മന്ത്രസ്വരൂപം വിശദമാക്കുന്നതിനെ തുടര്‍ന്ന് പ്രാണായാമം കൊണ്ടും ലിപിന്യാസം കൊണ്ടും അന്ത്യത്തില്‍ ഹൃല്ലേഖാമന്ത്രം (ഹീം) ഘടിപ്പിച്ച ബീജാക്ഷരന്യാസം’ കൊണ്ടും തന്റെ നാഭിക്കു താഴെ മൂലാധാരചക്രത്തില്‍ അവസ്ഥിതമായ കുണ്ഡിലിനീശക്തിയെ (സ്വാത്മശക്തിയെ) ഉണര്‍ത്തി മൂലാക്ഷരന്യാസം കൊണ്ട് സ്വയം തന്മയീഭവിച്ച് ദേഹശുദ്ധി ക്രമം പൂര്‍ണ്ണമാക്കുന്നു. അങ്ങനെ തന്മയീഭവിച്ച സ്വകീയ ആത്മാവിനെത്തന്നെ മൂര്‍ത്തിപൂജാ വിധാനത്തില്‍ വിഗ്രഹത്തിലേയ്‌ക്ക് ആഹിച്ച് (സന്നിവേശിപ്പിച്ചു) സാന്നിദ്ധ്യം വരുത്തുന്നു. തദനന്തരം ഷോഡശോപചാരപൂജയും നിവേദ്യ പൂജയും പ്രസന്ന പൂജയും ബ്രഹ്മാര്‍പ്പണപര്യന്തം ചെയ്തു മൂര്‍ത്തി ചൈതന്യത്തെ തന്നിലേക്കു തന്നെ ഉദ്വസിച്ച് പ്രാണായാമം ചെയ്തു പൂജ മുഴുവനാക്കുന്നു.
ഏഴാം പടലം മുതല്‍ ആദ്യം പഞ്ചാശത് (50) വര്‍ണരൂപിണിയായ സരസ്വതിയുടെ പൂജയും മറ്റും വര്‍ണിക്കുന്നു. 13ാം പടലം മുതല്‍ ദുര്‍ഗയുടെ പൂജയും സൂര്യപൂജയും മറ്റും വര്‍ണിച്ചതിനു ശേഷം ഗണേശമന്ത്രവും വശ്യപ്രയോഗങ്ങളും ശ്രീകൃഷ്ണപൂജയും വൈഷ്ണവ പൂജാവിധാനങ്ങളും മന്ത്രോദ്ധാരവും സന്താനോത്പത്തി ലാക്കാക്കിയുള്ള മന്ത്രങ്ങളും മറ്റു പല മന്ത്രങ്ങളും ബീജമന്ത്ര ങ്ങളും പരാമര്‍ശിച്ചിരിക്കുന്നു. കൂടെത്തന്നെ ജീവിതത്തില്‍ ഐശ്വര്യവും ശക്തിയും പ്രൗഢിയും ഉണ്ടാകുന്നതിനും ആഗ്രഹസിദ്ധികള്‍ക്കും വേണ്ട മന്ത്രങ്ങളും മന്ത്രവാദകാര്യങ്ങളും കൂടി പ്രപഞ്ചസാരത്തില്‍ വിസ്തരിച്ചിട്ടുണ്ട്.
ഗ്രന്ഥാരംഭത്തില്‍ തന്നെ മൂലാധാരത്തില്‍ നിന്ന് പരാ, പശ്യ ന്തീ, മദ്ധ്യമാ, വൈഖരി എന്നീ ഘട്ടങ്ങള്‍ കടന്നു ബഹിര്‍ഗമിക്കുന്ന ശബ്ദബ്രഹ്മത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ക്കും ബീജാക്ഷരങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത്, ആകെ 32 പടലങ്ങളുള്ള ഈ ഗ്രന്ഥത്തിന് തത്ത്വപ്രദീപിക (നാഗസ്വാമി) വിജ്ഞാനോദ്യോതിനി (ത്രിവിക = മന്‍) വിവരണം (പദ്മപാദന്‍) തുടങ്ങിയ അനേകം വ്യാഖ്യാനങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്.
ഈശാന ശിവ ഗുരുദേവ പദ്ധതി
‘തന്ത്രപദ്ധതി’ എന്ന ശീര്‍ഷകത്തിലുള്ള ഈ ഗ്രന്ഥം വിവിധങ്ങളായ താന്ത്രികഗ്രന്ഥങ്ങളില്‍ നിന്ന് താന്‍ സമുദ്ധരിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് ആരംഭത്തില്‍തന്നെ ശ്രുതപ്രകാശനും നിഖിലാഗമ തത്ത്വവേത്താവുമായ ഗ്രന്ഥകര്‍ത്താവ് പ്രസ്താവിക്കുന്നു.
‘വിസ്തൃതാനി വിശിഷ്ടാനി
തന്ത്രാണി വിവിധാന്യഹം
യാവത് സാമര്‍ത്ഥ്യമാലോച്യ
കരിഷ്യേ തന്ത്രപദ്ധതിം’
ഇക്കാലത്തും സുലഭമായ ഈ ഗ്രന്ഥം രചയിതാവിന്റെ നാമധേയം കൂടി ചേര്‍ത്താണ് അച്ചടിച്ചിട്ടുള്ളത്. മുകളില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ കെട്ടിലും മട്ടിലും ബൃഹത്തായ ഒരു തന്ത്രശാസ്ത്ര ഗ്രന്ഥമാണ് ഇത്. എഡി.പതിനൊന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ രചന. കര്‍ണ്ണാമൃതകര്‍ത്താവായ ലീലാശുകന്റെ (വില്വമംഗലത്തു സ്വാമിയാരുടെ) ഗുരുവായിരുന്ന ഈശാനാചാര്യനാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.
ക്ഷേത്രങ്ങളുടേയും വിഗ്രഹങ്ങളുടെയും നിര്‍മ്മാണവിധികളും വിവിധ പൂജാവിധാനങ്ങളും ജപഹോമാദികള്‍ കൊണ്ട് പ്രാപ്തമാക്കാവുന്ന സിദ്ധിവിശേഷങ്ങളും ക്ഷേത്രോത്സവങ്ങളും ചില സസ്യങ്ങളുടെ ഔഷധമൂല്യങ്ങളും മന്ത്രവാദത്തിന്റെ അദ്ഭുത ഫലങ്ങളും തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചപ്പെട്ടിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: