ബെംഗളൂരു: ബെളഗാവിയില്‍ വീട്ടമ്മയെ നഗ്നയാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
അസാധാരണമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി ഇതിന് അസാധാരണമായ ചികിത്സയുമുണ്ടെന്ന് പ്രതികരിച്ചു. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സ്ത്രീയുടെ മകന്, മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുമായി ഒളിച്ചോടിയിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഡിസം. 11ന് സ്ത്രീയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി നഗ്നയാക്കി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ ഈ മാസം 18ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ശശികിരണ്‍ ഷെട്ടിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്തതവണ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ബെളഗാവി പോലീസ് കമ്മിഷണര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. മഹാഭാരതത്തില്‍ ദ്രൗപദിക്ക് സംഭവിച്ചതിനേക്കാള്‍ മോശം അനുഭവമാണ് വീട്ടമ്മയ്ക്ക് സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ മാത്രമാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത്തരമൊരു സംഭവം നടന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഇനി ആര്‍ക്കും സംഭവിക്കരുത്. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണിത്. പോലീസിന്റെ യഥാര്‍ത്ഥ ഡ്യൂട്ടി എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും കോടതി വിമര്‍ശിച്ചു. ആക്രമിക്കപ്പെട്ട സ്ത്രീ പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളാണെന്നും എന്നാല്‍ കേസില്‍ ആ വകുപ്പ് ചേര്‍ത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അഞ്ചംഗ സമിതിയെ നിയോഗിച്ച് ബിജെപി
ന്യൂദല്‍ഹി: ബെളഗാവില്‍ വനവാസി വീട്ടമ്മയ്ക്കേറ്റ അപമാനത്തില്‍ പ്രതിഷേധവുമായി ബിജെപി. അക്രമത്തെ അപലപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് അഞ്ചംഗ സമിതിയെ നിയോഗിച്ചു. എംപിമാരായ അപരാജിത സാരംഗി, സുനിത ദഗ്ഗല്‍, ലോകേറ്റ് ചാറ്റര്‍ജി, രഞ്ജീത കോലി, ദേശീയ സെക്രട്ടറി ഡോ. ആശാ ലക്റ എന്നിവരാണ് സമിതി അംഗങ്ങള്‍.
കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിമാര്‍ ഇന്നലെ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന ആഭ്യന്തര മന്ത്രിയും പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്ത്ലജെ ചോദിച്ചു. സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രിയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്നും ആവശ്യമായ തുടര്‍നടപടികളുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷന്, കമ്മീഷന് അംഗം ഡെലീന ഖോങ്ഡൂപ്പിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണച്ചുമതല ഏല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: