കൊച്ചി: നവകേരള സദസ് നടത്തിപ്പിന് ജില്ലാ കളക്ടര്‍മാരും ജില്ലാ ഭരണകൂടവും പരസ്യങ്ങളിലൂടെ പണം സമാഹരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ നവകേരള സദസിനു ഫണ്ട് കണ്ടെത്താന്‍ നിയോഗിച്ച ഒക്ടോബര്‍ 27ലെ സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധമാണെന്നാരോപിച്ച് പത്തനംതിട്ട മലയാലപ്പുഴയിലെ ജോളിമോന് കാലായില്‍ നല്കിയ ഹര്‍ജിയിലാണ് സ്റ്റേ. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരുടെ ഡിവിഷന് ബെഞ്ച് ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.
നവകേരള സദസ് നടത്തിപ്പ് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ ഭരണകൂടത്തിനും നല്കിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇത് അതേപടി അനുവദിക്കാനാകില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഉത്തരവില്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ ഭരണകൂടവും പരസ്യത്തിലൂടെ പണമുണ്ടാക്കാന്‍ പറയുന്നതായി ഹൈക്കോടതി വിലയിരുത്തി. ഫണ്ടു ശേഖരണത്തിനും അക്കൗണ്ട് ചെയ്യാനും വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളില്ലാത്തതിനാല്‍ ഇതനുവദിക്കാനാകില്ലെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് സ്റ്റേ ചെയ്തത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 140 മണ്ഡലങ്ങളിലും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് നവകേരള സദസ് നടത്തിപ്പ്. പരസ്യങ്ങളിലൂടെയും മറ്റും ഫണ്ടുണ്ടാക്കാനാണ് നിര്‍ദേശമെന്നും ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: