ചിലരങ്ങനെയാണ്, ജീവിച്ചിരിക്കെ തന്നെക്കുറിച്ച് പറഞ്ഞു നടക്കില്ല. മറ്റാരെങ്കിലും പറയാന്‍ ശ്രമിച്ചാല്‍ സമ്മതം നല്കുകയുമില്ല. അദ്ദേഹത്തിന് വയസ്സ് 88 ആയിരിക്കെയാണ് ദേവ് കേരളീയന് എന്നറിയപ്പെട്ടിരുന്ന, പണ്ഡിറ്റ് നാരായണ്‍ ദേവിനെ കണ്ടത്. അന്ന് സ്വജീവിതത്തെക്കുറിച്ച് ഏറെ പറഞ്ഞു; ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, അതും ഒന്നും പ്രസിദ്ധം ചെയ്യരുതെന്ന വ്യവസ്ഥയോടെ.
ഗാന്ധിജിയില്‍ ആകൃഷ്ടനായി, ഗാന്ധിയനായി ജീവിച്ച് അന്തരിച്ച, പരിചയമുള്ളവര്‍ക്ക് പ്രിയംകരനായിരുന്ന ദേവ്സാര്‍ അങ്ങനെയായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് 114 വയസ്സ്. പക്ഷേ, 1998 ഡിസംബര്‍ 20ന് അന്തരിച്ചു, 89-ാം വയസ്സില്‍. ഇന്ന് വിയോഗത്തിന്റെ കാല് നൂറ്റാണ്ട് തികയുന്ന ദിവസമാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ‘ദേവ് കേരളീയ്’ വിവര്‍ത്തന പുരസ്കാര സമര്‍പ്പണം ഇന്ന് കോട്ടയത്ത് നടക്കുകയാണ്. എംടിഎച്ച്എസ്എസ്സില്‍, വൈകിട്ട് 3.30 ന്.
ആരായിരുന്നു ദേവ് കേരളീയന്? സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. ഹിന്ദി പ്രചാരകന്, സാഹിത്യകാരന്, അദ്ധ്യാപകന്, വിവര്ത്തകന്, നിഘണ്ടു നിര്‍മ്മാതാവ്, സര്‍വോപരി തികഞ്ഞ ഗാന്ധിയന്‍. 1909 നവംബര്‍ 16-ന് കോട്ടയം ജില്ലയിലുള്ള കുടമാളൂര്‍ ഗ്രാമത്തില്‍ ജനിച്ചു. 70വര്‍ഷത്തിലേറെ വിഭിന്നതരത്തില്‍ ഹിന്ദിപ്രചാരണം നടത്തി. ജീവിതം മുഴുവന്‍ ഹിന്ദി ഭാഷയ്ക്കായി ഉഴിഞ്ഞുവെച്ചു. വയസ്സ് 19 ആയപ്പോള്‍ ഗാന്ധിജിയെ കാണാന്‍ ഉത്തരേന്ത്യയിലേക്ക് വെച്ചുപിടിച്ച സാഹസികനായിരുന്നു ദേവ്. ഗാന്ധിജിയെ കാണാന്‍ ഖദര്‍ ധരിക്കണമെന്ന് മനസ്സിലാക്കി, സ്വന്തം കാതിലെ കടുക്കന്‍ അന്നത്തെ 12 രൂപയ്ക്ക് വിറ്റ്, കോട്ടയം തിരുനക്കരയില്‍നിന്ന് ഖദര്‍ ഉടുപ്പും മുണ്ടും വാങ്ങി തീവണ്ടികയറി എത്തിയത് ദല്‍ഹിയില്‍ സ്വാമി ശ്രദ്ധാനന്ദജിയുടെ അടുത്ത്. ഗാന്ധിജിയെ കാണുക അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കി, പക്ഷേ ഗാന്ധിമാര്‍ഗ്ഗത്തിലേക്കുള്ള സഞ്ചാരം തുടങ്ങി. അത് ഹിന്ദി പ്രചാരണത്തിലൂടെയായി. അത് ജീവിതവ്രതമായി, സാധനയായി. ഗാന്ധിജിയെ എങ്ങനെയും കാണുക എന്നത് തീവ്രാഭിലാഷമായിരുന്നു. ഗാന്ധിജിയാണെങ്കില് അധിക സമയവും യാത്ര, അല്ലെങ്കില്‍ ജയിലില്‍. എന്നാല്‍ ജയിലിലെങ്കിലുംവെച്ച് കാണാമെന്ന മോഹത്തില്‍ ദേവ് 1930 ല്‍ ഉപ്പുസത്യഗ്രഹത്തില്‍ റാവി നദീതീരത്ത് നിയമം ലംഘിച്ച് ഉപ്പുകുറുക്കി. ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു, പക്ഷേ, ‘വിദ്യാര്‍ത്ഥി’ പ്രായക്കാരനെ ജയിലിലേക്ക് വിട്ടില്ല. അങ്ങനെ ആ ശ്രമത്തിലും തോറ്റു. പക്ഷേ, ഗാന്ധിജിയെ കണ്ടു, തൊട്ടു, ഹിന്ദി പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി, ജനസഞ്ചയത്തിന് മുന്നില്‍, ഗാന്ധിജി തോളില്‍തട്ടി അഭിനന്ദിച്ചു, സ്വന്തം ജന്മനാടായ കോട്ടയത്ത്, 1937 ല്‍.
ദേവ് കേരളീയന് ഭാരത ചരിത്രത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം പൂര്‍ണ സമയം ബ്രിട്ടിഷുകാര്‍ക്കെതിരായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഭരണത്തിലെ കുപ്രസിദ്ധമായ സൈമണ്‍ കമ്മീഷനെതിരേ പഞ്ചാബ് കേസരി ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ 1928-ല്‍ നടത്തിയ ബഹിഷ്ക്കരണറാലിയില്‍ ദേവ് പങ്കെടുത്തു. ലാലാജിയുമായി അത്ര അടുപ്പമായിരുന്ന ദേവ്, ലാലാജിയുടെ അന്ത്യകര്‍മങ്ങളിലും പങ്കെടുത്തു. ബ്രിട്ടീഷ് ഭരണാധികാരത്തിനെതിരേ പോരാടിയ സര്‍ദാര്‍ ഭഗത് സിങ്ങിനെ തൂക്കിലേറ്റാന്‍ ലഹോറില്‍ കൊണ്ടുപോകുമ്പോള്‍ ദേവ് അവിടെ ഉണ്ടായിരുന്നു.
ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ ‘സത്യാര്‍ത്ഥപ്രകാശം’ വായിച്ചതോടെയാണ് ആര്യ സമാജ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായതും ആര്യ സമാജം സ്വീകരിച്ച് ദേവ് എന്ന് പേരിനൊപ്പം ചേര്‍ത്തതും. നിസ്വാര്‍ത്ഥതയും ത്യാഗവും സേവനവും ശീലവും ഗാന്ധിജിയില്‍നിന്ന് ആവേശിച്ച ദേവ് ഹിന്ദി ഭാഷാ പ്രചാരണത്തിലൂടെ രാഷ്ട്ര ഏകതാ നിര്‍മ്മാണം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കാന്‍ നിയുക്തനായി. അങ്ങനെ ഹിന്ദി പ്രചാരണത്തിന് അദ്ദേഹം സഞ്ചരിക്കാത്ത ഭാരത പ്രദേശങ്ങളില്ല. കേരളത്തില്‍ കാല് നൂറ്റാണ്ട് കേരള ഹിന്ദി പ്രചാര സഭയുടെ ‘കേരളഭാരതി’യുടെ എഡിറ്ററായിരുന്നു.
ദേവിന്റെ പുസ്തകങ്ങളില്‍ പ്രമുഖമായവ, ഹിന്ദുസ്ഥാനി ബോധിനി, ഹിന്ദി കഥാകൗമുദി, ഹിന്ദി പ്രബോധ്, ഹിന്ദി പ്രവേശിക്, ആംസൂ അവഗാഹന്‍, ആര്‍തി, പാഥേയ് തുടങ്ങിയവയാണ്. അദ്ദേഹം ഒട്ടേറെ മലയാള പുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് തര്‍ജമചെയ്തിട്ടുണ്ട്: ഉമാകേരളം, വീണപൂവ്, ചിന്താവിഷ്ടയായ സീത, മഹാത്യാഗി എന്നിവ മുഖ്യം. വേലുത്തമ്പിദളവ, ഉമ്മിണിത്തങ്ക, പരീക്ഷ മുതലായ മലയാള നാടകങ്ങള്‍ ഹിന്ദിയിലേക്ക് തര്‍ജമചെയ്തു. ‘ചാണക്യന്’ എന്ന നാടകം സ്വന്തം കൃതിയാണ്. അതില്‍ അഭിനയിക്കുകയും ചെയ്തു. സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ പ്രാവീണ്യം അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ള ഒട്ടേറെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുണ്ട്.
1937 മുതല്‍ 1945 വരെ അദ്ദേഹം കോട്ടയത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഏഴുപതിറ്റാണ്ട് ഒരു ലക്ഷ്യത്തിനു വേണ്ടി ജീവിച്ച പണ്ഡിറ്റ് നാരായണ്‍ ദേവ്, രാഷ്ട്രത്തിന്റെ ബഹുമതി അര്‍ഹിക്കുന്നുണ്ട്. അദ്ദേഹം അര്‍ത്ഥിക്കാതെയും ആഗ്രഹിക്കാതെയും ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1995 ല്‍ അന്നത്തെ രാഷ്ട്രപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ്മ ഗംഗാശരണ്‍ സിങ് പുരസ്കാരം നല്കി ആദരിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം മികച്ച ഹിന്ദി സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് 1989 മുതല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനി ഗംഗാ ശരണ്‍ സിങ്ങിന്റെ പേരിലുള്ള അവാര്‍ഡാണത്.
രാജ്യം പൗരന്മാര്ക്ക് ആദരപൂര്‍വം സമര്‍പ്പിക്കുന്ന പത്മ അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടികയില്‍ മാറിമാറി വന്ന കേരള സര്‍ക്കാരുകള്‍ ഇതുവരെ ഈ പേര് ചേര്‍ത്തുകണ്ടിട്ടില്ല. (അതെങ്ങനെയാണ്! സ്വാതന്ത്ര്യ സമര സേനാനി പെന്ഷന് സകലമാന ഇഷ്ടക്കാര്‍ക്കും അനുവദിച്ചിട്ടും പണ്ഡിറ്റ് നാരായണ ദേവിന് ഇ.കെ. നായനാര്‍ സര്‍ക്കാര്‍ നിഷേധിച്ചു. ജയിലില്‍ കിടന്നതിന്റെ രേഖകള്‍ ഇല്ലത്രെ!. കോട്ടയം നഗരത്തില്‍ ഒരു സ്മാരകത്തിന് ശ്രമിച്ചു ബന്ധുക്കളും അനുഭാവികളും. റവന്യൂ വകുപ്പു മന്ത്രിയായിരുന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍ സ്ഥലം അനുവദിച്ചില്ല. എന്തായാലും നഗരസഭ, മുട്ടമ്പലം റോഡിന് നാരായണ്‍ ദേവിന്റെ പേരിട്ട് സഹകരിച്ചു.) ഇപ്പോള്‍ സാധാരണ പൗരന്മാര്ക്കും ഈ സമ്മാനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാമെന്നിരിക്കെ അതിന്റെ വേദികളില്‍ ഈ പേര് എത്തേണ്ടതുതന്നെയാണ്. തീര്‍ച്ചയായും പണ്ഡിറ്റ് നാരായണ്‍ ദേവ് അര്‍ഹിക്കുന്ന ബഹുമതിയാണത്. മരണാനന്തര ബഹുമതിയും ഒരു സന്ദേശമാകുമല്ലോ സമൂഹത്തിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: