ടെല്‍അവീവ്: ഗാസയില്‍ ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേല്‍ പ്രതിരോധ സേന. റഫയില്‍ നടത്തിയ ആക്രമണത്തില്‍ 20 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ മിസൈല്‍ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടതായി പാലസ്തീന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഗാസയുടെ തെക്കന്‍ നഗരമായ ഖാന് യൂനിസ്, മധ്യ ഗാസ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഏറ്റുമുട്ടലുകള്‍ ശക്തമായതായാണ് വിവരം.
വടക്കന്‍ ഗാസയില്‍ ഹമാസ് ഭീകരര്‍ താവളമായും കമാന്‍ഡ് സെന്ററായും ഉപയോഗിച്ചിരുന്ന നിരവധി ആശുപത്രികളും കെട്ടിടങ്ങളും ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഇവിടങ്ങളില്‍ നിന്ന് ഹമാസിന്റെ ആയുധ ശേഖരങ്ങള്‍ ഐഡിഎഫ് കണ്ടെടുത്തു. നിരവധി തോക്കുകളും സ്ഫോടക വസ്തുക്കളുമാണ് കണ്ടെടുത്തത്.
സൈനികരെ ആക്രമിക്കാന്‍ ഹമാസ് ഭീകരര്‍ താവളമാക്കിയ ഒരു അപ്പാര്‍ട്ട്മെന്റും സൈന്യം കണ്ടെത്തിയതായി ഐഡിഎഫ് പറയുന്നു. ഒക്ടോബര്‍ ഏഴിന് ആക്രമണത്തിനുള്ള പദ്ധതികള്‍ അടങ്ങിയ രേഖകളും ലാപ്ടോപ്പുകളും സൈന്യം ഇവിടെനിന്ന് കണ്ടെത്തി. അതേസമയം ഹമാസിനെതിരായ പോരാട്ടം അവസാനിപ്പിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇസ്രായേലിന്റെ ഭാവിക്ക് വേണ്ടിയാണ് പോരാടുന്നത്. ലക്ഷ്യം നേടിയാലുടനെ യുദ്ധം അവസാനിപ്പിക്കുമെന്നും ഗാലന്റ് വ്യക്തമാക്കി.
ഹമാസിന്റെ ശക്തികേന്ദ്രങ്ങളായ ജബലിയയിലും ഷെജയ്യയിലും ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കിയതിന് പിന്നാലെ നൂറു കണക്കിന് ഹമാസ് ഭീകരര്‍ കീഴടങ്ങിയിരുന്നു. ഗാസയില്‍ നിന്നും കഴിഞ്ഞ മാസം മാത്രം 500ലധികം ഹമാസ് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. വെടിനിര്‍ത്തല്‍ അവസാനിച്ചതിന് ശേഷം മാത്രം 140ലധികം ഹമാസ് ഭീകരരാണ് അറസ്റ്റിലായത്. കീഴടങ്ങുന്നവരെ വധിക്കില്ലെന്ന് ഇസ്രായേല്‍ സൈന്യവും ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്കൂളുകളും അഭയാര്‍ത്ഥിക്യാമ്പുകളും ഉള്‍പ്പെടെ ഹമാസ് ഭീകരര്‍ ഒളിത്താവളങ്ങളാക്കി മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: