ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ 2024 സീസണിലേക്കുള്ള താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക സ്വന്തമാക്കിയ ഭാരത താരം ഹര്‍ഷല്‍ പട്ടേല്‍. നിലവിലെ ലീഗ് ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സ് താരത്തെ സ്വന്തമാക്കിയത് 11.75 കോടി രൂപയ്ക്കാണ്. ഇത്തവണത്തെ സീസണില്‍ ഏറ്റവും കൂടുതല്‍ തുകയില്‍ ലേലത്തില്‍ പോയതില്‍ നാലാം സ്ഥാനത്താണ് ഭാരത താരം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക പ്രതിഫലം ഉറപ്പിച്ച് ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. 2024 സീസണ് ഐപിഎലിലേക്ക് ദുബായില്‍ നടന്ന താരലേലത്തില്‍ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കി. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി 20 കോടി രൂപയ്ക്ക് മേല്‍ ലേലത്തുകയില്‍ ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ് വിറ്റുപോയതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് ഏറ്റവും വലിയ ലേലത്തുക ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് താരം സാം കറന് 18.5 കോടി രൂപയ്ക്ക് ലേലത്തില്‍ പോയതായിരുന്നു ഇന്നലെ വരെ ഐപിഎലിലെ ഏറ്റവും വലിയ ലേലത്തുക.
20.5 കോടി രൂപയ്ക്ക് പാറ്റ് കമ്മിന്‍സിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് വഴി സാം കറന്റെ റിക്കാര്‍ഡ് പഴങ്കഥയായി. റിക്കാര്‍ഡ് തുക മറികടക്കുന്നതിനൊപ്പം ആദ്യമായി 20 കോടി രൂപയുടെ അക്കൗണ്ട് കമ്മിന്‍സിന് വേണ്ടി തുറക്കുകയും ചെയ്തു. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഇക്കൊല്ലം കമ്മിന്‍സ് കൈവരിച്ച നേട്ടങ്ങളാണ് താരത്തിന് വലിയ മൂല്യം നേടിക്കൊടുത്തത്. ഭാരതത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോല്‍പ്പിച്ച് ഓസീസിന് കിരീടം നേടിക്കൊടുത്തു. തൊട്ടുപിന്നാലെ ആഷസ് പരമ്പരയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് വിട്ടുകൊടുക്കാതെ സമനിലയിലാക്കി. ഒടുവില്‍ കഴിഞ്ഞ മാസം ഭാരതത്തെ ഫൈനലില്‍ തോല്‍പ്പിച്ച് ഓസ്ട്രേലിയയ്ക്കായി ആറാം ലോകകിരീടം നേടി. ഇതിന്റെയൊക്കെ പ്രേരണയിലാണ് താരം ഇന്നലത്തെ ലേലത്തിന്റെ തുടക്ക സമയത്ത് തന്നെ റിക്കാര്‍ഡ് ഭേദിച്ചത്. രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാന തുക. അതിന്റെ പത്തിരട്ടിയിലാണ് വിറ്റുപോയിരിക്കുന്നത്.
പക്ഷെ ഇന്നലത്തെ യഥാര്‍ത്ഥ ഹീറോ പിന്നീടാണ് രംഗപ്രവേശം ചെയ്തത്. ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ലേലത്തുകയില്‍ റിക്കാര്‍ഡ് ഭേദിക്കപ്പെട്ട അന്നുതന്നെ അതിനെ പഴങ്കഥയാക്കി 24.75 കോടി രൂപയുടെ മൂല്യം സ്വന്തമാക്കി. വരും സീസണില്‍ കൊല്‍ക്കത്തയുടെ താരമായി സ്റ്റാര്‍ക്ക് പന്തെറിയും. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റാര്‍ക്ക് ഐപിഎലിലേക്ക് മടങ്ങിവരുന്നത്. 2014ലും 2015ലുമായി 27 കളികളില്‍ നിന്ന് സ്റ്റാര്‍ക്ക് 7.17 ഇക്കണോമിയില്‍ 34 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായാണ് കളിച്ചിരുന്നത്. 2018ല്‍ താരത്തെ കെകെആര്‍ സ്വന്തമാക്കിയതാണ്. എന്നാല്‍ പരിക്ക് കാരണം താരത്തെ തൊട്ടടുത്ത സീസണില്‍ ക്ലബ്ബ് ഒഴിവാക്കി.
ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചലാണ് ഈ സീസണില്‍ ഏറ്റവും വലിയ മൂന്നാമത്തെ തുകയില്‍ ലേലത്തില്‍ പോയത്. ചെന്നൈ സൂപ്പര്‍ കിങ്സ് 14 കോടി രൂപയ്ക്കാണ് താരത്തെ സ്വന്തമാക്കിയത്. താരം ഉള്‍പ്പെടെ ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തിളങ്ങിയ താരങ്ങള്‍ പലരും ലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കി. ലോകകപ്പിന്റെ സെമിയിലും ഫൈനലിലും മാന്‍ ഓഫ് ദി മാച്ച് ആയ ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് വിളിച്ചെടുത്തത്. 6.80 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്. അതേസമയം ലോകകപ്പില്‍ മൂന്ന് സെഞ്ചുറിയുമായി തിളങ്ങിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ രചിന് രവീന്ദ്ര 1.80 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. സിഎസ്കെ ആണ് താരത്തെ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ലോകകപ്പില്‍ സെമി വരെ മുന്നേറിയ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ച ജെറാള്‍ഡ് കൊയറ്റ്സീയെ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് വിളിച്ചെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് ലേലം തുടങ്ങുന്ന വേളയില്‍ ആദ്യം ലേലത്തില്‍ പോയ താരം വെസ്റ്റിന്‍ഡീസിന്റെ റോവ്മാന്‍ പവല്‍ ആണ്. 7.4 കോടി രൂപയ്ക്ക് താരത്തെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. നിലവില്‍ വിന്‍ഡീസിന്റെ ട്വന്റി20 ടീം ക്യാപ്റ്റനാണ് റോവ്മാന്‍ പവല്‍.
കഴിഞ്ഞ സീസണില്‍ 13.25 കോടി രൂപയ്ക്ക് എസ് ആര് എച്ച് വിളിച്ചെടുത്ത ഹാരി ബ്രൂക്ക് ഇന്നലെ നാല് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സില്‍ ചേര്‍ന്നു.
അണ്‍ക്യാപ്പ്ഡ് പ്ലെയേഴ്സില്‍ ശ്രദ്ധ പിടിച്ചുപറ്റിയത് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമീര്‍ റിസ്വി ആണ്. സിഎസ്കെ താരത്തെ വിളിച്ചെടുത്തത് 8.4 കോടി രൂപയ്ക്കാണ്. ഇക്കൊല്ലം ആദ്യം നടന്ന യുപി ടി20 ലീഗില്‍ തകര്‍പ്പന്‍ ബാറ്റിങ് ആണ് 20കാരനായ റിസ്വി കാഴ്ച്ചവച്ചത്. ബിഗ് ഹിറ്ററായ താരം നിരവധി സിക്സറുകള്‍ നേടി. ലീഗില്‍ രണ്ട് അതിവേഗ സെഞ്ചുറിയും സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: