ന്യൂദല്‍ഹി: ലോക്സഭയില്‍ പാസാക്കിയ പുതിയ ബില്ലുകള്‍ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്നു മുതല്‍ 14 ദിവസം വരെയേ എടുക്കാവൂ. മൂന്ന് ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ പരമാവധി 14 ദിവസത്തിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ടെന്ന് ചര്‍ച്ചയ്‌ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളില്‍ മൂന്ന് ദിവസത്തിനകം എഫ്ഐആര്‍ ഫയല്‍ ചെയ്യണം. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷയ്‌ക്ക് വ്യവസ്ഥയുണ്ട്, അമിത് ഷാ പറഞ്ഞു.
കേസില്‍പ്പെട്ട, രാജ്യത്തിനു പുറത്തുള്ളവര്‍ 90 ദിവസത്തിനകം കോടതിക്കു മുമ്പാകെ ഹാജരായില്ലെങ്കില്‍ അവരുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്ന ട്രയല്‍ ഇന്‍ ആബ്സന്‍സ് വ്യവസ്ഥ പുതിയ നിയമ പ്രകാരമുണ്ടാകും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പ്രതിക്ക് ഏഴു ദിവസം ലഭിക്കും. ഏഴു ദിവസത്തിനുള്ളില്‍ ജഡ്ജി വാദം കേള്‍ക്കണം. 120 ദിവസത്തിനുള്ളില്‍ കേസ് വിചാരണയ്‌ക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളില്‍ ഒരാള്‍ കുറ്റം സമ്മതിച്ചാല്‍ ശിക്ഷയില്‍ കുറവു വരും. 30 ദിവസത്തിനകം എല്ലാ രേഖകളും ഹാജരാക്കണം. അതില്‍ താമസം വരുത്തരുത്.
ഈ നിയമങ്ങള്‍ പോലീസിന്റെ ഉത്തരവാദിത്തം ശക്തിപ്പെടുത്തും. അറസ്റ്റിലായ വ്യക്തികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം, ഈ രേഖകള്‍ പരിപാലിക്കുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. മനുഷ്യക്കടത്ത് നിയമങ്ങള്‍ ലിംഗഭേദമില്ലാത്തതാക്കി. 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ പുതിയ നിയമങ്ങള്‍ക്ക് കീഴില്‍ പോക്സോ തത്തുല്യമായ വകുപ്പുകള്‍ സ്വയമേവ കൊണ്ടുവരും. പുതിയ നിയമങ്ങളില്‍ തീവ്രവാദത്തിന്റെ നിര്‍വചനം ഉള്‍പ്പെടുത്തും. ഇതുവരെ ഒരു നിയമത്തിലും തീവ്രവാദത്തിന് നിര്‍വചനം ഉണ്ടായിരുന്നില്ല, ഇതാദ്യമായാണ് മോദി സര്‍ക്കാര്‍ തീവ്രവാദത്തെക്കുറിച്ച് വിശദീകരിക്കാന്‍ പോകുന്നത്. അതിനാല്‍ അതിന്റെ അഭാവം ആര്‍ക്കും മുതലെടുക്കാന്‍ കഴിയില്ല, അമിത് ഷാ തുടര്‍ന്നു.
അപകട മരണവും അശ്രദ്ധ മൂലമുള്ള മരണവും പുനര്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. വാഹനാപകടത്തില്‍ പരിക്കേറ്റയാളെ അതേ ഡ്രൈവര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണെങ്കില്‍, അവര്‍ക്ക് ചെറിയ ശിക്ഷയാണ് ലഭിക്കുക. എന്നാല്‍ ഹിറ്റ് ആന്‍ഡ് റണ്‍ കേസിന് വലിയ ശിക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: