ന്യൂദല്‍ഹി: പാര്‍ലമെന്റ് അതിക്രമകേസില്‍ പിടിയിലായവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ക്കായി മെറ്റയെ സമീപിച്ച് ദല്‍ഹി പോലീസ്. പ്രതികള്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തതിനാലാണ് ഈ നീക്കം. ഭഗത് സിങ് ഫാന്‍ ക്ലബ് എന്ന ഫെയ്സ്ബുക്ക് പേജിന്റെ വിശദാംശങ്ങളും പോലീസ് തേടിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ ഉടമയായ മെറ്റയ്ക്ക് ദല്‍ഹി പോലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് വിവരങ്ങള്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരിക്കുന്നത്.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പങ്കുവെക്കാനാണ് മെറ്റയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികള്‍ക്ക് എവിടെ നിന്നെങ്കിലും സാമ്പത്തിക ആനുകൂല്യം സഹായം ലഭിച്ചോ എന്നറിയാന്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സംഭവത്തെകുറിച്ച് വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജിയും ഇന്നലെ ഫയല്‍ ചെയ്തിട്ടുണ്ട്.
എഫ്ഐആറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നീലം ആസാദിന്റെ കുടുംബം സമര്‍പ്പിച്ച അപേക്ഷയില്‍ പോലീസ് ഇന്നലെ മറുപടി നല്കി. മുദ്രവെച്ച കവറിലാണ് എഫ്ഐആറിന്റെ പകര്‍പ്പ് കോടതിക്ക് കൈമാറിയത്. പ്രതികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: