കട്ടപ്പന: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി. കേസിലെ പ്രതി അർജുനെ(24) കോടതി വെറുതേ വിട്ടു. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജുവാണ് പ്രതിയെ വെറുതേ വിട്ട് ഉത്തരവിട്ടത്. കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി.
2021 ജൂൺ 30നാണ് പെൺകുട്ടി കൊല്ലപ്പെട്ടത്. കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. വിധി കേൾക്കാൻ കോടതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കളും എത്തിയിരുന്നു. കോടതി വിധി വന്നതോടെ ഇവർ കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രതിക്ക് വധ ശിക്ഷ നൽകണമെന്നായിരുന്നു കുട്ടിയുടെ അച്ഛൻ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. എന്നാൽ കോടതി വിധി നിരാശപ്പെടുത്തുന്നതായിരുന്നു.
കുട്ടിയുടെ ബന്ധുക്കൾ കോടതിവളപ്പിൽ പ്രതിഷേധിച്ചു. കേസിലെ അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് കേസിൽ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു നാടിനെയാകെ നടുക്കിയ കൊടുംക്രൂരതയായിരുന്നു രണ്ടുവർഷം മുൻപ് വണ്ടിപ്പെരിയാറിൽ നടന്നത്. അർജുനെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു.
2021 സെപ്റ്റംബർ 21ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം മെയിൽ കേസിന്റെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അതുവരെ എല്ലാവരും കരുതിയിരുന്നത് കഴുത്തിൽ ഷാൾ കുരുങ്ങിയാണ് ആറുവയസ്സുകാരിയുടെ മരണം എന്നാണ്.
പോലീസ് അന്വേഷണത്തിൽ വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് പ്രതിയെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: