തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രക്ഷോഭം നടത്തിയതിന് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ഇന്നലെ പോലീസ് താലോലിച്ച് പിടിച്ചുകൊണ്ടുപോയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വധശ്രമക്കേസിലെ ജാമ്യം റദ്ദാക്കിയിട്ട് ആറു മാസം. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ ആര്‍ഷോ പോലീസിന് കണ്‍മുന്നില്‍ ഗവര്‍ണറെയും പോലീസിനെയും വെല്ലുവിളിച്ചിട്ടും പോലീസ് കയ്യുംകെട്ടി നിന്നു.
പി.എം. ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി ജനുവരിയിലാണ് റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്.
വധശ്രമക്കേസില്‍ റിമാന്റില്‍ കഴിയവെ ആര്‍ഷോ സര്‍വ്വകലാശാല പരീക്ഷ പാസായത് വിവാദമായിരുന്നു. ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെ ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ആര്‍ഷോ 2022 ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 2023 ജനുവരിയില്‍ കോടതി ജാമ്യം റദ്ദാക്കി. തുടര്‍ന്ന് ആര്‍ഷോ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതുവരെ ഹൈക്കോടതി ജാമ്യം നല്കിയിട്ടില്ല. ഈ മാസം 11 ന് കേസ് പരിഗണിച്ചെങ്കിലും ജാമ്യം നല്കിയിട്ടില്ല. പ്രോസിക്യൂഷന്‍ ആര്‍ഷോയ്‌ക്ക് ജാമ്യം ലഭിക്കുന്ന വിധത്തില്‍ കാലുമാറിയതോടെ വാദി തന്നെ കേസില്‍ കക്ഷിചേരുകയായിരുന്നു. ഇതോടെ കേസ് വീണ്ടും മാറ്റിവച്ചു.
ഇതെല്ലാം അറിയാവുന്ന പോലീസാണ് കഴിഞ്ഞദിവസം പിടികൂടിയ വധശ്രമക്കേസിലെ പ്രതിയെ വെറുതെ വിട്ടത്. ഇന്നലെ രാത്രിയും പോലീസിനെ വെല്ലുവിളിച്ച് ആര്‍ഷോ ഗവര്‍ണറെ അധിക്ഷേപിച്ച് സമരത്തിന് മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: