ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ അവസാന മത്സരം നാളെ. പരമ്പര കൈവിടാതിരിക്കാന്‍ ഇന്നത്തെ മൂന്നാമത്തെ കളിയില്‍ ഭാരതത്തിന് വിജയം അനിവാര്യമാണ്. ആദ്യ കളി മഴയില്‍ ഉപേക്ഷിച്ചപ്പോള്‍ രണ്ടാം കളിയില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇന്ന് ജയിക്കാനായാല്‍ ഭാരതത്തിന് പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാക്കാം. രാത്രി 8.30ന് ന്യൂ വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.
ചൊവ്വാഴ്ച നടന്ന രണ്ടാം കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്ക ഗംഭീര വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഭാരതം 19.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു നില്‍ക്കേ മഴ പെയ്തു. റിങ്കു സിങ്ങിന്റെയും (39 പന്തില്‍ പുറതതാകാതെ 69), സൂര്യകുമാര്‍ യാദവിന്റെയും (56) മികച്ച ബാറ്റിങ്ങാണ് ഭാരതത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
മഴ മാറി കളി തുടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍നിശ്ചയിച്ചു. 13.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 154 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കി. റീസ ഹെന്‍ഡ്രിക്സാണ് (27 പന്തില്‍ 49) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. നായകന്‍ എയ്ഡന്‍ മാര്‍ക്രം 17 പന്തില്‍ 30 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങില്‍ വെടിക്കെട്ട് തുടക്കമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ലഭിച്ചത്. റീസ-മാത്യൂ ബ്രീട്സകെ (16) സഖ്യം ഒന്നാം വിക്കറ്റില്‍ 2.5 ഓവറില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മൂന്നാം ഓവരില്‍ ബ്രീട്സ്‌കെ റണ്ണൗട്ടായി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രവും (17 പന്തില്‍ 30) ആഞ്ഞടിച്ചു. 54 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ 16 പന്തുകള്‍ക്കിടെ ദക്ഷിണാഫ്രിക്കയ്‌ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മാര്‍ക്രമിന് പുറമെ റീസ, ഹെന്റിച്ച് ക്ലാസന്‍ (7) എന്നിവര്‍ പവലിയനിയിലേക്ക് മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്ക 9.2 ഓവറില്‍ നാലിന് 108 എന്ന നിലയിലായി. എങ്കിലും ഡേവിഡ് മില്ലര്‍ (12 പന്തില്‍ 17) നിര്‍ണായക സംഭാവന നല്‍കി. വിജയത്തിന് 13 റണ്ണകലെയാണ് മില്ലര്‍ വീഴുന്നത്. ട്രിസ്റ്റണ്‍ സ്റ്റബ്സ് (14) ആന്‍ഡിലെ ഫെഹ്ലുക്വയോ (10) സഖ്യം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത ഭാരതത്തിന് മോശം തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും നല്‍കിയത്. രണ്ടുപേര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. പിന്നീട് തിലക് വര്‍മ്മയും നായകന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ഭാരതത്തെ കളിയിലേക്ക് തിരിച്ചെത്തിച്ചത്. ഇരുവരും 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ആറാം ഓവറില്‍ തിലക് (20 പന്തില്‍ 29) മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് റിങ്കു സിങ്. സൂര്യക്കൊപ്പം 70 റണ്‍സാണ് റിങ്കു ചേര്‍ത്തത്.
എന്നാല്‍ കൃത്യമായ ഇടവേളയില്‍ തന്നെ സൂര്യ മടങ്ങി. 14-ാം ഓവറില്‍ തബ്രൈസ് ഷംസിക്ക് വിക്കറ്റ് നല്‍കി. 36 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 56 റണ്‍സ് നേടിയിരുന്നു. തുടര്‍ന്നെത്തിയ ജിതേഷിന് ഒരു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രവീന്ദ്ര ജഡേജ (19) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജഡേജ മടങ്ങുന്നത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിംഗ് (0) പവലിയനിലെത്തിയതിന് പിന്നാലെയാണ് മഴയെത്തിയത്.
ഇന്ന് നടക്കുന്ന അവസാന പോരാട്ടത്തില്‍ ജയം മാത്രം ലക്ഷ്യമിടുന്ന ഭാരത നിരയില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. രണ്ടാം ടി20യില്‍ ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും പരാജയമായിരുന്നു. ഇരുവര്‍ക്കും റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചിരുന്നില്ല. അസുഖത്തെ തുടര്‍ന്ന് ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന റുതുരാജ് ഗെയ്കവാദിന് പകരമാണ് ഗില്‍ എത്തിയത്. റുതുരാജ് പൂര്‍ണ കായികക്ഷമത വീണ്ടെടുത്താല്‍ ഗില്‍ പുറത്താവും. ജയ്‌സ്വാള്‍ തുടരും.
കഴിഞ്ഞ ടി20യില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത തിലക് വര്‍മ മൂന്നാമത് തുടരും. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മികച്ച ഫോമിലുള്ള റിങ്കു സിങ്ങിന്റെ സ്ഥാനവും ചോദ്യം ചെയ്യപ്പെടില്ല. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ മുന്‍ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ടീമില്‍ തുടരാനാണ് സാധ്യത. ഇഷാന്‍ കിഷന്‍ വീണ്ടും പുറത്തിരിക്കും. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറായി കളിക്കും.
പേസ് ഡിപാര്‍ട്ട്മെന്റില്‍ മാറ്റത്തിന് സാധ്യതയേറെയാണ്. അര്‍ഷ്ദീപ് സിങ്ങിന് പകരം ദീപക് ചാഹറിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ് തുടരും. സ്പിന്നറായി കുല്‍ദീപ് യാദവും. ഭാരതം സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍/റുതുരാജ് ഗെയ്ക്‌വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: