അസതോ മാ സദ്ഗമയാ,
തമസോ മാ ജ്യോതിര്‍ഗമയാ,
മൃത്യോര്‍മാ അമൃതം ഗമയ.
ഇതായിരുന്നു ആര്‍ഷഭാരതത്തിലെ ഓരോ ആത്മാവിന്റേയും പ്രാര്‍ത്ഥന. അസത്തില്‍ നിന്നും സത്തിലേക്കും ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും മൃത്യുവില്‍ നിന്ന് അമൃതത്വത്തിലേക്കും നയിക്കണേ എന്ന ജീവല്‍ പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥന ഉദ്ഭൂതമായ ഋഷിഹൃദയമാണ് ഭാരതത്തില്‍ വിടര്‍ന്ന ആദ്യത്തെ സനാതന സൗഗന്ധികം. മഹത്തായ ഒരു ഋഷിപാരമ്പര്യം കൊണ്ട് മഹിതമായ ഹൈന്ദവഭൂമി. ആ ഋഷി പരമ്പരയിലെ തിളങ്ങുന്ന വ്യക്തിത്വം, സ്വാമി സത്യാനന്ദസരസ്വതി. സത്യത്തിന്റെ നാദഘോഷം ഉറക്കെ മുഴക്കിയ ഉദ്ദണ്ഡമനീഷി. ചെങ്കോട്ടുകോണം ശ്രീരാമദാസമിഷന്റെ പാര്ത്ഥസാരഥിയായിരുന്ന ആ ദീര്ഘദര്ശകന്റെ വാക്കുകളിലാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്ക (കെഎച്ച്എന്‍എ)എന്ന കൂട്ടായ്മയുടെ ആശയം കനലൂതി പ്രകാശപ്പെട്ടത്. അര്‍ത്ഥവത്തായ ആചാരാനുഷ്ഠാനങ്ങളുടെയും സംസ്കാരമാണ് ഹിന്ദുക്കള്ക്കുള്ളത്. ഓരോ വാക്കിനും ഓരോ അര്‍ത്ഥം എന്നപോലെ, ഓരോ ആചാരത്തിന്റെ പിന്നിലും ഒരു തത്വം. ഒരു ഐതിഹ്യം ഒരു വിശ്വാസം. പരമ്പരകളായി തൊട്ടറിഞ്ഞ ഒരനുഭവം. അത്തരം അനുഭവസമ്പത്തുള്ള ജനസമൂഹത്തിന്റെ ഒത്തുചേരലാണ് കെഎച്ച്എന്‍എ.
മനോഹരമായ ദൃശ്യഭംഗികളുടെ ഹരിത സമൃദ്ധി നിറഞ്ഞുനില്ക്കുന്ന കേരളം. പരിശുദ്ധഭൂമി. പരശുരാമഭൂമി. പരിപാവന ഭൂമി. നൂറായിരം സുഗന്ധവിളകളുടെ ഭൂമി. നൂതനവും സനാതനവുമായ വിശ്വദര്‍ശനം കൗതുകം വിടര്‍ന്ന ഭൂമി. കലകളുടെയും കനത്ത കതിര്ക്കുലകളുടെയും കേദാരഭൂമി. വന്നതെല്ലാം സ്വീകരിച്ച് വരം കൊടുത്ത് വാഴിച്ച വസന്തഭൂമി. ലോകം ഏകനീഡമാണെന്ന് എത്രയോ മുന്‍പ് കണ്ടറിഞ്ഞ ധന്യഭൂമി. ആ കേരളഭൂമിയുടെ മക്കള്‍ അവാച്യമായ സംസ്കാരനാളങ്ങള്. എവിടെയും എപ്പോഴും പ്രകാശം പരത്തുന്ന പുണ്യനക്ഷത്രങ്ങള് തത്വത്തിന്റെയും തത്വമസിയുടെയും പൊരുള്‍ കണ്ട പൂര്‍വ്വികര്‍. ‘ഏകം സദ് വിപ്രാഃ ബഹുധാ വദന്തി’എന്ന മതബോധമുള്ക്കൊള്ളുവാനുള്ള മഹാമനസ്കതയാര്ന്നവര്. അഭിമാനികളായ അവരുടെ പിന്മുറക്കാര് ആര്‍ഷ സംസ്കാരത്തിന്റെ പ്രതിനിധികള്‍. അമേരിക്കയില്‍ ജീവിക്കുന്ന അവരുടെ പ്രിയപ്പെട്ട കൂട്ടായ്മയാണ് കെഎച്ച്എന്‍എ കണ്വന്ഷന്.
അനശ്വരമായ ഒരു സംസ്കൃതിയുടെ പ്രകാശ നക്ഷത്രങ്ങളാകാന്‍, ആരും പ്രതീക്ഷിക്കുന്ന സുപ്രഭാതത്തിന്റെ അരുണകിരണങ്ങളാകാന്, സന്തോഷത്തിന്റെ ഒരുമ. പരസ്പരം കാണാനും സന്തോഷം പങ്കുവയ്ക്കാനും അടുത്തറിയാനും ആഘോഷിക്കാനും ഈ രണ്ടുവര്‍ഷം കൂടുമ്പോഴുള്ള ഒത്തുകൂടല്‍. പിറന്ന മണ്ണിന്റെ മഹത്വം പിന്നെയും പിന്നെയും തിരിച്ചറിയുന്ന ദിവസങ്ങള്‍.
അശ്വമേധം എന്നപേരില്‍ ഇത്തവണ ഹൂസ്റ്റണില്‍ സമാപിച്ച കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്കയുടെ കണ്വന്ഷന് കാമ്പുള്ള പരിപാടികളാലും വേറിട്ട അവതരണം കൊണ്ടും സംസ്കാരത്തിലൂന്നിയ ചടങ്ങുകള്‍ മൂലവും ഏറെ മുന്നിട്ടുനിന്നു. തുടക്കം മുതല്‍ ഹൈന്ദവ ദര്‍ശനം തുടിച്ചുനിന്ന പരിപാടി. സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും പ്രതീക്ഷയുടേയും മൂന്നു ദിനങ്ങള്‍ സമ്മാനിച്ച പരിപാടി.
ഏതാഘോഷങ്ങളേയും ജനകീയമാക്കുന്നത് അത് ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുമ്പോഴാണ്. ഉത്സവങ്ങളോടനുബന്ധിച്ചുള്ള ഘോഷയാത്ര അതിനായിട്ടുള്ളതാണ്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാമജപാലാപനത്തോടെ കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ശോഭായാത്ര കണ്‍വന്‍ഷന്റെ വിളംബരഘോഷം കൂടിയായായിരുന്നു. പൂര്‍ണ്ണകുംഭം നല്കി ആചാര്യന്മാരെ വരവേല്‍ക്കുക എന്നതാണ് ആചാരം.
കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ആചാര്യശ്രേഷ്ഠരെ പ്രവേശന കവാടത്തില്‍ പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചാണ് ആനയിച്ചത്. ഉത്സവത്തിന്റെ കേളികൊട്ടുയയര്ത്തി സമ്മേളനവേദിയെ കലാമണ്ഡലം ശിവദാസനും സംഘവും ശബ്ദഘോഷത്താല്‍ മുഖരിതമാക്കി. അതിഥികളും ആചാര്യന്മാരും അയോധ്യാ നഗരിയില്‍ സ്ഥാപിതമായ ക്ഷേത്രനടയില്‍ തൊഴികൈകളോടെ ലോകനന്മയ്ക്കായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മൂന്നുനാളത്തെ ഉത്സവത്തിന്റെ കൊടിക്കൂറ മാനത്തേയ്ക്കുയര്‍ന്നു. കെഎച്ച്എന്‍എ അധ്യക്ഷന്‍ ജി. കെ. പിള്ള അഭിമാനത്തോടെ കാവിപതാക മാനത്തേക്കുയര്‍ത്തി. ‘അയോധ്യ’ എന്നു പേരിട്ട സഭാഗൃഹത്തിലേക്ക് അതിഥികളും ആളുകളും എത്തിയപ്പോള്‍ സഭാമധ്യത്തില്‍ അംഗനമാരുടെ മഹാതിരുവാതിര. പാട്ടുപാടി താളമിട്ട് മതിമറന്ന് ആടിക്കളിക്കുന്ന വനിതകള്‍ വരാനിരിക്കുന്ന കാഴ്ച ഭംഗികള്‍ക്ക് സൂചന നല്കി.
നാട്ടില്‍നിന്നും അമേരിക്കയില്‍ നിന്നും എത്തിയ വിവിഐപികളുടെ നിര ഉണ്ടായിരുന്നിട്ടും ഉദ്ഘാടന ചടങ്ങിന് നിലവിളക്ക് തെളിയിച്ചത് അവരിലാരുമായിരുന്നില്ല. മാതൃകരങ്ങളാണ് സമ്മേളന വേദിയിലെ നിലവിളക്കിലേക്ക് ദീപം പകര്‍ന്നത്.
പാരമ്പര്യവും സംസ്ക്കാരവും കെടാതെ സൂക്ഷിച്ച് പുതുതലമുറയിലേക്ക് പകരുന്ന അമ്മമാരുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് പേര് ഭദ്രദീപം തെളിയിച്ചു. പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ അമ്മ ഡോ. ഗീതാ രാമസ്വാമി എന്നിവരും വിളക്കിലേക്ക് അഗ്നി പകരാന്‍ ഒപ്പം ചേര്‍ന്നു.
സ്വാമി സത്യാനന്ദ സരസ്വതിയുടെ സ്മരണയ്ക്ക് മുന്നില്‍ പൂക്കള്‍ അര്‍പ്പിച്ചാണ് ഉദ്ഘാടന ചടങ്ങിനായി അതിഥികള്‍ വേദിയില്‍ പ്രവേശിച്ചത്. സ്വാമി ചിദാനന്ദപുരി, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, ആറ്റുകാല്‍ തന്ത്രി പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട്, ഉദിത് ചൈതന്യ, കുമ്മനം രാജശേഖരന്, ശ്രീകുമാരന്‍ തമ്പി, നമ്പി നാരായണന്, സൂര്യ കൃഷ്ണമൂര്‍ത്തി, സംവിധായകന് കെ.മധു, പത്രപ്രവര്ത്തകന് പി.ശ്രീകുമാര്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കളായ രാമസ്വാമി, ഡോ. ഗീതാ രാമസ്വാമി.. ഉദ്ഘാടന ചടങ്ങിനെ പ്രൗഢമാക്കാന്‍ നിരന്ന അതിഥികളുടെ നിര നീണ്ടതായിരുന്നു.
ആശയ വൈവിധ്യം, നൂതനമായ ആവിഷ്ക്കരണം, മികവാര്‍ന്ന അവതരണം. കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ പ്രവാസി സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി. ഭാരത ചരിത്രത്തിലെ സ്ത്രീരത്നങ്ങളെ അവതരിപ്പിച്ച ‘ജാനകി’, സൂര്യകൃഷ്ണ മൂര്‍ത്തി ഒരുക്കിയ ‘ഗണേശം’, ശ്രീകുമാരന്‍ തമ്പിയോടുള്ള ആദരവായി ‘ശ്രീകുമാരം മധുരം’ സംഗീത നിശ, സി.രാധാകൃഷ്ണന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ‘എഴുത്തച്ഛന്’ നാടകം, ആചാര്യസംഗമം, ഹിന്ദു കോണ്‍ക്ലേവ്, ബിസിനസ്സ് കോണ്‍ക്ലേവ്, വനിതാ കോണ്‍ക്ലേവ്, സയന്‍സ് കോണ്‍ക്ലേവ്, സാഹിത്യ സെമിനാര്‍… വിവിധ സംസ്ഥാനങ്ങളുടെ കലാപരിപാടികള്‍.
വിവേക് രാമസ്വാമിയുടെ പ്രസംഗമായിരുന്നു സമാപന സമ്മേളനത്തിന്റെ തിലകക്കുറി. അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ തന്നെ മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവ തന്നെയെന്ന് വ്യക്തമാക്കിയുള്ള ഉജ്ജ്വല പ്രഭാഷണം.
”ഭഗവാന് നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യം തരികയും നമ്മിലൂടെ തന്റെ നിശ്ചയത്തെ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു. കുടുംബം ജീവിതത്തിന്റെ അടിത്തറയാണ്. മാതാപിതാക്കള്‍ വന്ദ്യരാണ്. വൈവാഹിക ബന്ധം പവിത്രമാണ്. എന്നതൊക്കെയാണ് വീട്ടില്‍നിന്ന് പഠിച്ചു വളര്‍ന്ന മൂല്യങ്ങള്‍. അതുതന്നെയാണ് അമേരിക്കയുടെ പരമ്പരാഗതമായ സ്ഥാപിത മൂല്യങ്ങള്‍. അമേരിക്കയുടെ രണ്ടാം രാഷ്ട്രപതി ജോണ്‍ ആഡംസ് പിന്നീട് സംസ്കൃതത്തിന്റെയും ഹൈന്ദവ സംസ്കാരത്തിന്റെയും പണ്ഡിതനായി എന്ന വസ്തുത ഇന്ന് പല അമേരിക്കക്കാരെയും അതിശയിപ്പിക്കുന്നെങ്കിലും അതില്‍ അതിശക്കാന്‍ ഒന്നുമില്ല. കാരണം ഈ രാജ്യത്തിന്റെ സ്ഥാപിത പാമ്പര്യം ആ ഭാരതീയ സംസ്കാരത്തിന്റേതുതന്നെയാണ്. നമ്മുടെ നഷ്ടപ്പെട്ട ആത്മീയതയെ വീണ്ടെടുക്കാനുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ സാമാന്യമൂല്യങ്ങള്‍ വീണ്ടെടുത്ത് വരുന്ന തലമുറയ്ക്ക് പങ്കുവയ്ക്കുക എന്നത് നമ്മുടെ കടമയും കൂടിയാണ്.” വിവേക് രാമസ്വാമി പറയുമ്പോള്‍ പ്രസംഗം ശ്രവിച്ച് കണ്ണീരണിഞ്ഞ് വേദിയില്‍ രാമസ്വാമിയും ഡോ. ഗീതാ രാമസ്വാമിയും.
എല്ലാറ്റിലും ഉപരി വേദമയമായിരുന്നു കെഎച്ച്എന്‍എ ഹൂസ്റ്റണ്‍ കണ്‍വെന്‍ഷനെ അടയാളപ്പെടുത്തുന്നതായി മാറിയത്. സമ്മേളനത്തിലെത്തിയ എല്ലാവരേയും സ്വീകരിച്ചത് ഋഗ്വേദം സമ്മാനിച്ച്. എല്ലാ ഹൈന്ദവ ഭവനങ്ങളിലും വേദം എത്തണം എന്ന സ്വാമി സത്യാനന്ദസരസ്വതിയുടെ ആഗ്രഹം. മഹത്തായ ലക്ഷ്യത്തിന്റെ വലിയ തുടക്കത്തിന് ഹൂസ്റ്റണ്‍ കണ്വന്ഷന് സാക്ഷ്യം വഹിച്ചു. സംസ്കൃതത്തിലും ഇംഗ്ലീഷിലും അര്‍ത്ഥസഹിതം പ്രത്യേകം തയ്യാറാക്കിയ വേദം. ‘വേദ സമര്‍പ്പണം’എന്നു പേരിട്ടിരുന്ന പരിപാടിയുടെ തുടക്കം കുറിച്ചത് വിവേക് രാമസ്വാമിയുടെ മാതാപിതാക്കളും.
ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്കുപയോഗിക്കാവുന്ന വിശ്വപ്രതിജ്ഞ പാസാക്കിയാണ് സമ്മേളനത്തിന് കൊടിയിറങ്ങിയത്. യജുര്‍വേദത്തിലെ ‘ഓം സഹനാവവതു….’ എന്ന ശാന്തിമന്ത്രത്തെ അധികരിച്ച് വര്‍ഗ്ഗ, വര്‍ണ്ണ, ദേശീയ, ജീവിതശൈലി വ്യത്യാസങ്ങള്‍ കൂടാതെ എല്ലാവര്ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന പ്രതിജ്ഞയാണിത്. സമാപനസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ഏറ്റുചൊല്ലി.
ന്യൂയോര്‍ക്കില്‍ രജതജജൂബിലി സമ്മേളനം വിരാട് സമ്മേളനമാക്കിമാറ്റും എന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ജി. കെ. പിള്ളയില്‍ നിന്നും പുതിയ പ്രസിഡന്റ് നിഷ പിളള കൊടിക്കൂറ ഏറ്റുവാങ്ങിയപ്പോള്‍ കെഎച്ച്എന്‍എയുടെ പ്രയാണം നേരായ വഴിയിലൂടെ തന്നെ എന്ന് വിളിച്ചറിയിക്കുക കൂടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: