രാജ്കോട്ട്: ഭാരതത്തിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഇന്ന് ആദ്യ സെമിഫൈനല്‍. രാജ്കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയും തമിഴ്നാടും തമ്മില്‍ ഫൈനല്‍ ബര്‍ത്തിലേക്ക് മുന്നേറാന്‍ പോരാടും. ഇന്നത്തെ വിജയികളും നാളത്തെ രണ്ടാം സെമി വിജയികളും തമ്മില്‍ ശനിയാഴ്ച്ച കലാശപ്പോരാട്ടത്തിനിറങ്ങും.
നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച രാജസ്ഥാനും വിദര്‍ഭയെ തോല്‍പ്പിച്ച കര്‍ണാടകയും തമ്മില്‍ ഏറ്റുമുട്ടും.
മുംബൈയെ ഏഴ് വിക്കറ്റിന് ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചതിന്റെ മികവുമായാണ് തമിഴ്നാട് ഇന്ന് ഹരിയാനയ്ക്കെതിരെ കളിക്കാനിറങ്ങുന്നത്. തമിഴ്നാട് താരം ബി. ഇന്ദ്രജിത്ത് തകര്‍പ്പന്‍ സെഞ്ചുറി പ്രകടനമാണ് ക്വാര്‍ട്ടറില്‍ കാഴ്ച്ചവച്ചത്. മുംബൈ നേടിയ 227 റണ്‍സിനെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ തമിഴ്നാട് അനായാസമായാണ് വിജയിച്ചുകയറിയത്.
ആദ്യ ക്വാര്‍ട്ടറില്‍ ബംഗാളിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഹരിയാന സെമിയിലെത്തിയിരിക്കുന്നത്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ജയിച്ചെത്തിയ ബംഗാളിനെതിര നാല് വിക്കറ്റിനായിരുന്നു ഹരിയാനയുടെ ക്വാര്‍ട്ടര്‍ വിജയം. 50 ഓവറില്‍ 225 റണ്‍സില്‍ ഓള്‍ഔട്ടായ ബംഗാളിനെതിരെ ഹരിയാന 45.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തോടെ ലക്ഷ്യം കണ്ടു. അങ്കിത് കുമാര്‍ നേടിയ സെഞ്ചുറിയുടെ ബലത്തിലാണ് ഹരിയാന ക്വാര്‍ട്ടര്‍ വിജയം സ്വന്തമാക്കിയത്.
ഗ്രൂപ്പ് സിയില്‍ നിന്ന് കളിച്ച ഏഴ് കളികളും വിജയിച്ചാണ് ഹരിയാന ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഇയില്‍ ബെംഗാളിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് തമിഴ്നാട് 20 പോയിന്റുമായി ക്വാര്‍ട്ടറില്‍ നേരിട്ട് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് കളികളില്‍ നിന്ന് അഞ്ചും ജയിച്ചാണ് തമിഴ്നാടിന്റെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: