കൊളംബോ: ആഴ്‌ച്ചകള്‍ക്ക് മുമ്പ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട നടപടിയില്‍ നിന്ന് രാജ്യത്തെ സര്‍ക്കാര്‍ പിന്‍മാറി. പിരിച്ചുവിട്ട ബോര്‍ഡിന് പകരം കൊണ്ടുവന്ന ഇടക്കാല ഭരണസമിതിയെയും പിരിച്ചുവിട്ടു. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) വിലക്ക് നീക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചത്.
ഐസിസി ചട്ടം പ്രകാരം ഓരോ രാജ്യത്തെയും ക്രിക്കറ്റ് സംഘടനയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം ഐസിസിക്ക് മാത്രമാണുള്ളത്. ഇത് മറികടന്ന് രാജ്യങ്ങളിലെ ഭരണകൂടത്തിന് പോലും ഇടപെടാനുള്ള അധികാരമില്ല. അത്തരം ഇടപെടലുകളുണ്ടായാല്‍ ഐസിസി ക്രിക്കറ്റ് ബോര്‍ഡിനെ പൂര്‍ണമായും വിലക്കും.
ഇന്നലെ സമൂഹമാധ്യമത്തിലൂടെയാണ് ശ്രീലങ്കന്‍ കായിക മന്ത്രി തന്റെ തീരുമാനം പിന്‍വലിച്ചതായി അറിയിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കാന്‍ ഇടക്കാല ഭരണസമിതിയെ നിയമിച്ച തന്റെ തീരുമാനം പിന്‍വലിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി20 ലോകകപ്പിനിടെ ശ്രീലങ്കയിലെ ക്രിക്കറ്റ് ബോര്‍ഡില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇക്കാര്യം ഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ഫെര്‍ണാണ്ടോ വ്യക്തമാക്കി. കഴിഞ്ഞ മാസം ഭാരതത്തില്‍ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന വേളയിലാണ് അഴിമതിയുടെ പേരില്‍ ശ്രീലങ്കന്‍ ഭരണകൂടം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടി സ്വീകരിച്ചത്. പിന്നാലെ മുന്‍ നായകന്‍ അര്‍ജുന രണതുംഗയ്‌ക്ക് കീഴില്‍ ഇടക്കാല ഭരണ സമിതിക്ക് രൂപം നല്‍കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക