Categories: Samskriti

ബെംഗളൂരു അയ്യപ്പക്ഷേത്ര മാഹാത്മ്യം-1

Published by

1. മല്ലേശ്വരം അയ്യപ്പക്ഷേത്രം

1950 കാലഘട്ടങ്ങളില്‍ ബെംഗളൂരുവിലെ അയ്യപ്പഭക്തര്‍ ചേര്‍ന്ന് ആദ്യമായി ഒരു അയ്യപ്പസമിതി രൂപീകരിച്ച് ഭജനമഠം സ്ഥാപിക്കുകയുണ്ടായി. ബെംഗളൂരുവില്‍ അയ്യപ്പഭക്തി പ്രസ്ഥാനം ആദ്യമായി തുടങ്ങുന്നത് ഇവിടെയാണ്. അക്കാലത്ത് അവര്‍ ആരംഭിച്ച അയ്യപ്പവിളക്ക് വരെ പ്രശസ്തമായിരുന്നു. ക്രമേണ മല്ലേശ്വരം അയ്യപ്പ ടെംപിള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു. ആദ്യകാലത്തെ ഗുരുസ്വാമി ഗോവിന്ദന്‍ സ്വാമികളുടെ ശിഷ്യനായ ജനാര്‍ദ്ദന്‍ സ്വാമിയാണ് ക്ഷേത്രത്തിലെ ഇപ്പോഴത്തെ ഗുരുസ്വാമി.

1995 മെയി 27ന് ശബരിമല തന്ത്രികളായിരുന്ന കണ്ഠരര് നീലകണ്ഠരര് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചു. ഉപദേവന്മാരായി ഗണപതി, മാളികപ്പുറം, സുബ്രഹ്‌മണ്യന്‍, നവഗ്രഹങ്ങള്‍, നാഗങ്ങള്‍ എന്നിവയും ഇവിടെ പ്രതിഷ്ഠാപിതമായിട്ടുണ്ട്.

ഡിസംബര്‍ 21 മുതല്‍ 27 വരെ കൊടിയേറിയുള്ള ഉത്സവമാണ് നടക്കാറുള്ളത്. ക്ഷേത്രത്തില്‍ നിത്യവും ത്രികാലപൂജ കൂടാതെ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, ഭഗവതിസേവ എന്നിവയ്‌ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആയില്യം നാളില്‍ നാഗപൂജ എല്ലാ മാസവും നടത്തി വരുന്നു. ഇവിടുത്തെ ഷഷ്ഠിപൂജ വളരെ പ്രശസ്തമാണ്. മല്ലേശ്വരം 18-ാം ക്രോസില്‍ സാങ്കിടാങ്കിന് സമീപമാണ് ക്ഷേത്രം നിലകൊള്ളുന്നത്. പൂലൂര്‍ ശ്രീധരന്‍ നമ്പൂതിരി മേല്‍ശാന്തിയും മധുസൂദനന്‍ പോറ്റി സഹശാന്തിയുമാണ്.

 

2 കഗദാസ്പുര അയ്യപ്പക്ഷേത്രം

കഗദാസ്പുര അയ്യപ്പക്ഷേത്തിന്റെ മുഴുവന്‍ പേര് ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനം എന്നാണ്. ശിവഗിരി മഠാധിപതിയായിരുന്ന സ്വരൂപാനന്ദസ്വാമികളുടെ അനുഗ്രഹ ആശീര്‍വാദങ്ങളോടെയാണ് ക്ഷേത്ര സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മാധികാരി സുഭാഷ് ചന്ദ്രന്‍ കഗദാസ്പുര റെയില്‍വേ ഗേറ്റിനു സമീപം ഏകദേശം പതിനയ്യായിരം സ്വകയര്‍ ഫീറ്റ് സ്ഥലത്തില്‍ ക്ഷേത്രനിര്‍മാണങ്ങള്‍ തുടങ്ങിവച്ചു. 2011 മിഥുനമാസം 9-ആം തീയതി രണ്ട് പ്രധാന ശ്രീ കോവിലുകളിലായി അയ്യപ്പനേയും, ചെട്ടിക്കുളങ്ങര ഭഗവതിയേയും പ്രതിഷ്ഠിച്ചു. ഗുരുദേവന്‍, ഗണപതി, നാഗര് ദേവസ്ഥാനങ്ങളും അന്നേ ദിവസം പ്രതിഷ്ഠാപിതമായി.

ക്ഷേത്രാഭിവൃദ്ധിയെ തുടര്‍ന്ന് ശ്രീകൃഷ്ണന്‍, നവഗ്രഹങ്ങള്‍, ദണ്ഡപാണി മുരുകന്‍, ശിവന്‍ തുടങ്ങിയ ദേവതാമൂര്‍ത്തികള്‍ക്കും ആരാധനാ സ്ഥാനങ്ങള്‍ ഉണ്ടായി. ശ്രീമത് കിടങ്ങറ സജി ആണ് ക്ഷേത്രം തന്ത്രികള്‍. നമസ്‌കാര മണ്ഠപം, ചുറ്റമ്പലം തുടങ്ങി കേരളീയ തച്ചുശാസ്ത്രപ്രകാരമാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍. ഓഫീസ്‌റൂം, ഊട്ടുപുര, നാനൂറോളം പേര്‍ക്കിരിക്കാവുന്ന ഹാള്‍ എന്നിവയും ഉണ്ട്. രണ്ട് ഉത്സവങ്ങളാണ് പ്രധാനമായി ഇവിടെ നടക്കാറുള്ളത്. കുംഭ ഭരണി ഒരു ദിവസവും, മീനഭരണി ഏഴു ദിവസവും, മണ്ഡലമകരവിളക്ക് കാലഘട്ടവും ഉത്സവാന്തരീക്ഷത്തിലാണ്.

ജനുവരി 15-ന് ചെട്ടികുളങ്ങര പൊങ്കാലയും, പിന്നീട് ആറ്റുകാല്‍ പൊങ്കാലയും യഥാവിധി ചെയ്യുന്നുണ്ട്. ശിവരാത്രി മഹോത്സവും, നവചണ്ഡികാഹോമം, ശ്രീകൃഷ്ണജയന്തി, രാമായണമാസാചരണം, മണ്ണാറശാല ആയില്യഉത്സവം എല്ലാ മാസവും ഭരണിക്ക് ഗുരുതി, ആയില്യത്തിനു നാഗപൂജ , പറശ്ശനിക്കടവ് മുത്തപ്പന് വര്‍ഷത്തിലൊരിക്കല്‍ വെള്ളാട്ടം, തിരുവപ്പന തുടങ്ങി ക്ഷേത്രം സര്‍വ്വത്ര സജീവമാണ്, പാലക്കാട്ക്കാരനായ ശിവദാസന്‍, ജയേഷ് ശാന്തി എന്നിവര്‍ ആണ് പൂജാരിമാര്‍. അടുത്ത ഘട്ടമായി ഹനുമാന്‍ ക്ഷേത്രം, മുത്തപ്പന്‍ ക്ഷേത്രം എന്നിവ പണിയും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by