വണ്ടിപ്പെരിയാര്‍: ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
യുവമോര്‍ച്ച ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമാര്‍ച്ച്. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയില്‍ പ്രതിഷേധിച്ചും വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുമായിരുന്നു സമരം. ബിജെപി പെരിയാര്‍ ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷന്‍ കവാടത്തില്‍ പോലീസ് തടഞ്ഞു.
പ്രതിഷേധ യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് അധ്യക്ഷനായി. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ അറസ്റ്റ് ചെയ്തവരെ പോലീസ് പിന്നീട് വിട്ടയച്ചു.
യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജ് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി ദിനില്‍ ദിനേശ്, സംസ്ഥാന സെക്രട്ടറി അധീന ഭാരതി, ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് സി. സന്തോഷ് കുമാര്‍, ജില്ലാ ജന. സെക്രട്ടറി രതീഷ് വരകുമല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: