ന്യൂദല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് എന്നും വിവാദമായിരുന്നു. ഒരു സംസ്ഥാനത്തിനു മാത്രം കൂടുതല്‍ അധികാരവും അവകാശവും നല്കുന്ന ഇതിനെതിരെ ശക്തമായ വികാരവുമുണ്ടായിരുന്നു. ഭരണഘടന പൂര്‍ണ്ണമായും നടപ്പാക്കാന്‍ പോലും ആകാത്ത തരത്തിലുള്ള വ്യവസ്ഥകളാണ് 370 മൂലം അവിടെ നിലനിന്നിരുന്നത്. രാജ്യത്തെ ഇതര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ മാത്രം സ്ഥലം വാങ്ങാനാവില്ല.
ഈ അവകാശത്തിന്റെ മറവിലാണ് അവിടെ ഭീകര പ്രവര്‍ത്തനം തഴച്ചു വളര്‍ന്നതും വിഘടന വാദം തടിച്ചുകൊഴുത്തതും. പാക് ഭീകരരും ഭീകരസംഘടനകളും നാട്ടുകാരായ ഭീകരരും ചേര്‍ന്ന് ഒരു വിഭാഗത്തെ കൊന്നൊടുക്കി. അവരുടെ സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇരകളാക്കി. അങ്ങനെ അവരെ തുരത്തി.
ഇതിനൊരു മാറ്റം ദേശീയ പ്രസ്ഥാനങ്ങളെല്ലാം വളരെയേറെ ആഗ്രഹിച്ചിരുന്നു. 370ാം വകുപ്പ് നീക്കണമെന്നായിരുന്നു കാലങ്ങളായ ആവശ്യം. പക്ഷെ മാറി മാറി ഭരിച്ച കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാരുകള്‍ ആവശ്യം തള്ളി. 370ാം വകുപ്പ് എടുത്തു കളയുക ഒരിക്കലും നടക്കില്ല എന്ന വാദം എന്നും ശക്തമായിരുന്നു. ഇത് നീക്കിയാല്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന ഭീഷണികളും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരുണ്ടെങ്കില്‍ എന്തും സാധിക്കും എന്നതിന് തെളിവായി ഭരണഘടനയുടെ 370ാം വകുപ്പ്. ഭീകരരെയും വിഘടന വാദികളെയും രാജ്യവിരുദ്ധ നിലപാടുള്ളവരെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയുമെന്ന് തെളിഞ്ഞത് 2019 ആഗസ്ത് ആറിനാണ്. അന്നാണ് 370ാം വകുപ്പ് നീക്കുന്ന ഉത്തരവ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് പു
റപ്പെടുവിച്ചത്.
അങ്ങനെ 70 വര്‍ഷമായി രാജ്യത്തിന് തലവേദനയായി മാറിയിരുന്ന ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം വകുപ്പ് വെറും ഓര്‍മ്മയായി മാറി. അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കശ്മീരില്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷ വെറും അഞ്ചു മാസത്തിനുള്ളില്‍ പിന്‍വലിച്ചു. വിഘടന വാദികളുടെയും ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുടെയും കരുതല്‍ തടങ്കലുകള്‍ പോലും മാസങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ചു.
370ാം വകുപ്പ് നീക്കിയതിനൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു കശ്മീര്‍ പുനസംഘടനാ ബില്ലും 2019 ആഗസത് അഞ്ചിന് പാര്‍ലമെന്റ് പാസാക്കി. ആഗസ്ത് അഞ്ചിന് ലോക്സഭയും ആറിന് രാജ്യസഭയും ബില്‍ പാസാക്കി.
ജമ്മുകശ്മീനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടായി വിഭജിക്കുകയും ചെയ്യുന്ന ബില്ലായിരുന്നു ഇത്. ഇതിനൊപ്പം ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഇവിടെ സ്വത്ത് വാങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു.
370 നീക്കിയതും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആക്കിയതും പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ചകളും വന്‍ ശബ്ദകോലാഹലങ്ങളും ഉണ്ടാക്കി. ക്രമേണ അവയെല്ലാം കെട്ടടങ്ങി. 370ാം വകുപ്പു നീക്കം ചെയ്യുന്നതിന് പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിച്ച അമിത് ഷാ പറഞ്ഞു, ജമ്മു കശ്മീരിനെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ജീവന് നല്‍കും. പിന്നെ ലോകം കണ്ടു കശ്മീരിന്റെ മാറ്റം. ലാല്‍ ചൗക്കിലെ ക്ലോക് ടവറില്‍ പിന്നെ പാക് പതാക ഉയര്‍ന്നില്ല…എപ്പോഴും ഭാരതത്തിന്റെ അഭിമാനമായ ദേശീയ പതാക പാറിക്കളിച്ചു…
പ്രതിപക്ഷനേതാക്കളും വിഘടന വാദികളും ഹര്‍ജികളുമായി സുപ്രീം കോടതിയില്‍ എത്തി. 370 നീക്കിയതും കേന്ദ്ര ഭരണ പ്രദേശമാക്കിയതും നിയമസഭ പിരിച്ചുവിട്ടതും ചോദ്യം ചെയ്ത് 27 ഹര്‍ജികളാണ് ലഭിച്ചത്. ഇവയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെയും നിയോഗിച്ചു. ഹര്‍ജികളില്‍ 16 ദിവസം വിപുലമായി വാദം കേട്ട കോടതി ഇന്നലെ ഹര്‍ജികളെല്ലാം തള്ളി. 370ാം വകുപ്പ് താത്ക്കാലികമാണെന്നു വിധിച്ച കോടതി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതും ജമ്മുകശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതും അംഗീകരിച്ചു. അടുത്ത സപ്തംബറിനു മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശവും നല്കി.
സമാധാനത്തിന്റെ പാതയില്‍
ഭീകരതയെ അതിശക്തമായി നേരിടുകയും ജമ്മുകശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ നടപടികള്‍ എടുക്കുകയും ചെയ്തതോടെ അവിടം ഇന്ന് പഴയ നിലയിലേക്ക് മടങ്ങുകയാണ്. കല്ലേറുകള്‍ നിലച്ചു. വെടിവയ്പ്പുകള്‍ വളരെക്കുറഞ്ഞു. ഭീകരപ്രവര്‍ത്തനവും ഏറെക്കുറെ തീര്‍ന്നുകഴിഞ്ഞു. സംസ്ഥാനം വിനോദ സഞ്ചാരത്തിന്റെ മടങ്ങിവരവിലാണ്. ലക്ഷക്കണിക്കിന് വിനോദ സഞ്ചാരികള്‍ ഇപ്പോള്‍ അവിടെ എത്തിത്തുടങ്ങി. ഇതോടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടു, വരുമാനമുണ്ടായിത്തുടങ്ങി. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ നിന്ന് ഭീകര പ്രവര്‍ത്തനം പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് നരേന്ദ്ര മോദിയും അമിത് ഷായും.
പണ്ഡിറ്റുകളും മടങ്ങുന്നു
ഭീകരത കത്തി നിന്ന കാലത്ത് പലായനം ചെയ്തു ദല്‍ഹിയിലും ഉത്തര ഭാരതത്തിന്റെ പല ഭാഗങ്ങളിലും അഭയാര്‍ഥികളായ പണ്ഡിറ്റുകള്‍ക്കായി പ്രത്യേക പുനരധിവാസ പദ്ധതികളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അവരുടെ മാസ ശമ്പളം കൂട്ടിയ സര്‍ക്കാര്‍ അവര്‍ മടങ്ങിവരാന്‍ ജോലിയടക്കമുള്ള സഹായങ്ങളും ചെയ്തു നല്‍കുന്നുണ്ട്. നൂറുകണക്കിനാ
ള്‍ക്കാര്‍ മടങ്ങിവന്നു കഴിഞ്ഞു. അഭയാര്ഥികളായിരുന്ന കൂടുതല്‍ പേര് സ്വന്തം നാട്ടിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുമ്പോഴാണ് കേന്ദ്ര നടപടിക്ക് സുപ്രീം കോടതിയുടെ അകമഴിഞ്ഞ പിന്തുണ ഇപ്പോള്‍ ലഭിച്ചത്.
ലഡാക്കിന് അംഗീകാരം
ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ നിന്ന് ചില ഭാഗങ്ങള്‍ കൂട്ടിയിണക്കി ലഡാക്ക് എന്ന കേന്ദ്ര ഭരണ പ്രദേശം സൃഷ്ടിച്ചതിനെ സുപ്രീം കോടതി അംഗീകരിച്ചു. 370 ാം വകുപ്പ് നീക്കിയതിന് എതിരായ 27 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജികളില്‍ 16 ദിവസമാണ് വാദം കേട്ടത്. സപ്തംബര്‍ അഞ്ചിനാണ് വിധി പറയാന്‍ കേസ് മാറ്റിയത്. 370ാം വകുപ്പ് നീക്കിയതിന് എതിരെ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായത് ലോകപ്രശസ്ത അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്, ദുഷ്യന്ത് ദവെ, ഗോപാല്‍ ശങ്കരനാരായണന് തുടങ്ങിയവരാണ്.
സമ്പൂര്‍ണ്ണ സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിനെയും ലഡാക്കിനെയും മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചും രാഷ്ട്രപതിയുടെ ഉത്തരവുകള്‍ വഴിയും കേന്ദ്രം ഭിന്നിപ്പിച്ചുവെന്നായിരുന്നു ഇവരുടെ വാദം. ഇത് ഫെഡറലിസത്തിനെതിരായ ആക്രമണമാണെന്നും ഭരണഘടനക്കു മേല്‍ നടത്തുന്ന തട്ടിപ്പാണെന്നും വെര അവര്‍ പറഞ്ഞു. ഇതാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: