കറാച്ചി : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാാന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കൊടുംകുറ്റവാളിയായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ ഉണ്ടെന്ന് ഭാരതം പല തവണ ആവര്‍ത്തിച്ചെങ്കിലും പാക് ഭരണകൂടം അതെല്ലാം നിരസിക്കുകയാണ് ചെയ്തത്.
വിഷം ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ചയാണ് പാക് മാധ്യമങ്ങള്‍ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യം ആരും സ്ഥിരീകരിച്ചിട്ടില്ല. കറാച്ചിയിലെ ആശുപത്രിയില്‍ അതീവ സുരക്ഷയിലാണ്. ദാവൂദ് കഴിയുന്ന കെട്ടിടത്തിന്റെ ആ നിലയിലേക്ക് ആശുപത്രി ഉന്നത വൃത്തങ്ങള്‍ക്കും ദാവൂദിന്റെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് പ്രവേശനമുള്ളത്. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ദാവൂദ് ഗുരുതരാവസ്ഥയിലാണെന്നും മരിച്ചെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
ശനിയാഴ്ച മുതലാണ് കറാച്ചിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്. അതുകൊണ്ടുതന്നെ ദാവൂദിന്റെ ആശുപത്രിവാസവുമായി അതിന് ബന്ധമുണ്ടെന്നും വാര്‍ത്ത പ്രചരിക്കാതിരുന്നതിന് വേണ്ടിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സമുണ്ടായതെന്നും ആരോപണമുണ്ട്. അതേസമയം, പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐ പദ്ധതിയിട്ടിരുന്ന വിര്‍ച്വല്‍ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് തടസ്സപ്പെട്ടതെന്നും ആരോപണമുണ്ട്. ഇമ്രാന്‍ ഖാന്‍ അനുയായികളെ അഭിസംബോധന ചെയ്യുന്നതിന് തടയിടുകയാണ് പാക്ക് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പിടിഐ വാദിക്കുന്നു.
1993ലെ മുംബൈ ബോംബാക്രമണത്തോടെയാണ് ദാവൂദ് പൂര്‍ണമായും ഇന്ത്യ വിട്ടത്. ഇന്ത്യന്‍ ഏജന്‍സികള്‍ വ്യാപകമായ അന്വേഷണം നടത്തുന്നതിനിടെ ദാവൂദ് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടെന്നാണ് വിശ്വസനീയമായ വിവരം. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒത്താശയോടെയാണ് ദാവൂദ് ഈ ആക്രമണം നടത്തിയതെന്നും, ഐഎസ്‌ഐയാണ് ദാവൂദിന് പാക്കിസ്ഥാനില്‍ ഒളിസങ്കേതം ഒരുക്കിയെന്നുമാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: