ന്യൂദൽഹി: ലോക്സഭയിലെ കടന്നുകയറി കളർസ്പ്രേ പ്രയോഗിച്ച സംഭവം ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനേക്കുറിച്ച് വാദപ്രതിവാദങ്ങളുടെ ആവശ്യമില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
“ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ലോക്സഭാ സ്പീക്കർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണ്. വിശദമായ അന്വേഷണം നടത്തും,” ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങളെ ഒരുഘട്ടത്തില്‍ പോലും ലാഘവത്തോടെ സമീപിച്ചിട്ടില്ല. ഇതിന് പിന്നിലെ ഘടകങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതും ഒരുപോലെ പ്രധാനമാണ്. തുറന്ന മനസ്സോടെ അന്വേഷണം നടത്തണം. വിവാദങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പിന്മാറണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഈ മാസം 13 നാണ് പാർലമെന്റിന്റെ ഗാലറിയിൽ നിന്ന് രണ്ടു ചെറുപ്പക്കാർ എം.പിമാർ ഇരിക്കുന്ന ഭാഗത്തേക്ക് ചാടിവീഴുകയും മുദ്രാവാക്യം വിളിക്കുകയും സ്മോക്ക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തത്. ഇതേസമയം തന്നെ പാർലമെന്റിന് പുറത്തും രണ്ടുപേർ പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: