കോട്ടയം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള കൈകടത്തല്‍ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കില്‍ കോടതി ഇടപെടല്‍ ഉണ്ടാവുകയോ ചെയ്തില്ലെങ്കില്‍ സാമ്പത്തിക ദുരന്തമാകും ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ പരിമിതമായ വിഭവശേഷി വെച്ച് പതിറ്റാണ്ടുകള്‍ കൊണ്ടുപോലും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം ചെന്നുചേരുമെന്ന് കുറവിലങ്ങാട്ടെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വായ്പാ നിയന്ത്രണങ്ങള്‍ വഴി 2016-17 മുതല്‍ ഇതുവരെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വായ്പാ സമാഹരണത്തില്‍ ആകെ ഉണ്ടായ നഷ്ടം 1,07,513.09 കോടി രൂപയാണ്. 2022 ന് ശേഷം കിഫ്ബിയുടെയും കെ എസ് എസ് പി എല്ലിന്റെയും കടമെടുപ്പ് സംസ്ഥാനത്തിന് അര്‍ഹമായ വായ്പകളില്‍ നിന്ന് വെട്ടിക്കുറയ്ക്കപ്പെട്ടു.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇതു വഴി അര്‍ഹമായ വായ്പാ സമാഹരണത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം 9614.30 കോടി രൂപയാണ്. 2021-22 ല്‍ ആകട്ടെ ഈ നഷ്ടം 6281.04 കോടിയും. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇതു മൂലം മാത്രമാണ് ഉണ്ടായത്.
നഷ്ടം അടുത്ത അഞ്ചു വര്‍ഷംകൊണ്ട്, രണ്ടുമുതല്‍ 3 ലക്ഷം കോടി രൂപ വരെയാകും എന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ അഞ്ചുവര്‍ഷ കാലയളവിലെ ജി ഡി പിയുടെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വരും ഇത്. കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതാണിത്.
ഗുരുതര പ്രതിസന്ധിക്ക് അയവ് വരുത്താനായി 26,226 കോടി രൂപ അടിയന്തരമായി സംസ്ഥാനത്തിന് ആവശ്യമുണ്ട്. പ്രതിസന്ധി മറികടക്കാന്‍ അതൊന്നും മതിയാകില്ല. മുഖ്യമന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: