ന്യൂദല്‍ഹി: ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരന്മാരൊക്കെ കാനഡയിലെന്താണ് ചെയ്യുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രൂക്ഷ പ്രതികരണം.
അവര്‍ അവിടെ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാതെ കാനഡ ഭാരതത്തിനെതിരെ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഖാലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു. എല്ലാ ആരോപണങ്ങളും പൂര്‍ണമായും തെറ്റാണ്. മറുപടി പോലും അര്‍ഹിക്കാത്തവയാണ്. ഭാരതം തേടുന്ന ഭീകരരൊക്കെ അവിടെ എന്താണ് ചെയ്യുന്നതെന്ന് ട്രൂഡോ ആദ്യം പറയട്ടെ, ഒരു മാധ്യമസ്ഥാപനത്തിന്റെ കോണ്‍ക്ലേവില്‍ പങ്കെടുത്ത് ഷാ പറഞ്ഞു.
സംഭവത്തിലെ ഭാരത ബന്ധത്തെക്കുറിച്ചും നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുക വഴി അവരെ ശാന്തരാക്കാനാണ് ഉദ്ദേശിച്ചതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഷായുടെ പ്രസ്താവന. കനേഡിയന്‍ ജനതയെ കൂടുതല്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് മുന്‍കൂട്ടിയുള്ള പ്രതിരോധം എന്ന നിലയിലാണ് താന്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അത് പറഞ്ഞതെന്ന് ട്രൂഡോ ചൂണ്ടിക്കാട്ടി.
ട്രൂഡോയുടെ ആരോപണങ്ങള്‍ അസംബന്ധവും പ്രകോപനപരവുമാണെന്ന് ഭാരതം തിരിച്ചടിച്ചു. കാനഡ ഒരു തെളിവും പങ്കുവച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ ആഴ്ച രാജ്യസഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: