലയില്‍ മരണം വരെ തൂക്കു കയര്‍ വിധിച്ചു മാതൃക കാട്ടി. അവിടെ പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും നിഷ്പക്ഷവും കാര്യക്ഷമവുമായ ഏകോപനത്തിലൂടെ ചുമതല നിര്‍വ്വഹിച്ചപ്പോള്‍ വണ്ടിപ്പെരിയാറില്‍ സംഭവിച്ചതിന്റെ ഉത്തരവാദികള്‍ അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണച്ചുമതലയുള്ളവരും പ്രോസിക്യൂഷനുമാണ്. പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാര്‍ ഇരകളും പരാതി കക്ഷികളുമായി കേസുകളുണ്ടാകുമ്പോള്‍ പൊലീസ് സേനയില്‍ ചിലര്‍ക്കുണ്ടാകുന്ന മനം മാറ്റവും നിസ്സംഗതയും ഉദാസീനതയും കാര്യക്ഷമതയില്ലായ്മയും അട്ടപ്പാടി മധുവിന്റെ കേസ്സിലും വാളയാര്‍ പെണ്‍കുരുന്നുകളുടെ കേസിലും ഉണ്ടായി. മഹാത്മ അയ്യങ്കാളിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെടെ പിന്നെയും ആവര്‍ത്തിക്കപ്പെടുകയാണ്. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ അനുഛേദം 14ല്‍ ഉറപ്പു നല്‍കുന്ന തുല്യനീതിയുടെ നിര്‍ഭയമായ ലംഘനമാണ്.
വണ്ടിപ്പെരിയാറിലെ പെണ്‍കുരുന്ന് പട്ടികജാതിയില്‍പ്പെട്ടതാണ്. എന്നിട്ടും പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം കേസില്‍ ഉള്‍പ്പെടുത്തിയില്ല. തന്മൂലം ഈ നിയമമനുസരിച്ച് ഇരയാക്കപ്പെടുന്നവര്‍ക്കുള്ള സാമ്പത്തികാശ്വാസം 8.50 ലക്ഷം രൂപയും നഷ്ടപ്പെട്ടു. പ്രതി കുറ്റം ചെയ്തതായി സംശയാതീതമായും ശാസ്ത്രീയമായും തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി എടുത്തു പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത് സംഭവം നടന്നതിന്റെ പിറ്റേന്ന്. കേസ് തെളിയിക്കാന്‍ രക്തം അടക്കമുള്ള സാമ്പിളുകള്‍ ശേഖരിച്ചില്ല. അത്തരം കാര്യങ്ങള്‍ അന്വേഷണരേഖകളില്‍ ചേര്‍ക്കുകയുമുണ്ടായില്ല. ഇത്തരം കൊലപാതകങ്ങളില്‍ സുപ്രധാനമാകേണ്ട വിരലടയാള വിദഗ്ധന്റെ പരിശോധനയും നടന്നില്ല. ഇതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് വിരലടയാളം ലഭിക്കാനുള്ള സാദ്ധ്യതയില്ലെന്നാണ് ഉദ്യാഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചത്. സാങ്കേതികവിദ്യ അപൂര്‍വ്വ വളര്‍ച്ച കൈവരിച്ചിട്ടും വണ്ടിപ്പെരിയാര്‍ സംഭവത്തിലെ ഉദ്യോഗസ്ഥര്‍ അവയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താതെയുള്ള അന്വേഷണ പ്രഹസനമാണ് നടത്തിയത്. തന്മൂലം ആലുവയില്‍ ദൃശ്യമായ നീതിയുടെ പ്രകാശം കട്ടപ്പനയില്‍ അണഞ്ഞു പോയതില്‍ അത്ഭുതപ്പെടാനില്ല.
തെളിവുകള്‍ ഒട്ടനവധി കണ്ടുപിടിക്കപ്പെട്ടു. പ്രതിയുടെ വസ്ത്രത്തിന്റെയും അടിവസ്ത്രത്തിന്റെയും നാരുകള്‍, പ്രതിയുടെ രോമങ്ങള്‍, മനുഷ്യ ബീജത്തിന്റെ അംശം എന്നിവ ഡി.എന്‍.എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധകള്‍ നടത്തി പ്രതിയെ സംശയാതീതമായി ഉറപ്പിച്ചില്ല. പ്രതിയുടെ ഹിഡന്‍ ഫോള്‍ഡറില്‍ നിന്നും കണ്ടെടുത്ത പ്രകൃതി വിരുദ്ധ അശ്ലീല ചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ട് മുമ്പും കുട്ടി പീഡനങ്ങള്‍ക്കിരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പ്രതി ദയ അര്‍ഹിക്കാത്ത കുറ്റവാളിയാണെന്ന് കോടതിയില്‍ ബോദ്ധ്യപ്പെടുത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയാതിരുന്ന പൊലീസ്, പ്രോസിക്യൂഷന്‍ എന്നിവര്‍ മാപ്പര്‍ഹിക്കാത്ത കുറ്റവാളികളാണ്.
ഒരു സീരിയല്‍ താരം എറണാകുളത്ത് ഷോപ്പിംഗ് നടത്തവേ സാമൂഹ്യ വിരുദ്ധന്റെ സ്പര്‍ശം ഏല്‍ക്കാനിടയായത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍ ആ രാത്രി തന്നെ ആ താരത്തിന്റെ താമസസ്ഥലത്തെത്തി പരാതി എഴുതിവാങ്ങി നേരം വെളുക്കും മുമ്പ് പ്രതിയെ കസ്റ്റഡിയിലെടുത്ത് മാതൃക കാട്ടിയ പൊലീസിനെ, ആലുവയില്‍ പ്രതിക്ക് പരമാവധി ശിക്ഷവാങ്ങിക്കൊടുത്ത് ആദരവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ കേരള പൊലീസിനെ നിഷ്പക്ഷമായി നീതിനിര്‍വ്വഹണം നടത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ വണ്ടിപ്പെരിയാറിലും ആലുവ ആവര്‍ത്തിച്ചേനെ. ‘അഞ്ചു വയസ്സുള്ള കുഞ്ഞിനോട് പ്രതി ചെയ്തതത് മനുഷ്യമനഃസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരതയായതിനാല്‍ പരമാവധി ശിക്ഷനില്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൃത്യനിര്‍വ്വഹണത്തില്‍ കോടതി പരാജയപ്പെട്ടതായി കരുതും. ഇനിയുള്ള കാലം മുഴുവന്‍ പ്രതി തടവറയില്‍ത്തന്നെ കഴിയണം.’ ആലുവ കോടതി യുടെ ഈ പരാമര്‍ശം കട്ടപ്പന കോടതിയിലും ഉണ്ടാകേണ്ടതായിരുന്നു. അവിടെ പ്രതി 25 കാരനും ഇര അഞ്ചു വയസുകാരിയും. ഇവിടെ പ്രതി 24 കാരനും ഇര ആറ് വയസ്സുകാരിയും.
പൊലീസ് സേനയുടെ വീര്യം കെടുത്തുന്ന, കൃത്യനിര്‍വഹണത്തില്‍ തടസ്സമുണ്ടാകുന്ന ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നല്ല നവകേരള മോഡല്‍ അല്ല. വിഷയം പരിശോധിക്കുമെന്നും തുടര്‍ നടപടികള്‍ എന്ന നിലയില്‍ അപ്പീല്‍ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞത് വെറും വാക്കാകില്ലെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ആദ്യപടിയായി കേസ് പരാജയപ്പെടുത്തി പ്രതി രക്ഷപ്പെടാന്‍ അവസരമൊരുക്കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: