ന്യൂദല്‍ഹി: മോശം പെരുമാറ്റത്തിന് 33 എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ, ഫാറൂഖ് അബ്ദുള്ള, സുപ്രിയ സുലെ, ഡിംപിള്‍ യാദവ്, ശശി തരൂര്‍ എന്നിവരുള്‍പ്പെടെ 49 പ്രതിപക്ഷ എംപിമാരെ ശീതകാല സമ്മേളനത്തില്‍ നിന്ന് ചൊവ്വാഴ്ച ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തുകൊണ്ട് സഭ നിര്‍ത്തിവച്ചതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് സുരക്ഷാവീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 49 ലോക്സഭാ എംപിമാരെ സസ്പെന്‍ഡ് ചെയ്തതോടെ ഇരുസഭകളില്‍നിന്നും സസ്പെന്‍ഡ് ചെയ്ത പ്രതിപക്ഷ പാര്‍ലമെന്റംഗങ്ങളുടെ എണ്ണം 141 ആയി.
ബുധനാഴ്ചത്തെ സസ്പെന്‍ഷനോടെ ശീതകാല സമ്മേളനം അവസാനിക്കുന്നതുവരെ ലോക്സഭയിലും രാജ്യസഭയിലും പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടവരുടെ എണ്ണം 92 ആയി. ശീതകാല സമ്മേളനം ഡിസംബര്‍ 22ന് സമാപിക്കും. പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്ജുന് റാം മേഘ്വാളാണ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനുള്ള പ്രമേയം കൊണ്ടുവന്നത്.
പ്ലക്കാര്‍ഡുകള്‍ കാണിച്ചതിനാണ് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തതെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇത് വേണ്ടെന്ന് എല്ലാ എംപിമാരും സമ്മതിച്ചതായും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ ചട്ടം ലംഘിച്ച് ചെയര്‍മാനോട് അനാദരവ് കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: