ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ നേരിയ ശമനം ഉണ്ടായെങ്കിലും ജനജീവിതം ദുരിതത്തില്‍. അവശ്യസാധനങ്ങളും ഗതാഗതവും വൈദ്യുതിയും മുടങ്ങിയതോടെ സാധരണക്കാര്‍ക്ക് ദുരിതം ഇരട്ടിച്ചു. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളുടെ വിവിധ ഭാഗങ്ങളെയാണ് വെള്ളപ്പൊക്കം കാര്യമായി ബാധിച്ചത്. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 10 ആയി.
തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം. കര-നാവിക-വ്യോമസേന, ദേശീയ ദുരന്ത നിവാരണ സേന, എസ്ഡിആര്‍എഫ് എന്നിവയുള്‍പ്പെടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഒമ്പത് ഹെലികോപ്റ്ററുകളും 323 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നാല് ജില്ലകളില്‍ 160 ദുരിതാശ്വാസ ക്യാമ്പുകളിലായി 16,680 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
തൂത്തുക്കുടി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനസ്ഥാപിച്ചു. തിരുനെല്‍വേലിയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് പുനഃസ്ഥാപിച്ചു. ആകെ 19 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. തമിഴ്നാട് നേരിട്ട മിഗ്ജോം ചുഴലിക്കാറ്റും പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അടിയന്തര സഹായം പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രിയോട് സ്റ്റാലിന് ആവശ്യപ്പെട്ടു.
ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 12000 കോടി രൂപ അനുവദിക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം. ഇതില്‍ 7300 കോടി രൂപ അടിയന്തരമായി നല്‍കണം. ദുരിതബാധിതര്‍ക്ക് 6000 രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു വിതരണം ചെയ്തു വരികയാണ്. കേന്ദ്രത്തില്‍നിന്ന് ഫണ്ട് അനുവദിച്ചാല്‍ മാത്രമേ ധനസഹായമടക്കമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാകൂ, സ്റ്റാലിന് പറഞ്ഞു.
കേന്ദ്രം സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഓഫീസ് ഉറപ്പ് നല്കി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടിന് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ഓഫീസ് എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: