വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വിചാരണക്കോടതി വെറുതെവിട്ട സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രതിക്കെതിരെ ബലാത്സംഗവും കൊലപാതകവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു പറയുന്ന വിധിയില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയിരിക്കുന്നത്. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞ് സംഭവസ്ഥലം സന്ദര്‍ശിച്ചതും, സ്ഥലത്തുനിന്നുള്ള തെളിവുകള്‍ ശേഖരിക്കുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണെന്നും പറയുകയുണ്ടായി. ശാസ്ത്രീയമായ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ കൃത്യതയുണ്ടായില്ലെന്നും, വിരലടയാള വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ലൈംഗിക ചൂഷണം നടന്നതായി അംഗീകരിച്ച കോടതി പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വിമര്‍ശിച്ചു. കേസില്‍ പ്രതിക്കെതിരെ സാഹചര്യത്തെളിവുകളും, സംശയാസ്പദമായ വിവരങ്ങളും മാത്രമാണ് പോലീസിന്റെ പക്കലുണ്ടായിരുന്നത്. വിധിപറഞ്ഞ കോടതിയും പരിസരവും വികാരവിക്ഷുബ്ധവും സംഘര്‍ഷഭരിതവുമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തന്റെ കുഞ്ഞിനെ കൊന്നതാണെന്നും, ഇതു ചെയ്തവന്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നും, അവനെ ജീവിക്കാന്‍ അനുവദിക്കില്ലെന്നുമൊക്കെ വിലപിക്കുന്ന അമ്മയുടെ ദൃശ്യം ഹൃദയഭേദകമായിരുന്നു. പോലീസിനും പ്രോസിക്യൂഷനും കോടതിവിധിക്കെതിരെയും ബന്ധുക്കള്‍ അത്യന്തം വൈകാരികമായി പ്രതികരിച്ചത് നാടകീയമായ രംഗങ്ങള്‍ക്കിടയാക്കി. കണ്ടുനിന്ന ഒരാള്‍ക്കും അവരെ ആശ്വസിപ്പിക്കാനായില്ല.
രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലെ പ്രതി അര്‍ജുന്‍ എന്ന ഡിവൈഎഫ്‌ഐക്കാരനാണ്. സംഭവം നടന്നയുടന്‍ വലിയ ജനരോഷം ഉയര്‍ന്നെങ്കിലും താനല്ല ഇതു ചെയ്തതെന്ന ഇയാളുടെ നുണയ്‌ക്കൊപ്പം നില്‍ക്കുകയാണ് ഡിവൈഎഫ്‌ഐയും സിപിഎമ്മും ചെയ്തത്. കുട്ടിയുടെ പാവപ്പെട്ട കുടുംബത്തെ സ്വാധീനിച്ച് കേസില്‍നിന്ന് പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു. എന്നാല്‍ കുടുംബം ഇതിന് വഴങ്ങിയില്ല. അറസ്റ്റും തെളിവെടുപ്പുമൊക്കെയായി മുന്നോട്ടുപോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിക്കൊപ്പം ആയിരുന്നുവെന്നാണ് ഇപ്പോഴത്തെ കോടതി വിമര്‍ശനത്തില്‍നിന്ന് മനസ്സിലാവുന്നത്. പ്രതിക്കുവേണ്ടിയാണ് പോലീസ് അന്വേഷണം നടത്തിയതെന്ന് വ്യക്തമായിരിക്കുന്നു. കോടതിയുടെ വിമര്‍ശനത്തെ നിഷേധിച്ച് അന്നത്തെ പോലീസ് ഉദ്യോഗസ്ഥന്‍ രംഗത്തുവന്നിരിക്കുന്നത് കാപട്യമാണ്. എന്തുകൊണ്ടാണിതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. സിപിഎമ്മുകാര്‍ പ്രതികളായി വരുന്ന കേസുകളില്‍ പോലീസ് ഇതുപോലെ പെരുമാറുന്നത് പൊതുരീതിയാണ്. എത്ര നീചമായ കുറ്റകൃത്യം ചെയ്തവരാണെങ്കിലും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരെ തൊടാന്‍ പോലീസ് മടിക്കും. പിണറായി വിജയന്റെ ഭരണത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ രോഗിയായ ഒരു വനിതയെ അവിടുത്തെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഇരയ്‌ക്കൊപ്പമല്ല, ആ മനുഷ്യപ്പിശാചിനൊപ്പമാണ് സിപിഎം നിന്നത്. പാര്‍ട്ടിയൂണിയനില്‍പ്പെട്ടവര്‍ ഇയാള്‍ക്ക് സര്‍വപിന്തുണയും നല്‍കി. ഇതിനു മുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും, ഇത് മൂടിവയ്‌ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതാണ് ഏറ്റവും വഞ്ചനാത്മകമായ പ്രതികരണം. വണ്ടിപ്പെരിയാറിലെ സാഹചര്യം സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ലെന്നും, പ്രതിയെ വെറുതെവിട്ട വിധി പുനഃപരിശോധിക്കുമെന്നുമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അത്രിക്രൂരമായ ഒരു കുറ്റകൃത്യം ചെയ്തയാള്‍ രക്ഷപ്പെടാനിടയായ സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്നും, സര്‍ക്കാരിന്റെ ഒത്താശയോടെ തന്റെ പാര്‍ട്ടിയും പോലീസും പ്രോസിക്യൂഷനും ചേര്‍ന്നാണ് ഇത് ചെയ്തതെന്നുമുള്ള സത്യം മറച്ചുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി. വണ്ടിപ്പെരിയാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ലൈംഗിക പീഡനകേസില്‍, പ്രത്യേകിച്ച് ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ ഇരകളായി വരുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നയം. വാളയാറില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ വേട്ടക്കാര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തത്. സംഭവത്തില്‍ ആരോപണവിധേയരായവരെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്ന വിമര്‍ശനത്തെ കൂസലില്ലാതെ നേരിടുകയായിരുന്നു സിപിഎം. മരിച്ച പെണ്‍കുട്ടികളുടെ ആത്മാവിന് നീതി കിട്ടാതിരിക്കാനും, അവരുടെ അമ്മയെ അപമാനിക്കാനും സിപിഎം നേതാക്കള്‍ക്ക് മനഃസാക്ഷിക്കുത്തുമുണ്ടായില്ല. അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവ് ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും വേട്ടക്കാര്‍ക്കൊപ്പമാണ് സിപിഎമ്മും സര്‍ക്കാരും നിന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് വണ്ടിപ്പെരിയാറില്‍ കണ്ടത്. കൊടിയ കുറ്റകൃത്യങ്ങളെ രാഷ്‌ട്രീയവല്‍ക്കരിച്ച് പ്രതികളെ സംരക്ഷിക്കുന്ന നയത്തിനെതിരെ ജനരോഷമുയരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: