. ശബരിമലയുടെ സമഗ്രവികസനത്തിന് സ്വാമി സത്യാനന്ദ സരസ്വതി ആവിഷ്കരിച്ച് ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും നല്കിയ പദ്ധതിയാണ് ഹരിവരാസനം പ്രോജക്ട്. സ്വാമിതൃപ്പാദങ്ങളുടെ ദീര്‍ഘദര്‍ശിവത്വവും തന്ത്രശാസ്ത്രനൈപുണിയും സമസ്ത ജീവരാശിയോടുമുള്ള വാത്സല്യവും ഇതില്‍ തെളിഞ്ഞുകാണാം.
പദ്ധതിയുടെ പൂര്‍ണ്ണരൂപം .
ശബരിമലയുടെ ഇന്നത്തെ അവസ്ഥ ക്ഷേത്രത്തിന്റെ പവിത്രതയും തീര്‍ത്ഥാടകരുടെ സങ്കല്പത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. കേരളചരിത്രത്തില്‍ സമാരാധ്യമായ സ്ഥാനമാണ് ശ്രീ.അയ്യപ്പനുള്ളത്. ചിരപുരാതനകാലം മുതല്‍തന്നെ അയ്യപ്പഭക്തന്മാര് എരുമേലി, വണ്ടിപ്പെരിയാര്‍, ചാലക്കയം – പമ്പ എന്നീ വഴികളിലൂടെ ചെറിയ ചെറിയ സംഘങ്ങളായി ശബരിമലയില്‍ എത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി വര്‍ഷംതോറും തീര്‍ത്ഥാടകരുടെ എണ്ണം മൂന്നിരട്ടിവീതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമീപസംസ്ഥാനങ്ങളില്‍നിന്നുകൂടി അയ്യപ്പഭക്തന്മാരുടെ പ്രയാണം ആരംഭിച്ചതോടെ ലക്ഷങ്ങള്‍ കോടികളായിമാറി. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ശുചിത്വമില്ലായ്മയും സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങള്‍ക്ക് വഴിതെളിച്ചു. കുടിവെള്ളക്ഷാമം നിത്യസംഭവമായി. മലിനജലം സാംക്രമികരോഗങ്ങള്‍ക്കു കാരണമായി. ക്ഷേത്രസങ്കല്പങ്ങള്‍ക്കും ശാസ്ത്രത്തിനും വിരുദ്ധമായി ക്ഷേത്രത്തിനു സമീപം മുന്നിലായി കക്കൂസുകള്‍ നിര്‍മ്മിക്കുകയും ഭസ്മക്കുളത്തിനു ക്ഷേത്രത്തിന്റെ പിന്നില്‍ സ്ഥാനം നല്‍കുകയും ചെയ്തിരിക്കുകയാണ്. ദര്‍ശനം നടത്തുന്നതിനുവേണ്ടി ശ്രീ. അയ്യപ്പവിഗ്രഹത്തെക്കാള്‍ ഉയര്‍ന്നവഴിയിലൂടെയാണ് ഭക്തന്മാര് കടന്നുവരുന്നത്. പരമ്പരാഗതമായ ആചാര്യമര്യാദകള്‍ക്കും തന്ത്രവിധിക്കും തികച്ചും വിരുദ്ധമാണ് ഈ സംവിധാനം.
ഭരണകാര്യങ്ങളിലുള്ള അപ്രാപ്തിയും ക്ഷേത്രകാര്യങ്ങളിലുള്ള അറിവില്ലായ്മയും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. വര്‍ഷംതോറും വര്‍ദ്ധിച്ചുവരുന്ന ഭക്തജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സ്ഥായിയായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഉണ്ടാക്കുവാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുന്നില്ല. താല്‍ക്കാലിക സൗകര്യങ്ങള്‍ മാത്രമാണ് പരിമിതമായ തോതില്‍ ലഭ്യമാക്കുവാന്‍ കഴിയുന്നത്. ചുരുങ്ങിയത് നൂറുകൊല്ലത്തെ വളര്‍ച്ച മുന്നില്‍കണ്ടുകൊണ്ടുള്ള സമഗ്രവും സമ്പൂര്‍ണ്ണവുമായ ഒരു പദ്ധതിക്കാണ് ശബരിമലയില്‍ രൂപം കൊടുക്കേണ്ടത്. ഈ പദ്ധതി നടപ്പാക്കാന്‍ വൈകുന്തോറും ഭീമമായ നഷ്ടം സഹിച്ചുകൊണ്ടുമാത്രം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുകയുള്ളൂ.
പദ്ധതിയുടെ രൂപകല്പന
പ്രാസാദം 2.7മീറ്റര്‍, തിരുമുറ്റം – 40.5മീറ്റര്‍, മഹാസന്നിധാനം – 81.0മീറ്റര്‍, സന്നിധാനം – 162.0മീറ്റര്‍, അന്തഹാരം – 205 മീറ്റര്‍, പരിക്രമണപഥം – 364.5മീറ്റര്‍, ബാഹ്യപ്രാകാരം – 607.5 മീറ്റര്‍. എന്നീ പ്രകാരമാണ് പഞ്ചപ്രാകാരങ്ങളോട് കൂടിയ ശബരിമല തിരുസന്നിധിയുടെ മാസ്റ്റര്‍ പ്ലാന്‍ (സമഗ്ര പദ്ധതി) തയ്യാറാക്കിയിരിക്കുന്നത്. ഓരോ പ്രാകാരവും 18 അടി ഉയരത്തിന്റെ വ്യത്യാസത്തോടുകൂടി ശ്രീ കോവിലിന്റെ നാലു ഭാഗത്തേക്കും തുല്യമായി വ്യാപിച്ചുകിടക്കുന്നു. ഓരോ പ്രാകാരവും നാലു ഗോപുരങ്ങളോടുകൂടിയതും അവയെ കൂട്ടിയിണക്കുന്ന പടികളോടു ചേര്‍ന്നിട്ടുള്ളതുമാണ്. ബ്രഹ്മസൂത്രം, യമസൂത്രം, മൃത്യുസൂത്രം, കര്‍ണ്ണകസൂത്രം എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ ക്ഷേത്രസങ്കല്പങ്ങള് അടയാത്തവണ്ണം തുറന്ന പഥങ്ങളായി സംയോജിക്കപ്പെട്ടിട്ടുണ്ട്. സൂത്രപഥങ്ങളെ കൂട്ടിയിണക്കുന്ന വൃത്താകൃതിയിലുള്ള പ്രാകാരപഥങ്ങളുണ്ട്. പരിക്രമപഥങ്ങള്‍ക്ക് ഇരുഭാഗത്തുമായിട്ടാണ് ബാഹ്യപ്രാകാരസ്ഥാനത്ത് ആശുപത്രികളിലും മറ്റു സാമൂഹ്യ സേവന സ്ഥാപനങ്ങള്‍ ബഹുഭാഷാ മന്ദിരങ്ങള്‍ ഇവയും പണിതിട്ടുള്ളത്. തീര്‍ത്ഥാടന മുഖ്യപാതകളെ പ്രകാരങ്ങളുമായി കൂട്ടിയിണക്കുന്ന വിസ്തൃതമായ പാലങ്ങള്‍ തെക്കുപടിഞ്ഞാറും വടക്കുകിഴക്കും ഭാഗങ്ങളില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കുമ്പളം തോട്, കാക്കത്തോട് കുന്നാര്‍ ഡാം എന്നിവിടങ്ങളില്‍ നിന്നാണ് ജലവിതരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വേണ്ടിവന്നാല്‍ പമ്പയില്‍നിന്നും ജലസംഭരണം നടത്താവുന്നതാണ്.
ഫ്ളൈ ഓവര്‍
തിരുമുറ്റവും മാളികപ്പുറം ക്ഷേത്രവും ബന്ധിപ്പിച്ചുകൊണ്ട് തിരുമുറ്റത്തിന് 9 അടി താഴെയായി ഒരു ഫ്ളൈ ഓവര്‍ നിര്‍മ്മിക്കണം.
യജ്ഞമണ്ഡപം
പതിനെട്ടാംപടിക്ക് ചുറ്റിനുമുള്ള മതില്‍ക്കെട്ടിനു പുറമേ യജ്ഞമണ്ഡപമെന്ന പേരില്‍ ഒരുനിലകെട്ടിടം പണിതീര്‍ക്കണം. ഇത് ക്ഷേത്രകലയ്ക്ക് യോജിച്ചതായിരിക്കണം. ഇതിന്റെ എട്ടുകോണുകളിലായി പുറത്തേക്ക് തള്ളി നില്ക്കുന്ന പ്രത്യേക സൗധങ്ങളുണ്ടാകും. ഇവ ഓരോന്നും യജ്ഞത്തിനാവശ്യമുള്ള സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിനും പ്രഭാഷണവേദി ഒരുക്കുന്നതിനും പ്രയോജനപ്പെടും.
തടപ്പള്ളിയും തന്ത്രിമന്ദിരവും
തടപ്പള്ളിയും തന്ത്രിമന്ദിരവും തിരുമുറ്റത്തിന് (ശ്രീ കോവിലിന് വലതുവശത്ത് – അഗ്നികോണില്‍ – ഭൂമിക്കിടയില്‍) വെളിയില്‍ (മഹാസന്നിധാന പ്രദേശത്ത്) നിര്‍മ്മിക്കേണ്ടതാണ്. അവിടെനിന്ന് തന്ത്രിക്ക് ശ്രീ കോവിലെത്തുന്നതിന് ഒരു ഭൂഗര്‍ഭപാത സജ്ജമാക്കണം. അത് നിവേദ്യത്തിന്റേയും പൂജയുടേയും സംശുദ്ധിക്ക് പ്രയോജനപ്പെടും. തീര്‍ത്ഥാടകരുടെ തള്ളലില്‍പ്പെടാതെ കുളി കഴിഞ്ഞ് പൂജയ്ക്കെത്തുന്നതിന് ഈ പാത സഹായകമാണ്. അവിടെനിന്ന് പ്രസാദ വിതരണ മന്ദിരങ്ങളിലേക്ക് പ്രസാദം കൊണ്ടുപോകുവാനും പ്രത്യേക പാതയുണ്ടാകണം.
ഗോപുരം
ഓരോ പ്രാകാരത്തിനും നന്നാലും ഗോപുരങ്ങളുണ്ടാകും. അങ്ങനെ പഞ്ച പ്രാകാരങ്ങള്‍ക്കും വെളിയിലായി ഗോപുര സമുച്ചയം നിര്‍മ്മിക്കപ്പെടും. ഗോപുരങ്ങളില്‍ നിന്ന ഓരോ പ്രാകാരത്തിലും ഇറങ്ങുവാനും കയറുവാനും പടികളുണ്ടാകും.
നിരീക്ഷണശാലകള്‍
ഓരോ ഗോപുരത്തിനും മുകളില്‍ സുരക്ഷാവിഭാഗത്തിന് ഉപകരിക്കത്തക്ക രീതിയില്‍ നിരീക്ഷണശാലകള്‍ ഉണ്ടായിരിക്കണം. ഇവയില്‍ ഓരോന്നിലും ഫോക്കസ് ലൈറ്റുകള്‍ സെര്‍ച്ച് ലൈറ്റുകള്‍ ദൂരദര്‍ശിനി വയര്‍ലസ് സംവിധാനം ഇവയുണ്ടാകും.
മറ്റു കെട്ടിടങ്ങള്‍
ബാഹ്യ പ്രകാരത്തില്‍നിന്ന് ശ്രീ കോവിലിലേക്കുള്ള ദര്‍ശനം തടസ്സപ്പെടാത്ത വിധമാണ് ഓരോ പ്രകാരത്തിന്റെ തുടക്കത്തിലും ഇരുനില കെട്ടിടങ്ങള്‍ പണിതീര്‍ക്കുന്നത്. പതിനെട്ടാം പടികളും ശ്രീകോവിലും ഈ പ്രാകാര പരിധിയില്‍ നിന്നുകൊണ്ട് എപ്പോഴും നിരീക്ഷിക്കാവുന്നതാണ്.
തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍
മരക്കൂട്ടത്തില്‍നിന്നും രണ്ടായിപ്പിരിയുന്ന റോഡുകളില്‍ സന്നിധാനത്തെത്തുന്ന റോഡ് ശരംകുത്തിവഴിയുള്ളതും താഴെയുള്ളത് തിരിച്ചുവരുന്നതിനുവേണ്ടി നിശ്ചയിച്ചിട്ടുള്ളതാണ്. ഈ രണ്ടിനും മദ്ധ്യേയുള്ള ഭൂവിഭാഗം വിരി വെയ്ക്കുന്നതിന് പ്രയോജനപ്പെടുത്തണം. ആവശ്യമുള്ള കുളിമുറികളും കക്കൂസുകളും അവിടെയും റോഡിനുമുകളിലുള്ള കുന്നിനരികില്‍ സജ്ജമാക്കണം. അവയുടെ ഡ്രെയിനേജുകള്‍ ചുറ്റിനുമുള്ള പ്രധാന സ്വീവേജ് പൈപ്പില്‍ ഘടിപ്പിക്കേണ്ടതാണ്. തീര്‍ത്ഥാടകര്‍ക്കുള്ള ശുദ്ധജലവിതരണ സൗകര്യവും ഒപ്പമുണ്ടാകണം. വാളണ്ടിയര്‍ പോസ്റ്റുകളും ശുദ്ധീകരണ സൗകര്യങ്ങളും ഇവിടെയും ഏര്‍പ്പെടുത്തണം. താല്‍ക്കാലിക ടെന്റുകള്‍ വിരിവെയ്ക്കുന്നതിന് ഉപയോഗിക്കാം. ശരംകുത്തിയില്‍ നിന്നും വണ്ടിപ്പെരിയാറില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ സന്നിധാനത്തിനു മുമ്പില്‍ ഏറ്റവും വെളിയിലുള്ള ഗോപുരത്തില്‍ കുളങ്ങളുടെ മധ്യത്തിലൂടെ അകത്ത് പ്രവേശിച്ച് മറ്റു ഗോപുരപ്പടികള്‍ ചവിട്ടി മഹാസന്നിധാനത്തിലെ ക്യൂവില്‍ എത്തിച്ചേരും. ക്യൂ വിഭാഗിച്ചിരിക്കുന്നത് വാട്ടര്‍ പൈപ്പുകള്‍ കൊണ്ടാണ്. ക്യൂവില്‍ നില്ക്കുന്നവര്ക്കുവേണ്ടി ഓട്ടോമാറ്റിക്ക് ഫോര്‍ഡിംഗ് കസേരകള്‍ ഉണ്ടാകും. പരിക്രമപഥം നാലായിത്തിരിക്കും. ആകെ എഴുപത്തയ്യായിരത്തിനും ഒരു ലക്ഷത്തിനുമിടയ്ക്കുള്ള തീര്‍ത്ഥാടകര്‍ക്ക് ക്യൂവില്‍ നില്ക്കാനാകും. ഓരോരുത്തര്‍ക്കും മൂന്നരിയടി മുതല്‍ നാലടിവരെ സ്ഥലം ലഭിക്കും. ഒരു ക്യൂവില്‍ക്കവിഞ്ഞ് പ്രദിക്ഷണം ആവശ്യമായി വരുന്നില്ല. ക്യൂവിന് മേല്‍ക്കൂരകള്‍ ഉണ്ടാകണം. മഹാസന്നിധാനത്തിന്റെ (ക്യൂവിന്റെ) അരികിലും മധ്യഭാഗത്തും തീര്‍ത്ഥാടകര്‍ പ്രവേശിച്ചുകൂടാത്ത റോഡുകള്‍ ഉണ്ടാകും. ഇവ ഡോക്ടര്‍, വാളണ്ടിയര്‍, സെക്യൂരിറ്റി എന്നിവര്‍ക്ക് സേവനം നല്കുവാന് വേണ്ടി മാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. ഇരുപതില്‍ കുറയാത്ത ക്രമീകരണം ഇവിടെയുണ്ടാകും. ഒരു സമയം ഇരുപതിനായിരം മുതല്‍ ഇരുപത്തയ്യായിരം വരെ ഭക്തന്മാര്ക്ക് പടിചവിട്ടാനാകും. ഉദ്ദേശം രണ്ടര മണിക്കൂര്‍കൊണ്ട് ഒരു ലക്ഷം പേര്‍ക്ക് ദര്‍ശനം ലഭിക്കും. കെട്ടുകെട്ടി വരുന്നവര്‍ക്കാണ് ക്യൂവില്‍ സ്ഥാനം ലഭിക്കുക. ദര്‍ശനാനന്തരം 9 അടി താഴെയായി നിര്‍മ്മിച്ചിട്ടുള്ള ഓവര്‍ ബ്രിഡ്ജിലൂടെ മാളികപുറത്തെത്തി ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പതിനെട്ടടി താഴെയുള്ള സന്നിധാനത്തിലാണെത്തുക. വിരിവെച്ചശേഷം അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനാകും. പ്രാകാരത്തിനുചുറ്റും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ രസീതും പ്രസാദവും ലഭിക്കും. അപ്രദക്ഷിണം പാടില്ല. തിരികെ പോകുന്ന അയ്യപ്പന്മാര്ക്ക് ഏറ്റവും മുന്നിലുള്ള പ്രാകാരത്തിലെ മന്ദിരങ്ങളില്‍ നിന്ന് പ്രസാദം ലഭിക്കുന്നതാണ്. അവിടെ പ്രസാദം എത്തിക്കുന്നതിന് ഭൂഗര്‍ഭ പാതയും കണ്‍വെയര്‍ ബെല്‍റ്റും ഉപയോഗിക്കാം. മടക്കയാത്രക്കുള്ള റോഡ് പ്രത്യേകം ഒരുക്കിയിട്ടുള്ളതാണ്. മടങ്ങി വരണമെങ്കില്‍ ബാഹ്യപ്രാകാര റോഡും മരക്കൂട്ടം റോഡുമായി ഘടിപ്പിക്കുന്ന പാലത്തിലൂടെ പ്രവേശിക്കണം. ഇതുമൂലം ഭക്തജനങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടല്‍ ഒഴിവാക്കാം.
മാസ്റ്റര്‍ പ്ലാനിന്റെ പ്രത്യേകതകള്‍
1. തിക്കും തിരക്കും മൂലമുള്ള ആപത്തും മരണവും ഒഴിവാക്കുന്നു.
2. അപ്രദക്ഷിണമല്ലാത്ത യാത്രാ സഞ്ചാരത്തിന് സൗകര്യം വര്‍ദ്ധിപ്പിക്കണം.
3. 10 മുതല്‍ 12വരെ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സമയം രണ്ടരമണിക്കൂറായി ചുരുങ്ങുന്നു.
4. തീര്‍ത്ഥാടകര്‍ക്ക് വിരിവക്കുവാന്‍ അനുയോജ്യമായ തുറസ്സായസ്ഥലങ്ങള്‍ സര്‍വ്വത്ര ലഭ്യമാകുന്നു.
5. വിരിപ്രദേശങ്ങളിലെല്ലാം ശുദ്ധജലം ആവോളം ലഭ്യമാകുന്നു.
6. മഴവെള്ളം പോലും നഷ്ടപ്പെടുത്താതെ ശുചീകരണത്തിനുപയോഗിക്കുന്നു.
7. ചപ്പും ചവറും മലിന വസ്തുക്കളും നഷ്ടപ്പെടുത്താതെ ഗ്യാസ്പ്ലാന്റിനുള്ള അസംസ്കൃത പദാര്‍ത്ഥങ്ങളാക്കുന്നു. ഇത് ധനലാഭത്തിനും പരിസര ശുചീകരണത്തിനും പാചകത്തിനും ലൈറ്റ് ഫാന്‍ ഇവ പ്രവര്‍ത്തിക്കുന്നതിനും പ്രയോജനപ്പെടുന്നു.
8. കര്‍ണസൂത്രം റോഡുകളും ആശുപത്രിയിലേക്കുള്ള വഴി സുഗമമാക്കുന്നു. ട്രോളികള്‍ രോഗികളെ തക്ക സമയത്ത് ആശുപത്രികളില്‍ എത്തിക്കാന്‍ സഹായിക്കുന്നു.
9. സന്നദ്ധ സേവകരും ശുചീകരണ പ്രവര്‍ത്തകരും ആതുരസേവനവും കാര്യക്ഷമമാക്കുന്നു.
10. പ്രസാദവിതരണത്തിന്റെ തള്ളല്‍ ഒഴിവാക്കുന്നു.
11. കക്കൂസുകളും മറ്റും ശുചിത്വത്തോടെ സൂക്ഷിക്കപ്പെടുന്നു.
12. കണ്‍വെയര്‍ ബെല്‍റ്റ് സംവിധാനം പ്രത്യേക സൗകര്യം നല്കുന്നു
13. ഭൂഗര്‍ഭപാതകള്‍ അസൗകര്യങ്ങള്‍ ഒഴിവാക്കുന്നു.
14. ഗോപുരവാതിലുകള്‍ നാലെണ്ണം അടച്ചാല്‍ പ്രവേശനം നിരോധിക്കാന്‍ കഴിയും. ഇത് ശുചിത്വം സംരക്ഷണം ഇവയെ സഹായിക്കുന്നു. സേവന സ്ഥാപനങ്ങള്‍ക്ക് ഈ നിയന്ത്രണം മൂലം പ്രവര്‍ത്തന സൗകര്യങ്ങള്‍ തടസ്സപ്പെടുന്നില്ല. പുറത്തേക്ക് തുറക്കപ്പെടുന്ന കടകള്‍ വലിയ സൗകര്യങ്ങള്‍ നല്കുന്നു.
15. ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം വരെയുള്ള മരങ്ങള്‍ അനേകം കോടി രൂപയുടെ ലാഭവും തണലും ശുദ്ധവായുവും സംഭാവന ചെയ്യുന്നു.
16. വര്‍ഗ്ഗനാശം വരുന്ന ചെടികളുടെ പുനരുജ്ജീവനം നടപ്പാക്കുന്നു.
17. സൂപ്പര്വിഷന് സൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളും ശാസ്ത്രീയമായിത്തീരുന്നു.
18. മകരജ്യോതി ദര്‍ശനം 25 ലക്ഷത്തോളം പേര്‍ക്ക് ഒരുമിച്ച് സാധിക്കുന്നു.
19. കഴുത ശല്യം ഒഴിവാക്കുന്നു.
20. വാര്‍ത്താവിതരണ സൗകര്യങ്ങള്‍ അതീവ ശാസ്ത്രീയമാകുന്നു.
21. ബഹുഭാഷാ മന്ദിരങ്ങള്‍ അന്യദേശക്കാര്‍ക്ക് ആശ്വാസം പകരുന്നു.
22. അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവിന് പ്രത്യേക മന്ദിരം ഉണ്ടാക്കുന്നു.
23. പരിസ്ഥിതി സംരക്ഷണം സാധ്യമാകുന്നു.
24. 18 മലകളിലും ഉപദേവസ്ഥാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.
25. ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി വികസിക്കുന്നു.
26. 18-ാം പടിയും ശ്രീകോവിലും സര്‍വ്വദിക്കുകളില്‍ നിന്നും ദര്‍ശിക്കാന്‍ കഴിയുന്നു.
27. ശബരിക്ക് സ്മാരക മന്ദിരവും ക്ഷേത്രവും ഉയരുന്നു.
ശബരിമല വികസന പദ്ധതിക്ക് പൂര്‍ണ്ണത ലഭിക്കണമെങ്കില്‍ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നീ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ക്ക് ഒരു സമഗ്ര പദ്ധതി അിവാര്യമാണ്. ഹിന്ദു ഐക്യവേദി ഈ പദ്ധതിക്ക് രൂപം കൊടുക്കുന്നതാണ്. മതാചാര്യന്മാര്, തന്ത്രിമാര്‍, ദൈവജ്ഞന്മാര്, നിയമപണ്ഡിതന്മാര്, തച്ചുശാസ്ത്രജ്ഞന്മാര്, സാംസ്കാരിക നായകന്മാര്, സാങ്കേതിക വിദഗദ്ധന്മാര് തുടങ്ങിയ പ്രുമുഖരായ വ്യക്തികള്‍ ഒത്തുചേര്‍ന്ന് അനുഗ്രഹിക്കുന്ന ഈ മഹാസദസ്സിനു മുന്നില്‍ ശബരിമല സന്നിധാനത്തിന്റെ സമഗ്ര പദ്ധതിയുടെ സംക്ഷിപ്തരൂപം ചര്‍ച്ചയ്ക്കും തിരുത്തിനും അംഗീകാരത്തിനുംവേണ്ടി സവിനയം സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: