ന്യൂദല്‍ഹി: ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തില്‍ രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയെ അപമാനിച്ച് പ്രതിപക്ഷ സഖ്യം. പാര്‍ലമെന്റ് വളപ്പില്‍ കൂട്ടംകൂടിയാണ് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖറെ പ്രതിപക്ഷാംഗങ്ങള്‍ പരിഹസിച്ചത്. രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്‌ട്രപതിയെ വികൃതമായനുകരിച്ച് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി മിമിക്രി നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചിരിച്ചുകൊണ്ട് അത് മൊബൈലില്‍ ചിത്രീകരിച്ചു.
ഉപരാഷ്‌ട്രപതിയെ അപമാനിച്ച കല്യാണ്‍ ബാനര്‍ജിയെ നൂറോളം പ്രതിപക്ഷ എംപിമാര്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. നാണംകെട്ട പ്രവൃത്തിയാണ് രാഹുലിന്റേതെന്ന് രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ പ്രതികരിച്ചു. ഉപരാഷ്‌ട്രപതിയെ കളിയാക്കുന്ന വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു. പാര്‍ലമെന്റിനെ അപമാനിക്കുന്ന ഇത്തരം കാര്യങ്ങളാലാണ് പ്രതിപക്ഷ എംപിമാര്‍ക്കു സസ്പെന്‍ഷന്‍ കിട്ടുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
രാവിലെ സഭ സമ്മേളിച്ചയുടന്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും സഭ ഉച്ചയ്‌ക്ക് 12 വരെ പിരിയുകയും ചെയ്തിരുന്നു. അപ്പോള്‍ പുതിയ പാര്‍ലമെന്റിന്റെ പ്രവേശന കവാടത്തിലെ പ്രതിഷേധ ധര്‍ണയ്‌ക്കിടെയാണ് പ്രതിപക്ഷത്തിന്റെ അവഹേളനമുണ്ടായത്.
തുടര്‍ന്ന് വാര്‍ത്താ ചാനലുകളിലൂടെ ദൃശ്യം കണ്ട ഉപരാഷ്‌ട്രപതിയും ഭരണപക്ഷാംഗങ്ങളും 12ന് സഭ സമ്മേളിച്ചപ്പോള്‍ വിഷയമുന്നയിച്ചു. ഏറ്റവും വലിയ കോണ്‍ഗ്രസ് നേതാവിന്റെ അണ്‍പാര്‍ലമെന്ററി പ്രവൃത്തി താന്‍ കണ്ടെന്നായിരുന്നു ധന്‍ഖറിന്റെ പ്രതികരണം. എന്തിനും പരിധിയുണ്ട്. ഒരംഗം ചെയറിനെ വക്രീകരിച്ച് അഭിനയിക്കുകയും മറ്റൊരു അംഗം വീഡിയോയെടുക്കുകയും ചെയ്യുന്നു. എത്ര മോശം കാര്യമാണ് ഇവര്‍ ചെയ്യുന്നത്.
രാജ്യസഭാധ്യക്ഷന്‍, ലോക്സഭാ സ്പീക്കര്‍ എന്നിവര്‍ പ്രത്യേകതകളുള്ളവരാണ്. ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍ സഭാധ്യക്ഷരെ അപമാനിക്കുന്നത് സമ്മതിക്കില്ല. വീഡിയോ കോണ്‍ഗ്രസ് എക്സ് അക്കൗണ്ടില്‍ പങ്കുവച്ചതിനെയും രാജ്യസഭാധ്യക്ഷന്‍ കുറ്റപ്പെടുത്തി. നിങ്ങള്‍ അപമാനിച്ചത് ഒരു കര്‍ഷകന്റെ മകനെയും ഒരു സമുദായത്തെയും മാത്രമല്ല, ഈ രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയെയുമാണ്, അദ്ദേഹം പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.
ഭരണഘടനാ പദവികളോടുള്ള കോണ്‍ഗ്രസിന്റെ ബഹുമാനം എത്രയെന്ന് ജനം തിരിച്ചറിയട്ടെ, രാജ്യസഭയിലെ കക്ഷി നേതാവും കേന്ദ്ര മന്ത്രിയുമായ പീയൂഷ് ഗോയല്‍ പ്രതികരിച്ചു.
രാജ്യത്തിന്റെ ഉപരാഷ്‌ട്രപതിയെയാണ് പ്രതിപക്ഷ എംപിമാര്‍ അപഹസിക്കുന്നതെന്നും രാഹുല്‍ അടക്കം അതിനു കൂട്ടുനില്‍ക്കുകയാണെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.
രാഹുല്‍ കൂടി ഉള്‍പ്പെട്ട വിവാദത്തില്‍ പരസ്യ പ്രതികരണത്തിന് കോണ്‍ഗ്രസ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: