ബീജിങ്: ചൈനയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണം 131 ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി വടക്കു പടിഞ്ഞാറന്‍ ഖന്‍സു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ എഴുന്നൂറിലേറെ പേര്‍ക്കു പരിക്കേറ്റു. ഗാന്‍സു പ്രവിശ്യയില്‍ അയ്യായിരത്തിലധികം കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 13 വര്‍ഷത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്.
ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍ഷൗവില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പ്രാരംഭ ചലനത്തെ തുടര്‍ന്ന് നിരവധി ചെറിയ തുടര്‍ ചലനങ്ങളുണ്ടായി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്കി.
ആളപായം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്ത് അനുഭവപെടുന്ന കനത്ത ശൈത്യമാണ് ഇതിനു കാരണം. ക്വിന്‍ഗായ് പ്രവിശ്യയിലും തുടര്‍ ചലനമുണ്ടായി. ചില ഗ്രാമങ്ങളില്‍ വൈദ്യുതിയും ജല വിതരണവും തടസ്സപ്പെട്ടു.
ഭൂകമ്പത്തില്‍ വീടുകള്‍ക്കും റോഡുകള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ വ്യക്തമാക്കി. ജല, വൈദ്യുത ലൈനുകള്‍ക്കും ഗതാഗത, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കും തകരാറുണ്ടായി. കഴിഞ്ഞ ആഗസ്തില്‍ കിഴക്കന്‍ ചൈനയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 23 പേര്‍ക്കു പരിക്കേറ്റിരുന്നു. നിരവധി കെട്ടിടങ്ങള്‍ തകരുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: