ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും, ആര്‍എസ്എസ് മുല്ലയ്ക്കല് ശാഖാ സ്വയംസേവകനുമായിരുന്ന അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ രണ്ടാം ബലിദാന ദിനാചരണം നാളെ. ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ ശ്രദ്ധാഞ്ജലി സാംഘിക് നാളെ രാവിലെ 6.30ന് പഴയതിരുമല എസ്എസ് കലാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ബിജെപിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണം വൈകിട്ട് 3.30ന് ആലപ്പുഴ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പങ്കെടുക്കും.
നിരോധിത മതഭീകരപ്രസ്ഥാനമായ പോപ്പുലര്‍ഫ്രണ്ടുകാര്‍ 2021 ഡിസം. 19 ന് രാവിലെയാണ് രണ്‍ജീതിനെ ആലപ്പുഴ വെള്ളക്കിണറിലെ വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് കൊലപ്പെടുത്തിയത്. അമ്മയുടേയും, ഭാര്യയുടേയും ഇളയമകളുടേയും മുന്നില്‍ വെച്ചായിരുന്നു നിഷ്ഠൂര കൊലപാതകം. അതേവര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ത്തലയില്‍ ആര്‍എസ്എസ് സ്വയംസേവകന് നന്ദുകൃഷ്ണനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ജീതിനെയും വധിച്ചത്. വധിക്കേണ്ടവരുടെ ഹിറ്റ്ലിസ്റ്റ് മതഭീകരര്‍ തയ്യാറാക്കിയിരുന്നു. അനുകൂല സാഹചര്യത്തില്‍ ദേശീയപ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുക എന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു കൊലപാതകം.
രണ്‍ജീതിന്റെ കൊലക്കേസില്‍ പ്രോസിക്യൂഷന് ഭാഗം വാദം മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി. ജി. ശ്രീദേവി മുന്‍പാകെ പൂര്‍ത്തിയായി. ജനുവരിയില്‍ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. കേസ് പരമാവധി വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമം നടത്തിയിരുന്നു. സുപ്രീംകോടതിയെ വരെ ഇതിനായി ഇവര്‍ സമീപീച്ചു. അതിനെയെല്ലാം അതിജീവിച്ചാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ നേതൃത്വത്തില്‍ പ്രോസിക്യൂഷന് കേസ് നടത്തിപ്പ് അന്തിമഘട്ടത്തിലെത്തിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരും. പ്രധാന ഗൂഢാലോചന നടത്തിയവരും ഉള്‍െപ്പടെ 15 പ്രതികള്‍ നിലവില്‍ ജയിലിലാണ്.
തങ്ങളുടെ കണ്മുന്നില് നടന്ന കൊലപാതകത്തിന്റെ നടുക്കത്തില്‍ നിന്ന് രണ്‍ജീതിന്റെ കുടുംബം ഇപ്പോഴും മോചിതരായിട്ടില്ല. രണ്‍ജീത് സമൂഹത്തിലും, സ്വന്തം കുടുംബത്തിലും തെളിച്ച ദേശീയതയുടെ കെടാവിളക്ക് കൂടുതല്‍ പ്രകാശമാനമാക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് പെണ്മക്കളും അമ്മയും അടങ്ങുന്ന കുടുംബം. സംഘ, വിവിധ ക്ഷേത്രപ്രസ്ഥാനങ്ങളുടെ കാര്യകര്‍ത്താക്കളും, പ്രവര്‍ത്തകരും കുടുംബത്തിന് താങ്ങും തണലുമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: