കട്ടപ്പന(ഇടുക്കി): വിധിക്ക് പിന്നാലെ രോഷം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ അമ്മയും കുടുംബാംഗങ്ങളും. കോടതിയും പരിസരവും ഏറെ നേരം സംഘര്‍ഷ ഭരിതമായി. പെണ്‍കുട്ടിയുടെ അമ്മയും മറ്റു കുടുംബാംഗങ്ങളും കോടതിയില്‍ പൊട്ടിക്കരഞ്ഞാണ് രോഷം പ്രകടിപ്പിച്ചത്. കോടതി വിധിക്കെതിരെയും ജഡ്ജിക്കെതിരെയും വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.
പൂജാമുറിയിലിട്ടാണ് തന്റെ കുഞ്ഞിനെ അവന് പീഡിപ്പിച്ച് കെട്ടിത്തൂക്കിയതെന്നും താന്‍ കഞ്ഞി കൊടുത്തിട്ട് പോയ കുഞ്ഞിനെയാണ് അവന് കൊന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടിയുടെ അമ്മ പറഞ്ഞു. ടിവി കണ്ടുകൊണ്ടിരുന്ന കൊച്ചിനെയാണ് അവന് കൊന്നത്. 14 വര്‍ഷം കുഞ്ഞുങ്ങളില്ലാതെ ആറ്റുനോറ്റ് കിട്ടിയതാണ്. എന്ത് നീതിയാണ് കിട്ടിയത്. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലേ. നിങ്ങളുടെ കുഞ്ഞിനെ ഇതുപോലെ ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ വെറുതെയിരിക്കുമോ. എന്റെ മോള്‍ക്ക് നീതി കിട്ടിയില്ല.
കൊന്നത് സത്യമാണ്, അവനെ ഞങ്ങള്‍ വെറുതെ വിടില്ല. എന്റെ ഭര്‍ത്താവ് അവനെ കൊന്ന് ജയിലില്‍ പോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ജഡ്ജിയും ഒരു സ്ത്രീയല്ലേയെന്ന് അവര്‍ വിളിച്ചുചോദിച്ചു. എല്ലാവരും കാശ് വാങ്ങിച്ചിട്ട് പ്രതിയെ വെറുതെ വിട്ടുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. അവനെ സന്തോഷമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.
11 മണിയോടെ വിധിക്ക് പിന്നാലെ കോടതി നടപടികള്‍ ഏറെ നേരം തടസ്സപ്പെട്ടു. ബന്ധുക്കള്‍ മൂന്നാം നിലയില്‍ കോടതിയിലെത്തി പ്രതിയെ ആക്രമിക്കാനും ശ്രമിച്ചു. കൂടുതല്‍ പോലീസുകാര്‍ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. പോലീസ് ബന്ധുക്കളെ മാറ്റാന്‍ നോക്കിയപ്പോള്‍ നിലത്ത് കിടന്നാണ് പ്രതിഷേധിച്ചത്. 12.30യോടെ പ്രതിയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കാനും നീക്കമുണ്ടായി. പെണ്‍കുട്ടിയുടെ മുത്തശ്ശി പോലീസ് ജീപ്പിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ചെങ്കിലും ഇവരെ മാറ്റി അര്‍ജുനെ സ്ഥലത്ത് നിന്ന് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: