കൊടകര: വ്രതശുദ്ധിയുടെ മണ്ഡലക്കാലത്ത് ശാസ്താംപാട്ടിന്റെ ഈണവും താളവും വിദ്യാധരസംഗീതത്തില് ശ്രവിച്ചത് അഞ്ചുലക്ഷത്തിലധികം ആസ്വാദകര്‍. കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന്റെ ഭക്തിപ്രധാനമായ വരികള്‍ക്ക് വിദ്യാധരന്റെ ശുദ്ധസംഗീതത്തില് ഈണമിട്ടപ്പോള്‍ മുമ്പില്ലാത്തവിധം ആകര്‍ഷണീയവും അനുപമവുമായി മാറി ഈ അയ്യപ്പന്‍വിളക്ക് പാട്ട്.
ഭൂതനാഥന്‍ എന്ന പേരിലുള്ള ഈ ഭക്തിഗാനത്തില്‍ ഉടുക്കുകൊട്ടിപാടുന്ന ശാസ്താംപാട്ടുസംഘത്തിലെ പൊന്നാനിപ്പാട്ടുകാരനായി വേഷമിട്ടിരിക്കുന്നതും മലയാളിയുടെ ഇഷ്ടസംഗീതസംവിധായകനായ വിദ്യാധരനാണ്. ‘ഭൂതനാഥ മമനാവില്‍ നീ മധുരഗീതമായ് കുടികൊള്ളണേ, താളമേളലയ താലമേകി ശ്രുതിരാഗഭാവസുഖമേക ണേ’ എന്ന പ്രാര്‍ഥനയോടെയാണ് പാട്ട് ആരംഭിക്കുന്നത്. ഗാനരചയിതാവ് മലയാളത്തനിമയില്‍ രചിച്ച വരികള്‍ക്ക് വിദ്യാധരന് ഉടുക്കുപാട്ടിന്റെ ഈണം നല്‍കുകയായിരുന്നു. പാട്ടിന്റെ ആശയവും ആവിഷ്കാരവും നിര്‍വഹിച്ചിരിക്കുന്നത് രാപ്പാള്‍ സുകുമാരമേനോന്റെ മകനും സംഗീതസംവിധായകനും ഗായകനുമായ ഹരികൃഷ്ണയാണ്. ആമ്പല്ലൂര്‍ കുണ്ടുക്കാവിലെ ദേശവിളക്കിനോടനുബന്ധിച്ചായിരുന്നു ചിത്രീകരണം നടത്തിയത്. ഒട്ടനവധി ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഭൂതനാഥന്‍ എന്ന സംഗീത ആല്ബംപോലൊന്ന് തന്റെ സംഗീതജീവിതത്തില്‍ ആദ്യമാണെന്ന് വിദ്യാധരന് പറയുന്നു.
അമ്പലംപൂട്ടി വിളക്കും ശാസ്താംപാട്ടും തുള്ളലും പാട്ടിലേക്കാവാഹിക്കുകയായിരുന്നു. ഭക്തിയും കാല്‍പ്പനികതയും ഇഴചേര്‍ന്ന സംഗീതശില്പ്പമാണിത്. ഇതിലെ സ്ഥായിയായ ഭാവം ഭക്തിയാണ്. ശബരിമലയാത്രയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം ഇതില്‍ നിഴലിക്കുന്നു. അയ്യപ്പനെന്ന ബിംബത്തെ ശ്രുതിശുദ്ധമായ സംഗീതത്തിലൂടെ പാട്ടിലേക്ക് പകര്‍ത്തിയ വ്യത്യസ്തമായ ഗാനമാണിതെന്നും നൂറുകണക്കിനുപേര്‍ ഇതിന്റെ പേരില്‍ അഭിനന്ദനങ്ങളുമായെത്തുന്നുവെന്നും വിദ്യാധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: