ചെന്നൈ: തെക്കന്‍ തമിഴ്നാട്ടില്‍ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം. വീടുകളില്‍ വെള്ളം കയറി, റോഡ് -റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ അഞ്ഞൂറോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ശ്രീവൈകുണ്ഡത്ത് വെള്ളപ്പാച്ചിലില്‍ റെയില്‍വേ ട്രാക്ക് തകര്‍ന്നു. വെള്ളപ്പാച്ചിലില്‍ മണ്ണും മെറ്റിലും ഒലിച്ചുപോകുകയായിരുന്നു. സ്റ്റേഷനിലേക്കുള്ള റോഡ് തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. തെക്കന്‍ മേഖലകളിലൂടെ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കുകയും ചിലത് ഭാഗികമായി നിര്‍ത്തിവെക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴയില്‍ രാമനാഥപുരത്ത് മതില് ഇടിഞ്ഞു വീണാണ് ഒരാള്‍ മരിച്ചത്.
ഒറ്റപിദാരത്തിന് സമീപം മധുരയിലേക്കുള്ള ഒരു ലിങ്ക് റോഡ് പൂര്‍ണമായും തകര്‍ന്നു. ചിലയിടങ്ങളില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന് കാരണമായി. കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി, തിരുനെല്‍വേലി എന്നീ നാല് തെക്കന്‍ ജില്ലകളാണ് അതിശക്തമായ മഴയില്‍ നാശം വിതച്ചത്. തൂത്തുക്കുടിയിലെ കായല്‍പട്ടണത്ത് 24 മണിക്കൂറിനുള്ളില്‍ 95 സെന്റീമീറ്റര്‍ മഴ ലഭിച്ചു.
പാപനാശം അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതോടെ താമരഭരണി നദി കരകവിഞ്ഞു. തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ സേവനം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 84 ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി ശിവ്ദാസ് മീണ പറഞ്ഞു. തൂത്തുക്കുടി, ശ്രീവൈകുണ്ഡം, കായല്‍പട്ടണം തുടങ്ങിയ മേഖലകളിലേക്ക് കൂടുതല്‍ ബോട്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
7500 പേരെ ദുരന്ത നിവാരണ സേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 84 ക്യാമ്പുകളിലായാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. വൈഗ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ രാവിലെ 11 മണിയോടെ ജലനിരപ്പ് 66.67 അടിയായി. തിരുന്നല്‍വേലിയില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.
മഴ നാശം വിതച്ച ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മന്ത്രിമാരെ ചുമതലപ്പെടുത്തി. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: