പെരുവനം ഗ്രാമത്തിന്റെ പൈതൃകം വാദ്യങ്ങളുടേതാണ്. വാദ്യങ്ങള്‍ സംസാരിക്കുന്ന ഈ പ്രദേശത്ത് അതിനെക്കുറിച്ച് ചിന്തിക്കുന്നവരാണേറെ. പണ്ഡിതന്മാര് രൂപകല്‍പ്പന ചെയ്ത പഞ്ചാരിയും, കാലം നിശ്ചയിക്കാനാവാത്തവിധം പഴക്കമേറിയ പാണ്ടിമേളവും പ്രയോഗിക്കുവാന്‍ പ്രാപ്തരായവര്‍ ഇവിടെ കുറച്ചൊന്നുമായിരുന്നില്ല. തലമുറകള്‍ പകര്‍ന്നു വന്ന വാദ്യസംസ്കാരത്തെ മനസ്സിലും ശിരസിലും ഏറ്റി നടക്കുന്നവരെ ഇന്നും ഇവിടെ കാണാം.
ആറാട്ടുപുഴ-പെരുവനം മേളങ്ങള്‍, ഇലഞ്ഞിത്തറമേളം, തൃപ്പുണിത്തുറയിലെ രാജകീയ മേളം, കൂടല്‍മാണിക്യത്തിലെ തിരുവുല്‍സവം എന്നിവ പ്രമാണിക്കുവാന്‍ എക്കാലത്തും മികച്ചവര്‍ പെരുവനത്തുണ്ട്. വെറും സാധാരണക്കാരായ ഇവര്‍ മിതഭാഷികളാണ്. ചിന്തകള്‍ ചെണ്ടയില്‍ വരുത്തുവാനുള്ള സാധകമാണ് അടുത്ത വീടുകളില്‍ നടന്നിരുന്നത്. കയ്യും കോലും സംഗീതാത്മകമായി പതിക്കുമ്പോള്‍ അതിന് രാവെന്നോ പകലെന്നോ സമയപരിധി കാണില്ല. തണുത്തുറയുന്ന രാവില്‍ മാത്രമല്ല, തുറന്ന പ്രദേശത്തും കൊട്ടിക്കൊഴുപ്പിക്കുവാന് കഴിയുന്നത് ആരോഗ്യപരമായ വഴക്കത്താലാണ്.
ഇത്തരം സിദ്ധികള്‍ ഏതു കാലത്തും മാരാര്‍ കുടുംബങ്ങളില്‍ ഈശ്വരാവതാരം പോലെ ഉയര്‍ന്നു വന്നിരുന്നു. അമ്മാമന്മാര് അനന്തിരവന്മാരെ ഉയര്‍ത്തുവാന്‍ തന്നെയാണ് കണ്ണുവയ്ക്കുന്നത്. ബാല്യത്തിലേ ഇവരുടെ നീക്കങ്ങളെക്കുറിച്ച് ശ്രദ്ധിക്കും. അത് ഒരു കണ്ടെത്തലായിരിക്കും. പട്ടിണി കിടക്കുന്നവനാണെങ്കിലും പാടുകേട് ഉള്ളവനാണെങ്കിലും അഭ്യസിക്കണമെന്നതില് വിട്ടുവീഴ്ചയില്ല.
കൊട്ടി കൊട്ടി കേടു തീര്‍ക്കുവാനുള്ള ചികിത്സാ വിധികളും ഇവര്‍ക്കറിയാം. ഇതാണ് പൈതൃകസിദ്ധി. പെരുവനത്തെ കാറ്റിന്റെ താളത്തില്‍ തുറന്ന മനസ്സുമായി ഒരുക്കത്തില്‍ നടക്കുന്ന ഒരാളുണ്ട്- പ്രകാശന്. മേളത്തിന്റെ മുന്‍നിരയില്‍ ഏവര്‍ക്കും രണ്ടഭിപ്രായമില്ലാത്ത മിതത്വം കൈമുതലായ ഇയാളെ കാണാം. ചക്കംകുളം അപ്പുമാരാരുടെ ഇളയമകനാണ് പെരുവനം പ്രകാശന്. മരുമക്കത്താവഴിയിലാണ് ക്ഷേത്രകലയുടെ സിദ്ധാന്തക്കാര്‍ നിലനിന്നിരുന്നത്. ഏതു നിലയ്ക്കും പ്രകാശം പരത്തി നില്ക്കുന്ന പഞ്ചാരി ഒരത്ഭുതം തന്നെയാണ്.
രണ്ട് പ്രസിദ്ധന്മാരുടെ ജന്മശതാബ്ദി ഈവര്‍ഷത്തെ പ്രത്യേകതയാണ്. പെരുവനം അപ്പു മാരാരും ചക്കംകുളം അപ്പുമാരാരും. സരസഭാഷയില്‍ പറഞ്ഞാല്‍ ലഗ്നാലും ചന്ദ്രനാലും പ്രകാശന് യോഗ്യന്‍ തന്നെ. പെരുവനത്തിന്റെ പൂര്‍ണപിന്തുണ ലഭിക്കുന്ന പ്രകാശന് മാരാര്‍.
പഠനം വ്യക്തമായി നിര്‍വ്വഹിക്കുന്നത് തായമ്പകയിലായിരിക്കും. അതിനാല്‍ തന്നെ തായമ്പക എന്ന അടിസ്ഥാന ശില കുട്ടിക്കാലത്തുതന്നെ പാകും. താളത്തില്‍ വക കൊട്ടാറായാല്‍ മനോധര്‍മ്മങ്ങള്‍ ഒഴുക്കിടും. കുമരപുരം കളരിയിലാണ് പെരുവനക്കാര് തായമ്പക അഭ്യസിക്കുന്നത്. അധ്യാപനം എന്നത് കലയാണ്. വിദ്യാര്‍ത്ഥികളുടെ അഭിരുചി കണ്ടറിഞ്ഞ് വേണം അഭ്യസിപ്പിക്കുവാന്‍. അത് വശമാക്കിയവനാണ് ഗുരു. കുമരപുരം അപ്പുമാരാര്‍ പകര്‍ന്നു നല്കിയ വഴി തന്നെയാണ് പ്രകാശന് പ്രകാശിപ്പിക്കുന്നത്.
പെരുവനം സതീശന് എന്ന ജ്യേഷ്ഠന് ഏറ്റെടുക്കുന്ന മേളങ്ങളുടെയെല്ലാം മനേജര്‍ പദവി പ്രകാശിനാണ്. ഒന്നിലേറെ ഇടങ്ങളില്‍ പരിപാടികള്‍ ഉണ്ടെങ്കില്‍ അവിടേക്കു പാകത്തിന് ഒരുക്കം കൂട്ടുക, പ്രതിഫലം വിതരണം ചെയ്യുക ഇതൊക്കെയാണ് ഏല്‍പ്പിക്കുക. ഇതിനു പുറമെ പ്രമാണിക്കൊപ്പം മേളം കൊട്ടണം. പെരുമനത്ത് പ്രമാണിമാരായി തലമുതിര്‍ന്നവര്‍ നിരവധിയാണ്. അതിനിടയില്‍ നിന്നും ഉയര്‍ന്നുവരുവാന്‍ ചെറിയ തലയിലെഴുത്ത് പോര. അതിനാല്‍ തന്നെ പല പ്രതിഭകളും ഒതുങ്ങിപ്പോകും. കാലം കൊണ്ട് ഇതിന് മാറ്റങ്ങള്‍ വന്നു. പ്രമാണപദം പ്രകാശന് അതിധാരാളമല്ല. പക്ഷേ ഉള്ള മേളം കറതീര്‍ത്ത് കലാശിക്കുവാന്‍ ചക്കംകുളം വഴി പ്രകാശനിലും നിറഞ്ഞ് നില്ക്കുന്നു.
മാരാര്കുടുംബത്തിലെ ഒരു കുട്ടി പഠിച്ചെടുക്കേണ്ടത് അക്കാദമിക് തലത്തിലല്ല. വാദ്യ വഴികള്‍ ഏറെ ശാഖോപശാഖകളായി പിരിഞ്ഞ് കിടക്കുകയാണ്. ഇതിലെല്ലാം നല്ല അറിവു നേടണം. അവസരം ധാരളം ഉണ്ടായെന്നു വരില്ല. പക്ഷേ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തണം. പഠിപ്പിക്കുവാന്‍ കഴിവുള്ളവരാണെങ്കില്‍ ആ വഴികൂടി അറിഞ്ഞിരിക്കണം.
ഇതെല്ലാം പ്രകാശന് മാരാരില്‍ വേണ്ടുവോളം ഉണ്ട്. മാനേജര്‍ പദവി കാരണം മുന്‍നിരയിലെ പ്രമാണപദത്തിന് ധാരാളം അവസരങ്ങള്‍ വന്നില്ല. എങ്കിലും നല്ല പ്രമാണിക്ക് വേണ്ട വിധം പിന്തുണ പകരുവാന്‍ പ്രകാശിന് നല്ല വശ്യതയുണ്ട്. പഞ്ചവാദ്യത്തില്‍ ഇടക്ക പ്രയോഗിക്കാറുണ്ട്. ഇദ്ദേഹത്തിന്റെ ഇടം കൈ ശുദ്ധി പ്രശസ്തമാണ്. മേളത്തിനും തായമ്പകയ്ക്കും, കുഴല്പ്പറ്റിനും ഇതിന്റെ സൗന്ദര്യം തെളിഞ്ഞു കാണാം. ഭാര്യ അജിതയും മക്കള്‍ ഹരിയും ഗോകുലും മേളത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: