ന്യൂദല്‍ഹി: എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുഗമമായ ജീവിതം ഉറപ്പാക്കാനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനുളള വികസിത് ഭാരത് സങ്കല്പ് യാത്രകള്‍ ജനങ്ങള്‍ ഏറ്റെടുത്തതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിച്ച പ്രധാനമന്ത്രി, രാജ്യത്തെ ടയര്‍ 2, ടയര്‍ 3 നഗരങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വളരെക്കാലമായി രാജ്യത്തിന്റെ വികസനത്തിന്റെ നേട്ടങ്ങള്‍ കൊയ്തിരുന്നത് ചില വന്‍നഗരങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ നടപടികള്‍ കാരണം ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതായി മോദി പറഞ്ഞു. രാജ്യത്തെ നൂറുകണക്കിന് ചെറുനഗരങ്ങള്‍ വികസിത ഇന്ത്യയെ ശക്തിപ്പെടുത്താന്‍ പോകുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇടത്തരം കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് സാധ്യമായ എല്ലാ സഹായവും തന്റെ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമൃത് ദൗത്യം, സ്മാര്‍ട്ട് സിറ്റി ദൗത്യം എന്നിവയിലൂടെ ചെറുനഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ജലവിതരണം, ഡ്രെയിനേജ്, മലിനജല സംവിധാനം, ട്രാഫിക് സംവിധാനം, സിസിടിവി ശൃംഖല തുടങ്ങിയ സൗകര്യങ്ങള്‍ നിരന്തരം നവീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം, പൊതു ടോയ്ലറ്റുകള്, എല്‍ഇഡി തെരുവ് വിളക്കുകള്‍ എന്നിവയും നല്‍കുന്നുണ്ടെന്നും ഇത് ജീവിത സൗകര്യത്തിലും ബിസിനസ്സ് ചെയ്യാനുള്ള സൗകര്യത്തിലും നേരിട്ട് സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, മിസോറാം എന്നിവിടങ്ങളില്‍ വികസിത് ഭാരത് സങ്കല്പ് യാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വികസിത് ഭാരത് സങ്കല്പ് യാത്രയുടെ ഗുണഭോക്താക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: