ന്യൂദല്‍ഹി:ജമ്മു കാശ്മീരിനെ സംബന്ധിച്ച അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച മുസ്ലീം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനെ (ഒഐസി) രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ.
‘അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് ഇസ്ലാമിക രാജ്യങ്ങളുടെ പ്രസ്താവനയെന്നും സ്വന്തം വിശ്വാസ്യതയെ തന്നെ തുരങ്കം വയ്ക്കുകയാണവരെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവന തെറ്റിദ്ധാരണ മൂലവും ദുരുദ്ദേശ്യത്തോടെയുള്ളതുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പാകിസ്ഥാന്റെ പേരെടുത്ത് പറയാതെയാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഒ ഐ സിയെ കുറ്റപ്പെടുത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഇസ്ലാമിക രാജ്യങ്ങള്‍ പ്രസ്താവന പുറപ്പെടുവിച്ചത്. ‘നിയമവിരുദ്ധവും ഏകപക്ഷീയവും’ എന്ന പ്രസ്താവന നടത്തിയ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ വിധി റദ്ദാക്കണമെന്നും ആവാശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയാവകാശം എന്ന ആവശ്യത്തോട് ഐക്യദാര്‍ഢ്യം വീണ്ടും പ്രഖ്യാപിക്കുന്നു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിനനുസൃതമായി ജമ്മു കശ്മീരിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും ഒഐസിയുടെ പ്രസ്താവനയിലുണ്ട്.
നാല് ഭൂഖണ്ഡങ്ങളിലായി 57 അംഗരാജ്യങ്ങളുള്ള സംഘടനയാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്. മുസ്ലീം ലോകത്തിന്റെ കൂട്ടായ ശബ്ദമായാണ് സംഘടന സ്വയം വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: