‘വിദ്യാഭ്യാസത്താല്‍ ഞാന്‍ ഇംഗ്ലീഷുകാരനും സംസ്‌കാരം കൊണ്ട് മുസ്ലിമും ആകസ്മികമായി ഹിന്ദുവുമാണ് താന്‍’ എന്ന് ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞിട്ടുണ്ടോ എന്നതില്‍ തര്‍ക്കം ഉണ്ടാകാം. പക്ഷേ താന്‍ അഭിമാനിയായ ഹിന്ദുവാണ് എന്ന് ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. പറയുകയുമില്ല. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പറയുന്നു ‘ഞാന്‍ അഭിമാനിയായ ഹിന്ദു’ എന്ന്. വെറുമൊരു പ്രസ്താവന മാത്രമല്ല ഇത്. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്നു പറഞ്ഞ സ്വാമി വിവേകാന്ദനെപ്പോലുള്ളവരുടെ ദീര്‍ഘദര്‍ശിത്വം യാഥാര്‍ത്ഥ്യമാകുന്നു. ഭാരതത്തിന്റേത് എന്നു പറഞ്ഞാല്‍ ഹിന്ദുക്കളുടേത് എന്നു തന്നെയാണര്‍ത്ഥം.
അഭിമാനിയായ ഹിന്ദു ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ലോകത്തിന് വഴികാട്ടുന്നു. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സനാതനഹിന്ദു ഭരണം നടത്തുന്നു. ലോകത്തിലെ ഏറ്റവും ശക്തരാഷ്‌ട്രം, അമേരിക്കയുടെ പ്രസിഡന്റാകാന്‍ ഹൈന്ദവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരാള്‍ മത്സരിക്കുന്നു. നരേന്ദ്രമോദിയും ഋഷിസുനകും വിവേക്‌രാമസ്വാമിയും നേതൃത്വം നല്‍കുന്ന ലോകം ഹിന്ദുവിന്റേത് അല്ലാതെ ആരുടേതാകും. പാമ്പുകളുടേയും പാമ്പാട്ടികളുടേയും നാടാണ് ഇന്ത്യ എന്നു പറഞ്ഞ് കളിയാക്കിയവര്‍ യോഗയേയും ഭാരതീയ മൂല്യങ്ങളേയും ഉള്‍ക്കൊള്ളാന്‍ മത്സരിക്കുന്നു. സമാധാനത്തിനായി ഭാരതത്തെ ഉറ്റുനോക്കുന്നു. ഈ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന വിവേക്‌രാമസ്വാമിയുടെ നിലപാടുകള്‍ ശ്രദ്ധ നേടുന്നത്. അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാം ക്രിസ്തുമത വിശ്വാസികളായിരുന്നു. മഹാഭൂരിപക്ഷവും ദൈവശാസ്ത്രപരമായ നവീകരണത്തിന്റെ തത്വങ്ങളെ പിന്തുടരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍. കത്തോലിക്കക്കാരായി രണ്ടുപേര്‍ മാത്രം. ജോണ്‍ എഫ് കെന്നടിയും ജോ ബൈഡനും. അച്ഛന്‍ മുസ്ളീം ആയിരുന്നെങ്കിലും ബാരക് ഒബാമ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയാണ് ജീവിച്ചത്. ‘ഞാനൊരു ക്രിസ്ത്യാനിയാണ്. യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പുള്ള മരണം, ഉയിര്‍പ്പ് എന്നിവയില്‍ ഞാന്‍ വിശ്വസിക്കുന്നു. വിശ്വാസം എനിക്ക് പാപത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെടാനും നിത്യജീവന്‍ നേടാനുമുള്ള ഒരുപാത നല്‍കുന്നു’ എന്നുപറഞ്ഞ് വിശ്വാസം ഉറപ്പിക്കാനും ഒബാമ താല്‍പര്യം കാണിച്ചിരുന്നു. ഏബ്രഹാംലിങ്കന്‍ പള്ളിയില്‍ പോയി വിശ്വാസം പ്രകടിപ്പിച്ചിരുന്നില്ലങ്കിലും ക്രിസ്തുമത വിശ്വാസിയായിട്ടാണ് അറിയപ്പെട്ടത്.
ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ വിവേക് രാമസ്വാമിയോട് ഒരു ഹിന്ദു എങ്ങനെ അമേരിക്കന്‍ പ്രസിഡന്റാകും എന്ന ചോദ്യം ഉയര്‍ന്നതും അതിനു നല്‍കിയ മറുപടിയും ശ്രദ്ധയാകുന്നത്. ‘ഞാനൊരു ഹിന്ദുവാണ്. അത് മറച്ചുവയ്‌ക്കില്ല. വ്യാജമായ ഒരു വിശ്വാസപ്രചാരണത്തിന് എന്നെ കിട്ടില്ല. രാഷ്‌ട്രീയനേട്ടത്തിലേക്കുള്ള വഴി മാത്രമാണ് ഞാന്‍ പിന്തുടരുന്നതെങ്കില്‍ എനിക്ക് എന്റെ വിശ്വാസം മറച്ചുവയ്‌ക്കാം. പക്ഷേ ഞാന്‍ അതിന് തയാറല്ല. എന്റെ വിശ്വാസത്തെപ്പറ്റി എല്ലാം ഞാന്‍ നിങ്ങളോട് പറയും. വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഞാന്‍ പരമ്പരാഗതമായ വിശ്വാസങ്ങളിലൂടെയാണ് മുന്നോട്ടുവന്നത്. വിവാഹം പവിത്രമാണെന്നാണ് എന്റെ അച്ഛനമ്മമാര്‍ പഠിപ്പിച്ചത്. കുടുംബങ്ങള്‍ സമൂഹത്തിന്റെ ആണിക്കല്ലാണ്. ഇത്തരം മൂല്യങ്ങള്‍ മറ്റെവിടെനിന്നാണ് ലഭിക്കുക’-വിവേക് രാമസ്വാമി ഇതു പറയുമ്പോള്‍ ലോകത്തമ്പാടുമുള്ള ഹിന്ദുക്കളുടെ അഭിമാനം എത്രത്തോളം ഉയരും എന്നത് പറയേണ്ടതില്ല. ചിക്കാഗോയില്‍ സ്വാമി വിവേകനന്ദന്‍ ഹിന്ദുത്വത്തെ വരച്ചിട്ട പ്രസംഗം വായിക്കുമ്പോള്‍ കിട്ടുന്ന വികാരം വിവേകിന്റെ പ്രസംഗം കേള്‍ക്കുമ്പോഴും ലഭിക്കുന്നു.
‘ദാനം ശീലിക്കുക. രക്ഷിതാക്കളെ ആദരിക്കുക, കൊല്ലരുത്, കള്ളമരുത്, ചതിയരുത്, കളവരുത്, വ്യഭിചാരമരുത്, ആര്‍ത്തിയരുത്… ഇതെല്ലാം എല്ലാ വിശ്വാസങ്ങളിലും പൊതുവായുള്ളതാണ്. ദൈവം ആരിലൂടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനുഷ്യനല്ല, ദൈവമാണ് നിശ്ചയിക്കുന്നത്. എന്റെ വിശ്വാസം പറയുന്നത് എല്ലാ വ്യക്തികളും എന്തെങ്കിലും ഒരു ലക്ഷ്യത്തിനായല്ലാതെ ജനിക്കുന്നില്ല എന്നാണ്. ആ ലക്ഷ്യത്തെ പൂര്‍ത്തീകരിച്ചേ മതിയാകൂ, കാരണം ദൈവം എല്ലാവരുടെയും ഉള്ളിലാണ് ഉള്ളത്. അതുകൊണ്ട് നമ്മളെല്ലാവരും തുല്യരാണ്.’-വിവേക് പറയുമ്പോള്‍ എന്തുപറഞ്ഞ് എതിര്‍ക്കാനാകും.
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷിനില്‍ വിവേക് രാമസ്വാമിയുടെ പ്രസംഗം നേരിട്ട് കേള്‍ക്കാന്‍ അവസരം കിട്ടി. എത്ര ആര്‍ജവത്തോടെയാണ് തന്റെ സംസ്‌ക്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും സംസാരിക്കുന്നത് എന്നതില്‍ അഭിമാനം തോന്നി. അമേരിക്കയുടെ സ്ഥാപിത പാമ്പര്യം ആ ഭാരതീയ സംസ്‌കാരത്തിന്റേതുതന്നെയാണെന്ന് സ്ഥാപിച്ചെടുക്കാനാണ് വിവേക് ശ്രമിക്കുന്നത്. ‘അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവയാണ്. ഭഗവാന്‍ നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യം തരികയും നമ്മിലൂടെ തന്റെ നിശ്ചയത്തെ സാക്ഷാത്കരിക്കുകയും ചെയ്യുന്നു. നാം നമ്മുടെ കര്‍ത്തവ്യം ചെയ്യുന്നു; ഭഗവാന്‍ തന്റെ ഭൂമികയും നിറവേറ്റുന്നു. കുടുംബം ജീവിതത്തിന്റെ അടിത്തറയാണ്. മാതാപിതാക്കള്‍ വന്ദ്യരാണ്. വൈവാവിക ബന്ധം പവിത്രമാണ്. എന്നതൊക്കെയാണ് വീട്ടില്‍നിന്ന് പഠിച്ചു വളര്‍ന്ന മൂല്യങ്ങള്‍. അതു തന്നെയാണ് അമേരിക്കയുടെ പരമ്പരാഗതമായ സ്ഥാപിത മൂല്യങ്ങള്‍.’-വിവേക് പറയുന്നു.
നഷ്ടപ്പെട്ട ആത്മീയതയെ വീണ്ടെടുക്കാനുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ സാമാന്യമൂല്യങ്ങള്‍ വീണ്ടെടുത്ത് വരുന്ന തലമുറയ്‌ക്ക് പങ്കുവയ്‌ക്കുക എന്നത് നമ്മുടെ കടമയും കൂടിയാണ്. ഭഗവാന്റെ പണിയായുധമായി നാം പലപ്പോഴും പാത്രീഭവിക്കുമ്പോള്‍ നവീനമായ ചിന്താഗതികള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. ഇതാണ് ഭഗവദ്ഗീതയുടെയും സന്ദേശം: ആ പാഠങ്ങളാണ് വ്യവസായ ജീവിതത്തിനുമപ്പുറം ഈ രാജ്യത്തെ നയിക്കുവാനും പുനഃസംയോജിപ്പിക്കുവാനുള്ള അവസരം തേടാന്‍ പ്രേരിപ്പിക്കുന്നത്. അമ്മയും അച്ഛനും പഠിച്ച മൂല്യങ്ങളുടെ വിജയത്തിനുവേണ്ടി എന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റും, ശേഷം ഭഗവദ് കരങ്ങളിലാണ്. അച്ഛനെന്നെ പഠിപ്പിച്ചത് ‘സത്യം വദ, ധര്‍മ്മം ചര’ എന്നാണ്. ഞാന്‍ അതില്‍ ഉറച്ചുനില്‍ക്കുകയും രാജ്യത്തിന്റെ മൂല്യങ്ങളും അതുതന്നെയാണെന്നു കരുതുകയും ചെയ്യുന്നു. എന്റെ വിശ്വാസമാണ് എനിക്ക് സ്വാതന്ത്ര്യം നല്‍കുന്നത്. എന്റെ വിശ്വാസമാണ് ‘പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് പ്രേരണ നല്‍കിയത്. ഞാന്‍ ഒരു ഹിന്ദുവാണ്.’-ആവര്‍ത്തിച്ചു പറഞ്ഞാണ് വിവേക്‌രാമസ്വാമി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നേറുന്നത്.
വിവേക് രാമസ്വാമി അമേരിക്കന്‍ പ്രസിഡന്റാകുമോ ഇല്ലയോ എന്നതല്ല പ്രധാന കാര്യം. പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ അഭിമാനത്തോടെ ഹിന്ദു എന്ന് വിളിച്ചു പറഞ്ഞ് വോട്ടു ചോദിക്കാന്‍ ധൈര്യപ്പെടുന്നു എന്നതാണ് പ്രധാനം. അതും ക്രൈസ്തവര്‍ക്ക് മഹാഭൂരിപക്ഷമുള്ള രാജ്യത്ത്. അഭിമാനിയായ ഹിന്ദുവിനെ ബ്രിട്ടനു വാഴിക്കാമെങ്കില്‍ എന്തുകൊണ്ട് അമേരിക്കയ്‌ക്ക് ആയിക്കൂടാ. ഭാരതത്തിലെ ക്രൈസ്തവര്‍ക്കും ആലോചിക്കാവുന്ന കാര്യമാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: