ന്യൂദല്‍ഹി: ശബരിമലയിലെ ഭക്തരുടെ ദുരിതത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. ശബരിമലയില്‍ എത്രയും വേഗം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി കേരള മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഭക്ഷണം, വെള്ളം, വൃത്തിയുള്ള ശുചിമുറികള്‍, മെഡിക്കല്‍ സഹായം എന്നിവ ഭക്തര്‍ക്ക് അടിയന്തരമായി നല്കണം. അവരുടെ ദുരിതം കുറയ്‌ക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമലയിലെത്തുന്ന കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. എല്ലാ വര്‍ഷവും ഒരു കോടിയിലേറെ ഭക്തര്‍ മണ്ഡലകാലത്ത് ശബരിമലയിലെത്തുന്നുണ്ട്. തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നായി 15 ലക്ഷത്തിലധികം പേര്‍ അവിടെയെത്തുന്നു. എന്നാല്‍ മണിക്കൂറുകള്‍ വരി നിന്നും തിക്കിലും തിരക്കിലും പെട്ടും സന്നിധാനത്തടക്കം ഭക്തര്‍ ദുരിതത്തിലാണ്. ദര്‍ശനത്തിനു കാത്തുനിന്ന പെണ്‍കുട്ടി മരിച്ചത് ഏറെ വേദനയുണ്ടാക്കുന്നു.
ദര്‍ശനത്തിനു വേണ്ടുന്ന സമയം കുറയ്‌ക്കാന്‍ പരമാവധി പോലീസിനെ നിയോഗിക്കണം. സുരക്ഷിത ദര്‍ശനം ഭക്തര്‍ക്ക് സാധ്യമാക്കണം. ഇതിനായി സഹായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. ഭക്തരെ സഹായിക്കാന്‍ സന്നദ്ധരായ എന്‍ജിഒകളെ ക്ഷേത്ര പരിസരത്തും പമ്പ-സന്നിധാനം തീര്‍ത്ഥാടന പാതയിലും നിയോഗിക്കണം, കിഷന്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
മണ്ഡല പൂജ 27ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ശബരിമല: മണ്ഡലകാലത്തിനു സമാപനം കുറിച്ച് 27ന് മണ്ഡല പൂജ നടക്കും. 27ന് രാവിലെ 10.30നും 11.30നും മധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് പൂജ.
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര 23ന് രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. 26ന് ഉച്ചയ്‌ക്ക് ഒന്നിന് ഘോഷയാത്ര പമ്പയിലെത്തും. പമ്പ ദേവസ്വം സ്പെഷല്‍ ഓഫീസര്‍ മനോജ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് പമ്പ ഗണപതി ക്ഷേത്രത്തിലേക്കാനയിക്കും. വൈകിട്ട് മൂന്നു വരെ ഗണപതി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് തങ്കയങ്കി ദര്‍ശിക്കാം. പമ്പയില്‍ നിന്ന് 3.15നു പുറപ്പെട്ട് 5.50ന് ശരംകുത്തിയിലെത്തുന്ന തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനോദ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ജി. ബിജു, സോപാനം സ്പെഷല്‍ ഓഫീസര്‍ അരവിന്ദ് എന്നിവര്‍ സ്വീകരിച്ച് സന്നിധാനത്തേക്കാനയിക്കും.
6.15ന് പതിനെട്ടാംപടിക്കു മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാര്‍, ജി. സുന്ദരേശന്‍, സ്പെഷല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ സി.എന്‍. രാമന്‍, ചീഫ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍ എന്നിവര്‍ സോപാനത്തേക്കാനയിക്കും. സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി.എന്‍. മഹേഷ് എന്നിവര്‍ ഏറ്റുവാങ്ങി ഭഗവാനു ചാര്‍ത്തി ദീപാരാധന നടത്തും. 27ന് രാത്രി 10ന് ഹരിവരാസനം പാടി നടയടയ്‌ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിനു സമാപ്തിയാകും. തുടര്‍ന്ന് മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: