ഇടുക്കി: ശബരിമലയില്‍ തീര്‍ത്ഥാടന തിരക്ക് അധികരിച്ചതിനാല്‍ കൂടുതല്‍ ഏകോപിത സംവിധാനങ്ങളൊരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. തീര്‍ത്ഥാടകര്‍ക്ക് ദോഷമില്ലാത്ത തരത്തിലാകണം സംവിധാനങ്ങള്‍ ഒരുക്കേണ്ടത്.
നവകേരള സദസിനിടെ തേക്കടിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അവലോകന യോഗത്തില്‍ ശബരിമലയിലെ സ്ഥിതി മുഖ്യമന്ത്രി വിലയിരുത്തി.മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളില്‍ ശബിമലയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു.ഈ മാസം ആറ് മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി കൂടി. ഇതാണ് തിരക്കേറാന്‍ കാരണം.ഇത് ക്രമീകരിക്കാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി. ഇതിനു പുറമെ സ്പോട്ട് ബുക്കിംഗ് അത്യാവശ്യത്തിനു മാത്രം ആക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ക്കിംഗ് സംവിധാനം മുന്‍ നിശ്ചയിച്ച പ്രകാരം നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് ക്രമീകരണമുണ്ടാക്കണം. ട്രാഫിക്ക് നിയന്ത്രണം ശക്തമാക്കണം. പൊലീസുകാരുടെ ഡ്യൂട്ടി മാറ്റം ഒറ്റയടിക്ക് നടത്താതെ കുറച്ചുപേരെ നിലനിര്‍ത്തി വേണം മാറ്റേണ്ടത്. യുക്തമായ ഏജന്‍സികളില്‍ നിന്ന് വളണ്ടിയര്‍മാരെ കണ്ടെത്തണം.
വരുത്തിയ ക്രമീകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയ സൗകര്യങ്ങളും ജനങ്ങളെ കൃത്യമായി അറിയിക്കാനും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ മനസിലാക്കി തിരുത്തിക്കാനുമുള്ള ഇടപെടലാണ് വേണ്ടത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്ത് തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം.തീര്‍ത്ഥാടക പാതകളില്‍ ശുചീകരണം ഉറപ്പാക്കണം. തീര്‍ത്ഥാടനത്തിനെത്തിയ തമിഴ്നാട് സ്വദേശിനിയായ കുട്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: