തിരുവനന്തപുരം: ഒമിക്രോണ്‍ ജെഎന്‍ 1 പടര്‍ന്നുപിടിക്കുമ്പോഴും അവലോകനയോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കാതെ സര്‍ക്കാര്‍. ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയശേഷമുള്ള കൊവിഡ് കേസുകളെല്ലാം ഒമിക്രോണ്‍ ജെഎന്‍ 1 എന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഇന്നലെ മാത്രം സംസ്ഥാനത്ത് 199 കൊവിഡ് കേസുകള്‍. കഴിഞ്ഞ ദിവസം ഉണ്ടായ നാലു മരണവും ഒമിക്രോണ്‍ ജെഎന്‍1 എന്ന് സൂചന. തലസ്ഥാനത്ത് മാത്രം 30ല്‍ അധികം ഒമിക്രോണ്‍ ജെഎന്‍1 ബാധിതര്‍.
നവംബര്‍ മുതല്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് കൊവിഡ് രോഗികളുടെ എണ്ണം 1,523 ആണ്. രാജ്യത്ത് ആകെയുള്ള ആക്ടീവ് കേസുകളില്‍ 1701 എണ്ണം അതായത് 89.5 ശതമാനവും കേരളത്തിലാണ്. ഇതില്‍ ഭൂരിഭാഗവും അതീവവ്യാപനശേഷിയുള്ള ഒമിക്രോണ്‍ ജെഎന്‍ 1 ആണെന്നാണ് സൂചന. നവം. 18 നാണ് ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കണ്‍സോര്‍ഷ്യം തിരുവനന്തപുരം സ്വദേശിയുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തത്. അതിലാണ് ഒമിക്രോണ്‍ ജെഎന്‍1 സ്ഥിരീകരിച്ചത്. അതിനുശേഷം ഉള്ള കേസുകളില്‍ ഭൂരിഭാഗവും ഒമിക്രോണ്‍ ജെഎന്‍ 1 ആണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കൂടുതല്‍ പരിശോധനകള്‍ ഇല്ലാത്തതിനാല്‍ സ്ഥിരീകരിക്കാനായിട്ടുമില്ല.
നവംബര്‍ മുതല്‍ കേരളത്തില്‍ പനിബാധിതരുടെ എണ്ണം കൂടുന്നുണ്ട്. ഒക്ടോബറില്‍ 2,38,586 ആയിരുന്ന പനിബാധിതരുടെ എണ്ണം നവംബറില്‍ 2,62,190 ആയി ഉയര്‍ന്നു. ഡിസംബറില്‍ കഴിഞ്ഞ ദിവസം വരെ 1,60,923 ആണ്. അതായത് ഡിസംബര്‍ അവസാനമാകുമ്പോഴേക്കും മൂന്നുലക്ഷം എത്തും പനിബാധിതരുടെ എണ്ണം. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ കൂടുതല്‍ നടത്തണമെന്ന പതിവ് നിര്‍ദേശം മാത്രമാണ് ഇതുവരെ നല്‍കിയത്. രോഗികള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന കൊവിഡ് പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ കാര്യമായി നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നവകേരള സദസിലായതിനാല് അവലോകനയോഗം പോലും നടത്തിയിട്ടില്ല. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം അതീവശ്രദ്ധയോടെയാണ് കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: