കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ എന്ന സിനിമ തന്റെ തിരക്കഥ മോഷ്ടിച്ചു തയാറാക്കിയതാണെന്നാരോപിച്ച് തൃശ്ശൂര്‍ അരിമ്പൂര്‍ സ്വദേശി ദീപു കെ. ഉണ്ണി നല്കിയ ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. സിനിമയുടെ റിലീസിങ് തടയണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം ജസ്റ്റിസ് ദേവന് രാമചന്ദ്രന് അനുവദിച്ചില്ല. ഹര്‍ജി ഇന്നു രാവിലെ വീണ്ടും പരിഗണിക്കും. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയാണ് തിരക്കഥ തന്റെയാണെന്ന ആരോപണം ഉന്നയിച്ച് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
ജിത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്ത് അഡ്വ. ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ സ്ക്രിപ്റ്റ് തട്ടിയെടുത്തെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. മൂന്നു വര്‍ഷം മുമ്പ് ഒരു കഥ ഇരുവരുമായി ചര്‍ച്ച ചെയ്തിരുന്നു. താന്‍ തയ്യാറാക്കിയ 49 പേജുള്ള തിരക്കഥ ജിത്തുവിനെ നേരില്‍ കണ്ട് നല്‍കിയെന്നും പിന്നീട് ജിത്തു ജോസഫ്, അഡ്വ. ശാന്തി മായാദേവി എന്നിവരുമായി കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും ഹര്ജിക്കാരന് ആരോപിക്കുന്നു. ഈ കഥയാണ് ‘നേര്’ എന്ന സിനിമയാക്കി മാറ്റിയതെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നോട്ടീസ് നല്‍കാനും ജിത്തു ജോസഫ്, മോഹന്‍ലാല്‍ തുടങ്ങിയ മറ്റ് എതിര് കക്ഷികള്‍ക്ക് പ്രത്യേക ദൂതന് മുഖേന നോട്ടീസ് നല്‍കാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: