ജനവികാരം പ്രതിഫലിപ്പിക്കാനുള്ള ജനാധിപത്യത്തിലെ പവിത്രസ്ഥാനമാണ് പാര്‍ലമെന്റ്. അതിനുവേണ്ടി ശബ്ദിക്കാനും ചോദ്യമുയര്‍ത്താനുമുള്ള അധികാരവും അവകാശവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുണ്ട്. അത് വിട്ടുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ പ്രവര്‍ത്തനവും പെരുമാറ്റവും തികച്ചും അശ്ലീലമാണെന്ന് പറയേണ്ടിവരും. അത്തരം പെരുമാറ്റം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ 141 അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായത്. ഡിസംബര്‍ 13നുണ്ടായ ലോക്സഭയിലെ അതിക്രമങ്ങളാണ് പ്രതിപക്ഷ പ്രകോപനത്തിന് വഴിവച്ചത്. ലോക്സഭയിലുണ്ടായ അതിക്രമങ്ങള്‍ക്കുത്തരവാദികളെല്ലാം പിടിയിലാണ്. അതിന്റെ പിന്നിലാരൊക്കെ, എന്തൊക്കെ എന്നറിയാന്‍ കുറ്റമൊഴിഞ്ഞ അന്വേഷണത്തിലുമാണ്. അതിന്റെ റിപ്പോര്‍ട്ടുവരുന്നതിനുമുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം അപക്വവും അനാവശ്യവുമാണ്.
ലോക്സഭയുടെ കസ്റ്റോഡിയന്‍ സ്പീക്കറാണ്. സ്പീക്കര്‍ തുടക്കത്തില്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയില്‍ കടന്നുകയറിയുള്ള അതിക്രമത്തെക്കുറിച്ച് മറ്റാരും സംസാരിക്കേണ്ടതില്ലെന്ന സ്പീക്കറുടെ റൂളിംഗ് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നതിന്റെ തെളിവാണ് ഗോഷ്ടികളെല്ലാം വ്യക്തമാക്കുന്നത്. ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് പലതവണ നിര്‍ത്തിവച്ചു. നടപടികളുമായി സഹകരിക്കണമെന്ന സ്പീക്കറുടെ അഭ്യര്‍ഥന നിഷ്കരുണം ലംഘിച്ചു. നാളെക്കൂടിയേ സഭ ചേരുന്നുള്ളൂ. അതിനുമുന്‍പ് തീര്‍ക്കേണ്ട നിരവധി നിശ്ചയിച്ച നടപടിക്രമങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ബഹളത്തെ തുടര്‍ന്ന് തുടക്കത്തില്‍ 14 പേരെ സസ്പെന്‍ഡ് ചെയ്തു. ഇതുകൊണ്ടും അടങ്ങാത്ത പ്രതിപക്ഷ സമരം കടുത്തപ്പോഴാണ് കൂടുതല്‍ അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യേണ്ടിവന്നത്.
പാര്‍ലമെന്റിലെ ശബ്ദവും സമരവും സസ്പെന്‍ഷനും നടാടെയുള്ള സംഭവമെന്ന നിലയില്‍ ചിലര്‍ പ്രതികരിക്കുന്നുണ്ട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 94 അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത കാര്യം അവര്‍ വിസ്മരിക്കുകയായിരുന്നു. അന്നത്തെ പ്രതിപക്ഷ ബഹളം ജനഹിതം പ്രകടിപ്പിക്കാനായിരുന്നു. കൊടിയ അഴിമതിക്കും അഹന്ത നിറഞ്ഞ പെരുമാറ്റങ്ങള്‍ക്കുമെതിരെയായിരുന്നു സമരം. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ പ്രകടമായി. തുടര്‍ന്നാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന ജനവിധിയുണ്ടായത്. എന്നാല്‍ ഇന്നോ, ജനഹിതം അറിഞ്ഞുള്ള പ്രതികരണമല്ല. ജനങ്ങള്‍ക്ക് സംശയമേതുമില്ലാത്ത ഒരു വിഷയത്തില്‍ ആഭ്യന്തരമന്ത്രിയുടേയും പ്രധാനമന്ത്രിയുടെയും ശബ്ദം കേള്‍ക്കാനുള്ള വാശിയിലാണ് പ്രതിപക്ഷം പ്ലക്കാര്‍ഡുമേന്തി സ്പീക്കറുടെ കസേര ലക്ഷ്യമാക്കി നീങ്ങിയത്. പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡുമായി സമരം പാടില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇവിടെ പ്ലക്കാര്‍ഡുമേന്തി പ്രകടനം മാത്രമല്ല, അസഭ്യമുദ്രാവാക്യവുമുയര്‍ന്നു.
ജനാധിപത്യത്തെ അംഗീകരിക്കാനോ സ്പീക്കറെയോ രാജ്യസഭാധ്യക്ഷനെയോ അനുസരിക്കാതെയുമുള്ള നടപടി ഒരു രീതിക്കും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ഹ്രസ്വസമയത്തേക്ക് ചേര്‍ന്ന സഭയുടെ ശൈത്യകാല സമ്മേളനം അലങ്കോലപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. ഭരണഘടനയുടെ പ്രഖ്യാപിത നയങ്ങളേയും നിലപാടുകളെയും ലംഘിക്കാനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും അംഗീകരിച്ചുകൂട. പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത മുഴുവന്‍ അംഗങ്ങള്‍ക്കുമുണ്ട്. ദേശീയകാഴ്ചപ്പാടോടെ പ്രശ്നങ്ങളെ കാണാനോ അതനുസരിച്ച് പെരുമാറാനോ പരിണിത പ്രജ്ഞരെന്ന് കരുതുന്നവര്‍ക്കുതന്നെ ആകുന്നില്ല.
ജനാധിപത്യത്തെക്കുറിച്ച് വാചാലരാകുന്ന പ്രതിപക്ഷമാണ് ജനഹിതത്തെയും ജനവികാരത്തെയും അവഹേളിക്കുന്ന നിലപാടെടുത്തത്. ഭരണഘടനയുടെ മൂല്യങ്ങള്‍ ഒരു സാമൂഹിക തത്വചിന്തയായി കാണാനവര്‍ക്ക് കഴിയുന്നില്ല. അടിയന്തിരാവസ്ഥയിലെ നടപടിക്രമങ്ങളാണ് കോണ്‍ഗ്രസിനെ ഇപ്പോഴും നയിക്കുന്നതെന്ന് തോന്നും. ഭരണഘടനയാണെന്റെ മതമെന്ന് പ്രഖ്യാപിച്ച് പടവുകളെ നമസ്കരിച്ച് പാര്‍ലമെന്റിലേക്ക് കടന്ന പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏതെങ്കിലും മനുഷ്യസൃഷ്ടിയെ അനശ്വരമെന്ന് വിളിക്കണമെങ്കില്‍ അത് ഭാരതഭരണഘടനയെയാണ്. ഭരണഘടനയെ രാജ്യത്തിന്റെ വിശുദ്ധഗ്രന്ഥമായും വഴികാട്ടിയായും കണക്കാക്കി വികസനം ഉറപ്പാക്കുന്ന പ്രക്രിയയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അതിന് തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളെ ന്യായീകരിക്കാനാണ് പ്രതിപക്ഷ ശ്രമം. തൊഴിലില്ലായ്മയും കര്‍ഷക പ്രശ്നങ്ങളുമാണ് അതിക്രമത്തിലേക്കെത്തിച്ചതെന്ന രാഹുലിന്റെ പ്രസ്താവന അതിന് ഉദാഹരണമാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ ക്ഷണിച്ചുവരുത്തിയ നടപടിയിലൂടെ അവര്‍ക്ക് ഒരു നേട്ടവും വരുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയാത്തതാണ് കഷ്ടം. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ല, ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഓര്‍ത്താല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: