തൃശൂര്‍: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത് ആഭ്യന്തരവകുപ്പിന്റെ പരാജയമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന് ആരോപിച്ചു. പ്രതി അര്ജുന് കുറ്റവാളിയല്ല എന്ന് കോടതി വിധിച്ചതിന് പിന്നില്‍ ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടാണെന്ന് പകല്‍പോലെ വ്യക്തമാണ്.
ശാസ്ത്രീയ പരിശോധനകള്‍ നടത്തി കുറ്റവാളിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അന്വേഷണ സംഘത്തിന്റെ ചുമതലയാണ്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ വെറുതെ വിടേണ്ട സാഹചര്യമാണ് കോടതിക്കുണ്ടായത്. ഇതിന്റെ പ്രധാനകാരണം അന്വേഷണത്തില്‍ സംഭവിച്ച പിഴവാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കുറ്റകരമായ ഈ വീഴ്ചക്കെതിരെ മഹിളാമോര്‍ച്ച ശക്തമായി പ്രതിഷേധിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് പോലീസില്‍ നിന്നുണ്ടായ അതേ നീതിനിഷേധമാണ് വണ്ടിപ്പെരിയാറിലും ഉണ്ടായിരിക്കുന്നത്. നീതി നിര്‍വഹണത്തില്‍ ഭരണകക്ഷിയുടെ അവിഹിതമായ ഇടപെടലാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലേക്ക് നയിക്കുന്നത്. സംസ്ഥാനത്ത് കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വേട്ടക്കാരനോടൊപ്പം നില്ക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇരകള്‍ക്ക് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നും നിവേദിത കൂട്ടിച്ചേര്‍ത്തു. ഇടതുഭരണകൂടത്തിന് കീഴില്‍ ഇരകള്‍ക്ക് നീതി ലഭിക്കുകയെന്നത് അസാധ്യമാണെന്ന് നിരന്തരം തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: