വാരാണസി : ഉത്തര്‍പ്രദേശ് ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്ന് അലഹബാദ് ഹൈക്കോടതി. പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാന്‍വാപി മസ്ജിദ് മനേജ്മെന്റ് കമ്മിറ്റിയായ അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റി (എഐഎംസി) നല്കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ഗ്യാന്‍വാപി പള്ളി ഹിന്ദു ക്ഷേത്രം നിന്നിരുന്ന സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നത്. അതിന്റെ അവശിഷ്ടങ്ങള്‍ പള്ളിപ്പരിസരത്ത് ഉണ്ടെന്നും ഹൈന്ദവ സംഘടനകള്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ആര്‍ക്കിയോളജി വിഭാഗം നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വാരാണസി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേടുപാടുണ്ടാകുമെന്നതിനാല്‍ സര്‍വേ ഒഴിവാക്കണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സര്‍വേയ്ക്ക് അനുമതി നല്‍കിയത്. അതിനു പിന്നാലെയാണ് ഹൈക്കോടതിയും ഇത്തരത്തില്‍ ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ) നൂറോളം ദിവസമെടുത്താണ് പള്ളിയുടെ സര്‍വേ പൂര്‍ത്തിയാക്കിയത്. എന്നാല്വീണ്ടും സര്‍േവ ആവശ്യമെങ്കില്‍ ആര്‍ക്കിയോളജി സര്‍വേ വിഭാഗത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധനയ്ക്ക് അനുമതി നല്‍കണമന്നാവശ്യപ്പെട്ടാണ് കീഴ്ക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: